തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങളുടെ ചരിത്രത്തില്‍ ആദ്യമായി 6 ദളിതര്‍ അടക്കം 36 അബ്രാഹ്മണ ശാന്തിമാരെ നിയമിച്ചത് ഒരു നിശബ്ദ വിപ്ലവം തന്നെയാണ്.

പി എസ് സി മാതൃകയില്‍ എഴുത്തുപരീക്ഷയും, അഭിമുഖവും നടത്തിയാണ് പാര്‍ട്ട് ടൈം ശാന്തി തസ്തികയിലേക്കുള്ള നിയമനപട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്.
അഴിമതിക്ക് അവസരം നല്‍കാതെ മെറിറ്റ് പട്ടികയും, സംവരണ പട്ടികയും ഉള്‍പ്പെടുത്തി നിയമനം നടത്തണമെന്ന് ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പട്ടികജാതി – പട്ടിക വര്‍ഗ വിഭാഗങ്ങള്‍ മലനട ദുര്യോധന ക്ഷേത്രം പോലുള്ള ചില മലദേവ ക്ഷേത്രങ്ങളില്‍ മാത്രമാണ് നേരത്തെ പൂജാ കര്‍മ്മങ്ങള്‍ ചെയ്തിരുന്നുള്ളൂ.
ദേവസ്വം ബോര്‍ഡ് വക ക്ഷേത്രങ്ങള്‍ മാത്രമല്ല ട്രസ്റ്റുകളുടെയും മറ്റും അധീനതയിലുള്ള പ്രധാന ദേവക്ഷേത്രങ്ങളിലൊന്നും ദളിത് വിഭാഗത്തെ ശാന്തിയായി നിയമിക്കുമായിരുന്നില്ല.
ചില സംഘടനകളുടെയും കുടുംബങ്ങളുടെയും വക ക്ഷേത്രങ്ങളില്‍ പിന്നാക്ക സമുദായക്കാരെയോ, ദളിതരെയോ ക്ഷേത്രത്തിലെ കഴകം ഉള്‍പ്പെടെയുള്ള അകംജോലികളില്‍ ഒന്നും തന്നെ നിയമിക്കാത്ത സാഹചര്യമാണ്.

ക്ഷേത്ര പ്രവേശന വിളംബരം വഴി അവര്‍ണര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചിട്ട് പതിറ്റാണ്ടുകള്‍ കഴി‍ഞ്ഞെങ്കിലും ക്ഷേത്ര ശ്രീകോവിലുകള്‍ അവര്‍ണര്‍ക്ക് അപ്രാപ്യമായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ഭരണഘടന പ്രകാരമുള്ള സംവരണം ശാന്തി നിയമനത്തില്‍ നടപ്പാക്കി ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ് ഇപ്പോള്‍.എന്നാല്‍ സംവരണത്തിന്റെ ബലത്തില്‍ മാത്രമല്ല ഈ നിയമനം. താന്ത്രിക പരിശീലനം നേടിയ ആചാരാനുഷ്ഠാനങ്ങള്‍ അറിയാവുന്നവരെ തന്നെയാണ് നിയമിക്കുന്നത്.

നേരത്തെ ഇത്തരം പൂജാദികര്‍മ്മങ്ങളില്‍ പ്രാവീണ്യമില്ലാത്തവരെ വരെ മേല്‍സമുദായത്തില്‍ പെട്ടവരെന്ന പരിഗണനയില്‍ കൈക്കൂലി വാങ്ങി നിയമിക്കുന്ന പതിവുണ്ടായിരുന്നു. ആ അഴിമതിക്ക് കൂടിയാണ് ഇത്തവണ നമ്മള്‍ തടയിട്ടിരിക്കുന്നത്.

രാജ്യമാകെ ഈ നിശബ്ദവിപ്ലവം അറിയിച്ച ദേശീയ ചാനലുകള്‍ അടക്കമുള്ള എല്ലാ മാധ്യമങ്ങളോടും നന്ദിയുണ്ട്.ഈ തീരുമാനത്തെ നല്ല സ്പിരിറ്റില്‍ ഉള്‍ക്കൊണ്ട് ആവേശപൂര്‍വ്വം പിന്തുണ അറിയിച്ച പ്രിയനടന്‍ കമലാഹാസന്‍,ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന്‍ തുടങ്ങിയ പ്രമുഖരോട്. എല്ലാത്തിനുപരി ഈ തീരുമാനത്തിനെ വരവേറ്റ കേരള സമൂഹത്തോട് കേരളത്തിന്റെ ദേവസ്വം മന്ത്രി എന്ന നിലയില്‍ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ആകെ 62 ശാന്തിമാരെയാണ് പുതിയതായി നിയമിച്ചത്. ഇതില്‍ മുന്നോക്ക വിഭാഗത്തില്‍ നിന്ന് 26 പേര്‍ മെറിറ്റ് പട്ടിക പ്രകാരം ശാന്തി നിയമനത്തിന് യോഗ്യത നേടി.
പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് 36 പേരാണ് നിയമനപട്ടികയില്‍ ഇടം നേടി. ഇതില്‍ 16 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. പട്ടിക ജാതി വിഭാഗത്തില്‍ നിന്ന് ആറ് പേരെ ശാന്തിമാരെ നിയമിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ചരിത്രത്തില്‍ ആദ്യമായാണ്.

Leave a Reply

Your email address will not be published. Required fields are marked *