By MS Praveen

പത്തനംതിട്ട:വെടിയുണ്ടകൾ കൊണ്ട് നിശബ്ദരാക്കപ്പെട്ടവരുടെ പട്ടിക ഗാന്ധിയിൽ നിന്ന്‌ ഗൌരിയിലേക്ക്‌ നീളുന്നു. അത് നമുക്ക് കാട്ടിത്തരുന്നത് വികസന പുറം മോടികൾക്ക്‌ പിന്നിൽ ഒളിപ്പിച്ചുവച്ച കാക്കി ട്രൗസർ ധരിച്ചവന്റെ കടപ്പല്ലിൽ നിന്നും ഇറ്റിവീഴുന്ന ചോരക്കറയാണ് . ഗൗരി ലങ്കേശ് ഹിന്ദുത്വക്കെതിരെ ഉയർത്തിയിരുന്ന ശക്തമായ വാദങ്ങളുടെ മൂർച്ച തന്നെയാണ് അവരുടെ കൊലപാതകത്തിലേക്ക് നയിച്ചത്. കഴിഞ്ഞ നവംബറിൽ ബിജെപി എം.പി പ്രഹ്ലാദ് ജോഷി സുമർപ്പിച്ച ഒരു അപകീർത്തി കേസിൽ ഗൗരി ആറ് മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു, പിന്നീട് ജാമ്യം ലഭിച്ചു. 2008 ജനുവരി 23 ന്‌ ജോഷിയെ അപകീർത്തിപ്പെടുത്തുന്ന ഒരു കുറിപ്പ് പ്രസിദ്ധീകരിച്ചു എന്നതായിരുന്നു ഗൗരിക്കെതിരെയുള്ള കേസ്.

2008 ല്‍ കര്‍ണാടക പൊലീസ് നടത്തിയ റെയ്ഡില്‍ വ്യാജ സ്വര്‍ണം വില്‍ക്കുന്ന ഒരു റാക്കറ്റിനെ പിടികൂടിയിരുന്നു. ഈ സംഘത്തില്‍ ചില ബിജെപി നേതാക്കള്‍ ഉണ്ടെന്ന തരത്തില്‍ വിവരം പുറത്തു വന്നിരുന്നെങ്കിലും പൊലീസിന് ആരെയും പിടികൂടാന്‍ സാധിച്ചില്ല. എന്നാല്‍ ഗൗരി എഡിറ്ററായ കന്നഡ ടാബ്ലോയിഡില്‍ 2008 ജനുവരി 23 നു പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഈ സംഘത്തില്‍ ബിജെപി നേതാക്കളായ പ്രഹ്ലാദ് ജോഷി, വെങ്കിടേഷ് മിസ്ട്രി, ഉമേഷ് ദുഷി, ശിവാനന്ദ് ഭട്ട് എന്നിവര്‍ക്ക് പങ്കുണ്ടെന്ന് എഴുതിയിരുന്നു. ഇതിനെതിരേയാണ് തങ്ങളെ അപമാനിക്കുന്ന വാര്‍ത്ത എഴുതിയെന്ന പരാതിയുമായി ദര്‍വാഡ് എം പി കൂടിയായ പ്രഹ്ലാദ് ജോഷി, ഉമേഷ് ദുഷി എന്നിവര്‍ കോടതിയില്‍ കേസ് നല്‍കിയത്.

ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ദി വയര്‍.കോമിന് നല്‍കിയ അഭിമുഖത്തില്‍ ഗൌരി ലങ്കേഷ് പറഞ്ഞു, “വിയോജിക്കാനുള്ള അവകാശമാണ് ഇവിടെ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നത്”. കനയ്യാ കുമാർ ഗൗരിയെ ‘അമ്മ’ എന്ന് വിളിക്കുമായിരുന്നു . ക്ഷോഭിക്കുന്ന, കലഹിക്കുന്ന യൗവ്വനങ്ങളെ ദത്തെടുത്തിരുന്നു ഈ അമ്മ. തന്റെ ഫെയ്സ് ബുക്ക് പ്രോഫൈലിൽ ഹൈദരാബാദ് സർവ്വകലാശാലയിൽ ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ ചിത്രം ‘കുറ്റവാളികളെ ശിക്ഷിക്കുക’ എന്ന അടിക്കുറിപ്പോടെ വെക്കുമ്പോൾ ഗൗരി ലങ്കേശ് യുദ്ധം പ്രഖ്യാപിച്ചിരുന്നത് സംഘപരിവാറിനോട് തന്നെയാണ്.

കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ചു നടന്ന പ്രക്ഷോഭങ്ങളില്‍ മുന്നണിയില്‍ ഉണ്ടായിരുന്ന ഗൌരി അന്നേ സംഘപരിവാറിന്റെ നോട്ടപ്പുള്ളികളില്‍ ഒരാളായിരുന്നു.എഴുത്തുകാരനും ചിന്തകനുമായ എം.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോള്‍ ബജ്രംഗ് ദള്‍ നേതാവ് ബുവിത് ഷെട്ടി ഇങ്ങനെ ട്വീറ്റ് ചെയ്തു, “ഹിന്ദുയിസത്തെ പരിഹസിക്കൂ, പട്ടിയെ പോലെ മരിച്ചു വീഴൂ” .. കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിന് മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ ലിംഗണ്ണ സത്യാംപ്ടെ കൊല്ലപ്പെട്ടത്. പിന്നീട് നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഡോ. യു ആര്‍ അനന്തമൂര്‍ത്തിക്കും കല്‍ബുര്‍ഗിക്ക് ശേഷം ഡോ. കെ എസ്  ഭഗവാനും എതിരെ കൊലവിളി നടത്തിയ സംഘപരിവാരം ഇപ്പോഴിതാ ഗൌരി ലങ്കേഷിനെ  നിശബ്ദയാക്കിയിരിക്കുന്നു.
ഇൗ കൊലപാതകങ്ങളിൽ എല്ലാം അന്വേഷകർ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന ഒരുപാട് സാമ്യങ്ങൾ മുഴച്ചു നിൽക്കുന്നു. കൊലപാതകം ചെയ്ത രീതി “മോഡസ് ഓപേറണ്ട.. അത് എല്ലായിടത്തും ഒന്നുതന്നെയാണ്. കൊലയുടെ കാരണം..”മോടീവ്” അതും ഭയാനകമാം വിധം സമരൂപ്യമുള്ളതാണ്.. ഗാന്ധിയും ധബോൾക്കറും പാൻസാരെയും കലബർഗിയും ഇപ്പൊൾ ഗൗരിയും കൊല്ലപ്പെട്ടത് ഒരേപോലെ.. പിസ്റ്റൽ ഉപയോഗിച്ച്.. ക്ലോസ് റേഞ്ച് , അല്ലെങ്കിൽ പോയിന്റ് ബ്ലാങ്കിൽ നിന്ന്.. ഗാന്ധിയുടെ ഒഴികെ മറ്റെല്ലാവരുടെയും കൊലപാതകികൾ വന്നതും രക്ഷപ്പെട്ടതും ബൈക്കിൽ.. കൊലയുടെ കാരണം “ഹിന്ദുത്വ ഭീകരതക്ക് എതിരായി നാവും തൂലികയും ചലിപ്പിച്ചു”

പ്രശസ്ത നാടകകൃത്തും ഫാസിസ്റ്റ്‌ വിരുദ്ധ പോരാളിയുമായിരുന്ന യൂജിൻ യെനസ്കോയുടെ കാണ്ടാമൃഗം എന്ന ഫാസിസ്റ്റ്‌ ഇമേജിനോട്‌ കടപ്പാട്‌ രേഖപ്പെടുത്തിക്കൊണ്ട് ശ്രീ ജോയ് മാത്യൂ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് കൂടി ചേർക്കുന്നു…

“കാണ്ടാമൃഗങ്ങൾ അങ്ങിനെയാണ്

അവർ ആദ്യം പുസ്തകങ്ങൾ

നിരോധിക്കും..

പിന്നെ അവ അക്ഷരങ്ങളെ

കുളമ്പ് കൊണ്ട്‌ ചവിട്ടിയരക്കും ..

എന്നിട്ടും

മതിയായില്ലെങ്കിൽ

വായനശലകളും

വിദ്യാലയങ്ങളും

എന്തിനു സർവ്വകലാശാകൾ വരെ

തീയിട്ട്‌ ചാമ്പലാക്കും-

അതിനും മുൻപേ

അഗ്നിയിൽ നിന്നും

ചിന്തകൾ പൂക്കളായി,

പിന്നെ പൂന്തോട്ടമായി

മനുഷ്യരുടെ മനസ്സിലും

മണ്ണിലും നിറഞ്ഞുകഴിഞ്ഞത്‌

പൂക്കളുടെ സുഗന്ധത്തേക്കാൾ

ചോരയുടെ നാറ്റം

മാത്രം ഇഷ്ടപ്പെടുന്ന

കാണ്ടാമൃഗങ്ങൾക്കറിയില്ലല്ലൊ-…

അതിനാൽ

ഇനി അവർക്ക്‌ ആകെ ചെയ്യാനുള്ളത്‌

പൂക്കളുടെ ഉറവിടം വെടിയുണ്ടയാൽ

തകർക്കുക എന്നതാണ്…

എന്നാൽ അവറ്റകൾക്കറിയില്ലല്ലൊ

ഒരു വെടിയുണ്ടക്കും

തോൽപ്പിക്കാനാവാത്തതാണ്

സ്വേഛാധിപത്യത്തിനെതിരായ

ചെറുത്തുനിൽപ്പുകളെന്ന്,

ഒറ്റയാൾ പോരാട്ടങ്ങളെന്ന്-..

മനുഷ്യന്റെ ചിന്താസ്വാതന്ത്ര്യത്തിനെ

രക്തത്തിൽ മുക്കിക്കൊല്ലുന്നഎല്ലാ കാണ്ടാമൃഗങ്ങളും തുലയട്ടെ-”

കാണ്ടാമൃഗങളുടെ ഒടുവിലത്തെ ഇര ഗൗരി ലങ്കേഷിന്‌ അഭിവാദ്യങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *