കുമളി:മഴയും തണുപ്പും കവിത നെയ്യുന്ന നാട്ടിൽ ഒരു കവിതാ ക്യാമ്പ് നടക്കുമ്പോൾ ഒരർഥത്തിൽ ഭാവാത്മകമായ, അതിമനോഹരങ്ങളായ രണ്ടു ഭാഷകളുടെ സമ്മേളനം കൂടിയാണ് അത്.

വരുന്ന പതിമൂന്ന്, പതിനാല്, പതിനഞ്ച് തീയതികളിൽ തേക്കടി പെരിയാർ ടൈഗർ റിസർവ്വിന്റെയും ,തേക്കടി ചൈതന്യാ ഫിലിം സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കുമളിയിൽ ആണ് ‘പോയറ്റിക് സർക്കിൾ ‘ എന്ന് പേരിട്ടിരിക്കുന്ന തമിഴ്‌-മലയാളം കവിതാ ക്യാമ്പ് അരങ്ങേറുന്നത്.

എഡിറ്റർമാരുടെ കട്ടിലിൽ കാലും തലയും ഛേദിക്കപ്പെട്ടു കിടക്കുവാൻ മറ്റു സാഹിത്യ രൂപങ്ങളെ പോലെ കവിതയും പരിശ്രമിച്ചു തുടങ്ങുന്ന ഇക്കാലഘട്ടത്തിൽ, എഴുത്തിന്റെ ലോകത്ത് തനിച്ചായിപ്പോയവരേയും , തഴപെട്ടവരെയും , ഒന്നിച്ചു കണ്ടെടുത്ത് , അവരെ സാഹിത്യ മേഖലയെ മുഴുവനായി തന്നെ നയിക്കാൻ കഴിയുന്നവിധം പുതു ഭാവുകത്വത്തിലേയ്ക്ക് ഉയർത്തുക എന്നതാണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമാക്കുന്നത്.

പരിപാടിയോട് അനുബന്ധിച്ച്  മലയാളത്തിൽ നിന്നും തമിഴിൽ നിന്നുമുള്ള നൂറോളം കവിതകൾ അവതരിപ്പിക്കാനും , കുമളിയിലും പരിസര പ്രദേശങ്ങളിലുമുള്ള സ്കൂളുകളിലെയും കോളേജുകളിലെയും സാഹിത്യതൽപരരായ വിദ്യാർത്ഥികളെയും അവരുടെ സൃഷ്ടികളെയും പരിചയപെടുത്താനും വേണ്ട ക്രമീകരണങ്ങളും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്.

നിരവധി മലയാളം തമിഴ് കവികളുടെ സാന്നിധ്യവും ക്യാംപിൽ ഉണ്ടായിരിക്കും. ഒപ്പം മലയാളത്തിലെ പുതുമുഖ എഴുത്തുകാരുടെ പുസ്തക പ്രകാശനവും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്.

കോഡിനേറ്റർമാരായ സന്ദീപ് കെ രാജ് , ബിനു എം പള്ളിപ്പാട് , ക്യാമ്പ് ഡയറക്ടർ എസ് കണ്ണൻ എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം കൊടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *