തിരുവനന്തപുരം:കേരളത്തിലെ ജനങ്ങള്‍ എല്ലാക്കാലത്തും ജനാധിപത്യത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ കമല്‍. ഫാസിസ്‌റ്റ് ശക്തികള്‍ക്കെതിരെ പോരാടാന്‍ സാധാരണ ജനങ്ങളുടെ മനസ് തന്നെയാണ് ഏറ്റവും വലിയ ശക്തിയെന്നും കമല്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് സംഘപരിവാര്‍ അക്രമത്തിനും വ്യാജ പ്രചരണത്തനും എതിരെ സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംസാരിക്കാനും ഭക്ഷണം കഴിക്കാനും ചിന്തിക്കാനും പരസ്‌പരം സ്‌നേഹിക്കാനുമുള്ള സ്വാതന്ത്ര്യം നാം ബാഹ്യ ശക്തികളുടെ നിയന്ത്രണത്തിന് വിട്ടുകൊടുക്കില്ല എന്ന് നാം തന്നെ തീരുമാനിക്കണം. ബഹുസ്വരത എന്ന മഹത്തായ ആശയമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി എന്നും കമല്‍ പറഞ്ഞു. 

ഒരുപാടു പേര്‍ രക്തം ചിന്തി നേടിയതാണ് നമ്മുടെ സ്വാതന്ത്ര്യമെന്ന് നടന്‍ പ്രേംകുമാര്‍ പറഞ്ഞു. അതിനുമേലാണ് ഫാസിസ്‌റ്റുകള്‍ കടന്നുകയറുന്നത്. നമ്മുടെ സ്വാതന്ത്ര്യമാണ് നമ്മുടെ പ്രാണന്‍ എന്ന് നാം തിരിച്ചറിയണം. ആ സ്വാതന്ത്ര്യം ഇല്ലാതായാല്‍ പിന്നെ പൂജ്യമായി മാറും. രാജ്യത്തെമ്പാടും ഫാസിസത്തിനെതിരെ ഉയരുന്ന ആര്‍ത്തിരമ്പലില്‍ എന്റെ ശബ്ദം കൂടി ഞാന്‍ ചേര്‍ത്തുവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖരായ നിരവധി സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകരാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. 

ഗാന്ധിജിയെ കൊന്ന ഗോഡ്സേക്കായി ആര്‍എസ്എസ് അമ്പലം പണിയുമെന്ന് പറയുന്നതായി പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്‌തുകൊണ്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞിരുന്നു. ഗുജറാത്ത് കലാപത്തിന് നേതൃത്വം നല്‍കിയത് മോഡിയും ഉമാഭാരതിയും അദ്വാനിയുമാണ്. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ 20 ലക്ഷം കമ്മ്യൂണിസ്‌റ്റുകാരെയാണ് കൊന്നൊടുക്കിയത്. ഹിറ്റ്‌ലറുടെ ആശയങ്ങളാണ് മോഡി മുന്നോട്ടുവെക്കുന്നതെന്നും കോടിയേരി ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.പി.ഐ.എം നേതൃത്വത്തിൽ ഇന്ന് ഇത്തരം പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചിട്ടുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *