കാൺപൂർ:ഉത്തരേന്ത്യന്‍ സ്ത്രീകള്‍ കൈയിലെ കിലുങ്ങുന്ന വളകളും നോക്കി,ചുവപ്പ് നിറത്തിലെ കസവ് സാരിയുമുടുത്ത്‌ മാനത്തെ ചന്ദ്രന്‍റെ വരവും കാത്തിരിക്കുന്ന സമയമാണിന്ന്.
അങ്ങേയറ്റം കാല്‍പ്പനികവും പ്രണയാതുരവുമായതെന്ന്‍ ആദ്യം തോന്നുന്ന ഒരു ആചാരം.എല്ലാവരും സ്വന്തം ഇഷ്ടത്തോടെ, മനസ്സോടെ വ്രതമെടുക്കുന്നു എന്ന് വിശ്വസിച്ചിരുന്ന കാലമത്രയും എനിക്കും ഇതൊരു രസകരമായ ആഘോഷമായി തോന്നിയിരുന്നു.
പിന്നീട് ,തുറന്നു പറച്ചിലിന്റെ അടുപ്പത്തിലേയ്ക്ക് വളരുന്ന സൗഹൃദങ്ങൾ ഉണ്ടായപ്പോള്‍, അവരില്‍ നിന്നും പകല്‍ മുഴുവന്‍ പൊള്ളുന്ന വയറിന്‍റെ നീറ്റലും ദീര്‍ഘ നിശ്വാസങ്ങളും നേരിട്ടറിഞ്ഞതിന് ശേഷം ഓരോ കർവാ ചൗഥും എന്നെയും പൊള്ളിച്ചു തുടങ്ങി.

എത്രയെത്ര ആചാരങ്ങളുടെ ബലിയാടുകളാണ് നമ്മള്‍ സ്ത്രീകള്‍ എന്ന് അവരുടെ വാടിയ മുഖം കാണുമ്പോഴെല്ലാം മരവിപ്പ് തികട്ടി വരും.
ജോലിയ്ക്ക് പോകുന്നവര്‍,കുട്ടികള്‍ക്ക് മുലയൂട്ടുന്നവര്‍, വീട്ടിലെ ജോലികള്‍ക്കിടയില്‍ നെട്ടോട്ടമോടുന്നവര്‍,ഓരോ സ്ത്രീയും ഇതൊക്കെ ആണ്.തന്‍റെ ഒരു ദിവസത്തെ വിശപ്പിലൂടെ ഭര്‍ത്താവിന്‍റെ ആയുസ്സ് നീളുമെന്ന് പണ്ട് കാലം മുതലേ അവളെ പറഞ്ഞു ധരിപ്പിച്ചിട്ടുണ്ട്. തനിക്ക് വേണ്ടി വ്രതമെടുക്കുന്ന ഭാര്യ ഭര്‍ത്താവിന് അഭിമാനം ആണ്.
ഒരാഴ്ച മുന്‍പേ തന്നെ ഇതൊരു ഉത്സവ കാലം പോലെയും കർവാ ചൗഥിനു വേണ്ടിയും മാര്‍ക്കറ്റുകള്‍ തയ്യാറായി തുടങ്ങും. തുണി കടകളില്‍ ചുവന്ന നിറമുള്ള സാരികള്‍ തൂങ്ങി തുടങ്ങും.വഴിയോരമെല്ലാം പല നിറങ്ങളിലെ കുപ്പിവളകള്‍ നിരത്തിയ ഉന്തുവണ്ടികളുമായി കച്ചവടക്കാര്‍ നിരന്നു നില്‍ക്കും.വഴിയെ കടന്നു പോകുന്ന ഓരോ പെണ്ണിന്റെ മുന്പിലെയ്ക്കും വലയുടെ കെട്ടുകള്‍ നീട്ടി അവര്‍ ആകാംഷ നിറയ്ക്കും.മൈലാഞ്ചി കൂടുകള്‍ നിറഞ്ഞ ചില്ലുപെട്ടികളുള്ള കടകളും അവളെ കാത്തിരിക്കും. അവിടെ ചുവന്ന ചായം നിറച്ച ആല്‍ത്ത കുപ്പികള്‍ ഉണ്ടാവും. പൂജയ്ക്ക് മുൻപ്‌ കണംകാലില്‍ ചുവന്ന നിറമെഴുതി അവള്‍ക്ക് അടിമുടി ഒരുങ്ങേണ്ടതുണ്ട്.

ഭര്‍ത്താവിനെ പിരിഞ്ഞ ഏതോ ഭാര്യ,കൃഷ്ണ പക്ഷത്തിലെ പൂര്‍ണ്ണ ചന്ദ്ര ദിവസത്തിന് നാല് നാളുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ആയുസിനു വേണ്ടി വ്രതമിരുന്നു എന്നൊക്കെയുള്ള പലവിധ മിത്തുകള്‍ ഒന്നും തന്നെ അവള്‍ക്ക് പരിചയം ഉണ്ടാകണമെന്നില്ല. ഗോതമ്പ് മണികള്‍ പൂജയ്ക്കുള്ള മണ്‍ കുടത്തില്‍ എന്തിന് വെക്കുന്നുവെന്നും അവള്‍ ആലോചിക്കാറില്ല. എല്ലാവരും ചെയ്യാറുണ്ട്. എല്ലാവർക്കും ചെയ്തേ പറ്റൂ.അത്രയേ അവള്‍ക്ക് അറിയൂ.

ഒരു പകലിന്‍റെ അധ്വാനത്തിന് ശേഷം സന്ധ്യ ചുവന്നു തുടങ്ങുമ്പോള്‍ കുളി കഴിഞ്ഞ് അവള്‍ തയ്യാറെടുത്തു തുടങ്ങും. ചുവന്ന സാരി ഉടുക്കുംമ്പോള്‍ അവളുടെ വിശന്ന വയറിനു എന്തൊരു ഭാരം എന്ന് തോന്നുന്നുണ്ടാവും. കാലിലെ ചുവപ്പ് മഷിയുടെ ഉത്സവത്തിലേക്ക്‌ വെള്ളി പാദസരവും വിരലില്‍ മിഞ്ചിയും കൂട്ട് ചേരും.കണ്ണാടിയില്‍ നോക്കി വീണ്ടും വീണ്ടും അവള്‍ മുഖമൊരുക്കും. സാരി തലപ്പ്‌ തല മൂടി ഇടണം,അല്ലെങ്കില്‍ അഹങ്കാരി എന്ന് പഴി കേള്‍ക്കേണ്ടി വരും.
തയ്യാറായി അവള്‍ ഇനി ചാണകം മെഴുകിയ തറയില്‍ പൂജയ്ക്കുള്ള ഒരുക്കം നടത്തും. ഓരോ വീടും തങ്ങളുടെ പാരമ്പര്യത്തില്‍ ഇങ്ങനെ ആണ്,അത് നീയും ചെയ്യണം എന്ന് നിയമങ്ങള്‍ കൊണ്ട് അവൾക്ക്‌ ചുറ്റും നൃത്തം ചെയ്യും.

തളര്‍ന്നു പോകുന്ന കണ്ണുയര്‍ത്തി അപ്പോഴേയ്ക്കും അവള്‍ ഇടയ്ക്കിടെ മാനത്ത് നോക്കി തുടങ്ങും. ഉറഞ്ഞു കൂടുന്ന കാര്‍മേഘങ്ങള്‍ കണ്ടാല്‍ അതിന്‍റെ മൂടല്‍ അവളുടെ മുഖത്താവും പടരുന്നത്.
ഒടുവില്‍,ആകാശ കീറില്‍ ഇത്തിരി നിലാ വെളിച്ചം തട്ടിയാല്‍ അവള്‍ തന്‍റെ വൃതത്തിനാല്‍ ആയുസ്സ് നീണ്ട പ്രിയപ്പെട്ടവനെ ആഹ്ലാദത്തോടെ വിളിച്ചു അടുത്ത് നിര്‍ത്തും.തയ്യാറാക്കി വച്ച അരിപ്പയിലൂടെ ചന്ദ്രനെ നോക്കിയ ശേഷം അതിലൂടെ തന്നെ ഭര്‍ത്താവിനേയും നോക്കും. ശേഷം ,ഭര്‍ത്താവ് കൊടുക്കുന്ന വെള്ളം കുടിച്ച് അവള്‍ തന്‍റെ ശരീരത്തോട് മാപ്പിരക്കും.
അന്ന് രാത്രി വീണ്ടും അവള്‍ക്ക് കല്യാണത്തിന് ശേഷമുള്ള ആദ്യരാത്രി എന്ന് മറ്റുള്ളവര്‍ അടക്കം പറഞ്ഞു കളിയാക്കുമ്പോള്‍ നാണം നടിച്ച്‌ നല്ല ഭാര്യയായി കിടക്കയിലേയ്ക്ക് മടങ്ങുമ്പോള്‍ ആയുസ്സില്‍ നിന്നൊരു ദിവസം ഇങ്ങനെ തീര്‍ക്കേണ്ടി വന്ന പെണ്ണെന്ന ദുർഗ്ഗതിയിൽ അവള്‍ മയങ്ങി പോകും.

ഭാര്യയുടെ ആരോഗ്യത്തിനോ,സന്തോഷത്തിനോ ഒരു നിയമവും എഴുതി ചേര്‍ക്കാത്ത മതങ്ങളുടെ വിഡ്ഢിത്തങ്ങള്‍ക്ക് ഒരു മാറ്റവും വരാന്‍ പോകുന്നില്ല.അരിപ്പയിലെ ആയിരം ചെറിയ സുഷിങ്ങളിലൂടെ കാണുന്ന മങ്ങിയ ഒന്നാണ് അവള്‍ക്ക് ജീവിതം.അത്,വിശപ്പിനു പകരം നിറമുള്ള കുപ്പിവളകള്‍ കിട്ടിയാല്‍ മതിയെന്ന് പറഞ്ഞു കാല്‍പ്പനികത നിറയ്ക്കാന്‍ വിധിയ്ക്കപ്പെട്ടതാണ്.
പിന്നിലേയ്ക്ക് നടക്കുന്ന ഈ കെട്ട കാലത്ത് ഈ ഒരു ദുരാഘോഷം കൂടി കേരളത്തിലെ സ്ത്രീകളില്‍ പതിയെ പതിയെ അടിച്ചേൽപ്പിക്കപെടുമോ എന്നൊരു ഭയത്തോടെ ഇനിയും ഉദിക്കാത്ത ചന്ദ്രനെ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *