കണ്ണൂർ:അടൂർ പെരിങ്ങനാട്‌ ശിവക്ഷേത്രത്തിലെ അഴിമതിയുമായി ബന്ധപെട്ട കേസിൽ ഒന്നാം പ്രതിയായ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവും ഈ ക്ഷേത്രത്തിലെ മുൻ ഭരണസമിതി പ്രസിഡന്റുമായ ടി.ആർ അജിത്‌ കുമാർ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്‌  കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിലെ പ്രധാന സംഘാടകൻ.ക്ഷേത്ര ഭരണം വിശ്വാസികളെ ഏൽപ്പിക്കണമെന്ന മുദ്രാവാക്യം കൂടി മുൻ നിർത്തി നടത്തുന്ന ഈ ജാഥയിൽ ഇദ്ദേഹത്തെ ജാഥാ അംഗമായി പങ്കെടുപ്പിക്കുന്നതിനെതിരെ ബി.ജെ.പി പത്തനംതിട്ട ജില്ലാ നേതൃത്വം സംസ്ഥാന ഭാരവാഹികളെ അതൃപ്തി അറിയിച്ചതായാണു സൂചന.കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പങ്കെടുത്ത ജാഥയിലും സജീവ സാന്നിധ്യമായിരുന്നു മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ കൂടിയായ ശ്രീ.അജിത്‌ കുമാർ.മുൻപ്‌ അടൂർ പെരിങ്ങനാട്‌ തൃചേന്ദമംഗലം ശിവക്ഷേത്ര ഭരണ സമിതി അംഗമായിരുന്ന ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാലു ഭാരവാഹികൾ ലക്ഷങ്ങളുടെ അഴിമതി നടത്തിയതുമായി ബന്ധപെട്ട്‌ ക്ഷേത്രത്തിലെ നിലവിലെ ഭരണ സമിതി നൽകിയ കേസിൽ ഈയിടെ അടൂർ ഒന്നാം ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിൽ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം കൂടിയായ ഇദ്ദേഹത്തെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.

കുറ്റകരമായ ഗൂഡാലോചന നടത്തിയ പ്രതികൾ ക്ഷേത്രത്തിനും വിശ്വാസികൾക്കും ഒൻപത്‌ ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടാക്കി അന്യായ ലാഭം കൊയ്തു എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണു പോലീസ്‌ സമർപ്പിച്ചിരിക്കുന്നത്‌.ഈ കേസ്‌ നിലവിൽ വിചാരണ ഘട്ടത്തിലാണു.

അപ്രതീക്ഷിതമായി പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതാണു വ്യാപകമായ ക്രമക്കേടുകൾ പുറത്ത്‌ വരാൻ ഇടയാക്കിയത്‌.നിരവധി കൃമക്കേടുകൾ പുതിയ ഭരണ സമിതി നേതൃത്വം കണ്ടെത്തി.കോടികൾ ചിലവിട്ട്‌ നിർമ്മിച്ച നാലമ്പലവും നമസ്ക്കാര മണ്ഡപവും ചോരുന്ന അവസ്ഥയിലാണുള്ളതെന്ന് ഇവർ പറയുന്നു.സദ്യാലയത്തിൽ പാകിയ തറയോടുകൾ വാങ്ങിയതിലും ക്രമക്കേടുകൾ ഉള്ളതായി അറിയുന്നു.കണക്കുകൾ സംബന്ധിച്ച്‌ യാതൊരു വിധ സുതാര്യതയും ഇല്ല എന്നും പറയപെടുന്നു.

നാലമ്പല നിർമ്മാണത്തിനായി വാങ്ങിയ ചെമ്പ്‌ പാളികൾ മറിച്ചു വിറ്റു എന്നതിന്റെ പേരിൽ പുതിയ ഭരണസമിതി നൽകിയ കേസിലാണു കുറ്റപത്രം സമർപ്പിക്കപെട്ടിട്ടുള്ളത്‌.ഈ ഇടപാടിൽ തന്നെ ഒൻപത്‌ ലക്ഷം രൂപയുടെ ക്രമക്കേട്‌ നടന്നിട്ടുണ്ടെന്ന് പോലീസ്‌ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്‌.
നാലമ്പലത്തിന്റെ നിർമ്മാണത്തിനായി തടി ഉരുപ്പടികൾ വാങ്ങിയതിലും വ്യാപക ക്രമക്കേടുള്ളതായി പുതിയ ഭരണ സമിതി കണ്ടെത്തിയിട്ടുണ്ട്‌.നിർമ്മാണാവശ്യത്തിനായ്‌ വാങ്ങിയത്‌ 410.6 ക്യുബിക്ക്‌ അടി തേക്ക്‌ തടിയാണു.ഇതിനായി ക്ഷേത്രത്തിൽ നിന്നും ചിലവാക്കിയതായി പഴയ ഭരണ സമിതി അംഗങ്ങൾ പറയുന്നത്‌ 30 ലക്ഷം രൂപയാണു.പുതിയ ഭരണ സമിതി പ്രസിഡന്റായ ബി.ശ്രീകുമാറിന്റെ നേതൃത്ത്വത്തിൽ ഭരണ സമിതി അംഗങ്ങൾ ഒറ്റപ്പാലം ലക്കിടിയിൽ നടത്തിയ അന്വേഷണത്തിൽ അലിഫ്‌ ടിംബർ മാർട്ട്‌ എന്ന സ്ഥാപനത്തിൽ നിന്നാണു ഉരുപ്പടികൾ വാങ്ങിയതെന്ന് അറിയാൻ കഴിഞ്ഞു.നേരിട്ട്‌ നടത്തിയ അന്വേഷണത്തിൽ ആകെ അവിടെ നിന്ന് വാങ്ങിയത്‌ വെറും 12.53 ലക്ഷം രൂപയ്ക്കുള്ള തടി മാത്രമാണെന്ന് വ്യക്തമാവുകയും ചെയ്തു.ബിൽ കോപ്പി ലഭിച്ച പ്രകാരം പുതിയ ഭരണ സമിതി അംഗങ്ങൾ ഈ വിവരങ്ങൾ വിശദമാക്കി പൊതുയോഗ നോട്ടീസ്‌ പുറത്തിറക്കുകയും വിശ്വാസികളുടെ യോഗം വിളിച്ച്‌ ചേർത്ത്‌ വസ്തുതകൾ പുറത്ത്‌ വിടുകയും ചെയ്തു.

ക്ഷേത്ര ഭരണ സമിതി വിശ്വാസികൾക്കായി പുറത്തിറക്കിയ ക്രമക്കേടുകൾ വിശദമാക്കിയുള്ള പൊതുയോഗ നോട്ടീസ്‌

അമ്പലത്തിലെ വഴിപാടുകളിലും സംഭാവനാ രസീതിലും വ്യാപകമായി ക്രമക്കേട്‌ നടന്നിട്ടുള്ളതായും അമ്പലത്തിലെ സദ്യാലയവും കല്യാണ മണ്ഡപവും വാടകയ്ക്ക്‌ നൽകിയതിൽ വരെ അഴിമതി നടന്നിട്ടുണ്ടെന്നും പുതിയ ഭരണസമിതി പറയുന്നു.

ലക്ഷങ്ങളുടെ ക്രമക്കേട്‌ നടന്നിട്ടും കേസ്സിൽ ഒന്നാം പ്രതിയായി വിചാരണ നേരിടുന്ന ഘട്ടമായിട്ടും സംസ്ഥാന നേതൃത്വം ഇദ്ദേഹത്തിനെതിരെ ചെറുവിരൽ അനക്കിയിട്ടില്ല എന്ന് ബി.ജെ.പി ജില്ലാ നേതൃത്വത്തിലെ ചിലർ പറയുന്നു.വിഭാഗീയതയുടെ ഭാഗമായി ഇദ്ദേഹത്തെ ചിലർ സംരക്ഷിക്കുന്നു എന്നാണു ഇവരുടെ ആരോപണം.

ക്ഷേത്ര സംരക്ഷണം വിശ്വാസികൾക്ക്‌ നൽകണമെന്ന ആവശ്യവും ജനരക്ഷാ യാത്രയിൽ ശക്തമായി മുന്നോട്ട്‌ വയ്ക്കുന്ന ബി.ജെ.പി സംസ്ഥാന ഘടകം ക്ഷേത്ര ക്രമക്കേടുമായി ബന്ധപെട്ടുള്ള കേസിലെ ഒന്നാം പ്രതിയെ ജാഥയുടെ പ്രധാന ഭാഗമാക്കിയതിലെ അനൗചിത്യം ജില്ലാ നേതാക്കൾ സംസ്ഥാന നേതൃത്ത്വത്തിനെ അറിയിച്ചു എന്നാണു അറിവ്‌.ഇതോടെ ബി.ജെ.പി ജാഥയുടെ പ്രധാന മുദ്രാവാക്യമായ ക്ഷേത്ര സംരക്ഷണം എന്നതിന്റെ പ്രസക്തി പോലും നഷ്ടപെട്ട സ്ഥിതിയിലാണു.കഴിഞ്ഞ ദിവസം യു.പി മുഖ്യമന്ത്രിക്കൊപ്പം മുൻ നിരയിൽ നിന്ന് ജനരക്ഷാ യാത്ര നയിച്ച ആൾ കൂടിയാണു ആരോപണവിധേയൻ.

Leave a Reply

Your email address will not be published. Required fields are marked *