തിരുവനന്തപുരം:കേരളത്തില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ  സര്‍ക്കാര്‍ സഹായത്തോടെ കൊലപ്പെടുത്തുന്നതായി സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം. കേരളത്തെ മോശമായി ചിത്രീകരിക്കാന്‍ ബോധപൂര്‍വമായ ശ്രമമാണിതെന്നാണ് നിഗമനം. വാട്സ് ആപ് വഴിയും ഫേസ്ബുക്ക് വഴിയുമുള്ള പ്രചാരണത്തില്‍ ഭയപ്പെട്ട് തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു. കോഴിക്കോട് ജില്ലയില്‍ മാത്രം നാലുദിവസത്തിനിടെ ഇരുനൂറോളം പേര്‍ മടങ്ങിയതായാണ് വിവരം.  

  ഇതര സംസ്ഥാന തൊഴിലാളികളെ ഭയപ്പെടുത്തുന്ന ശബ്ദ സന്ദേശങ്ങളും ചോര വാര്‍ന്ന് അതി ഭീകരാവസ്ഥയില്‍ മരിച്ച് കിടക്കുന്ന ഏതോ തൊഴിലാളികളുടെ ചിത്രങ്ങളുമാണ് പ്രചരിക്കുന്നത്. കൊലപാതകങ്ങള്‍ക്ക് കേരള സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും സന്ദേശത്തിലുണ്ട്. 

7736721682, 7625019470, 9074020286 എന്നീ നമ്പറുകള്‍ അഡ്മിനായിട്ടുള്ള ഗ്രൂപ്പുകളിലൂടെ ഹിന്ദി, ബംഗാളി ഭാഷകളിലായാണ് ശബ്ദ മെസേജുകള്‍ പ്രചരിക്കുന്നത്. ‘കേരളത്തില്‍ ഹിന്ദിക്കാര്‍ക്കെതിരെ വലിയ പ്രശ്നങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മാളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാള്‍ മുറിയില്‍ വിശ്രമിക്കുമ്പോള്‍ കൊല്ലപ്പെട്ടു. കേരളത്തില്‍ ഹിന്ദിക്കാരാണ് മലയാളികളെക്കാള്‍ കുറഞ്ഞ കൂലിക്ക് ജോലിയെടുക്കുന്നത്. അതുകൊണ്ട് മലയാളികള്‍ക്ക് ജോലി നഷ്ടപ്പെടുന്നു. ഹിന്ദിക്കാരായ തൊഴിലാളികളെ ഇല്ലാതാക്കാന്‍ കേരള സര്‍ക്കാരിന്റെ പിന്തുണയുണ്ട്’. എന്നാണ് ഒരു ശബ്ദസന്ദേശത്തിലുള്ളത്.
കേരളത്തിലെ ബംഗാളികള്‍ അറിയാനായി എന്ന പേരില്‍ മറ്റൊരു ശബ്ദരേഖയും പ്രചരിക്കുന്നു. ‘കേരളത്തില്‍ വന്‍ പ്രശ്നങ്ങളാണ് നടക്കുന്നത്. ആരാണ് അക്രമത്തിന്റെ പിന്നിലെന്ന് അറിയില്ലെന്നും’ ഇതില്‍ പറയുന്നു. എല്ലാ സന്ദേശങ്ങളുടെയും അവസാനത്തില്‍ ഇവ വാട്സ് ആപ് വഴിയും ഫേസ്ബുക്ക് വഴിയും പരമാവധി പ്രചരിപ്പിക്കണമെന്നും അഭ്യര്‍ഥിക്കുന്നുണ്ട്. ഈ സന്ദേശങ്ങള്‍ക്കൊപ്പം മലയാളികള്‍ കൊലപ്പെടുത്തിയതെന്നപേരില്‍ പത്തോളം ഇതര സംസ്ഥാന തൊഴിലാളികളുടെ  ചിത്രങ്ങളും പ്രചരിക്കുന്നു. എന്നാല്‍, ഇതാരുടെ ഫോട്ടോ ആണെന്നോ എവിടെവച്ചാണ് കൊല്ലപ്പെട്ടതെന്നോ പറയുന്നില്ല.

കോഴിക്കോട് നഗരത്തിലെ ഹോട്ടലുകളില്‍നിന്ന് ഒരു കാരണവുമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികള്‍ വിട്ട് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടമകള്‍ അന്വേഷിച്ചപ്പോഴാണ് കൂട്ടക്കൊലചെയ്യുമെന്ന സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഈ ഫോട്ടോകളും സന്ദേശങ്ങളും തൊളിലാളികളുടെ നാട്ടിലും എത്തുന്നുണ്ട്. ഇതേ തുടര്‍ന്ന് ജോലിമതിയാക്കി തിരികെ എത്തണമെന്ന് രക്ഷിതാക്കളും ഭാര്യമാരും കരഞ്ഞ് പറഞ്ഞ് നിര്‍ബന്ധിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. തൊഴിലെടുത്തതിന്റെ കൂലിപോലും വാങ്ങാതെയാണ് പലരും നാട്ടിലേക്ക് വണ്ടികയറിയത്. 
സംസ്ഥാനത്തൊട്ടാകെ 35 ലക്ഷത്തോളം ഇതര സംസ്ഥാന തൊഴിലാളികള്‍ തൊഴിലെടുക്കുന്നുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്. ഇവരുടെ കൂട്ടത്തോടെയുള്ള തിരിച്ചുപോക്ക് സംസ്ഥാനത്തെ നിര്‍മാണ മേഖലയെയും ഹോട്ടല്‍ വ്യവസായത്തേയും സാരമായി ബാധിക്കും. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ സ്വന്തം നാട്ടില്‍ തിരിച്ചെത്തിയാല്‍ അവിടെ ജോലിചെയ്യുന്ന മലയാളികള്‍ക്ക് ഭീഷണിയാകുമെന്ന ആശങ്കയുമുണ്ട്. 

വ്യാജ പ്രചാരണത്തിനെതിരെ പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നതിനെ സര്‍ക്കാര്‍ അതീവ ഗൌരവത്തോടെയാണ് കാണുന്നത്. ഇതിന്റെ ഉറവിടമാണ് പൊലീസ് അന്വേഷിക്കുന്നത്. അതോടൊപ്പം പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കുന്നു.
ഉത്തരേന്ത്യയാണ് ഇത്തരം സന്ദേശങ്ങളുടെ ഉറവിടമെന്നും പൊലീസ് അന്വേഷണം തുടരുകയാണെന്നും സ്പെഷ്യല്‍ ബ്രാഞ്ച് അസി.കമീഷണര്‍ വി എം അബ്ദുള്‍ വഹാബ് പറഞ്ഞു.

എന്നാൽ ഈ കുപ്രചരണങ്ങൾ യഥാർത്ഥത്തിൽ ബാധിക്കുവാൻ പോകുന്നത്‌ കേരളത്തിൽ നിന്ന് വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിനു മലയാളികളെയാണു.കേരളത്തിലെ ജനങ്ങളെ പോലെ ചിന്തിക്കുവാനോ സത്യാവസ്ഥ മനസിലാക്കാനോ ശ്രമിക്കാത്തവരാണു മറ്റ്‌ സംസ്ഥാനങ്ങളിലെ ജനങ്ങൾ എന്ന് ഇത്‌ പോലെ വ്യാജ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ ഒക്കെ തന്നെ കലാപങ്ങൾ പൊട്ടിപുറപ്പെട്ടിട്ടുള്ളത്‌ തെളിയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *