പത്തനംതിട്ട:നിതാന്ത ജാഗ്രതയുടെ ഫാസിസ്റ്റ് കണ്ണുകൾ ഇന്ത്യയുടെ മുകളിൽ തൂങ്ങിയാടികൊണ്ടിരിക്കുകയാണ്. 

ഇതിനെതിരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുന്നതാണ് സംഘപരിവാർ ഉള്ളിലേറ്റുന്ന വെറുപ്പിന്റെയും ശത്രുതയുടെയും അജണ്ട .

സവർണ്ണ ഹിന്ദുത്വ രാഷ്ട്രം എന്ന ആശയം മുന്നോട്ടു വെച്ചു കൊണ്ട് ദേശദ്രോഹികൾ ദേശസ്നേഹികൾ എന്ന ഫാസിസ്റ്റ് സമവാക്യത്തെ അവഗണിച്ചു ജനതയുടെ അടിസ്ഥാന അവകാശങ്ങൾക്ക് ഒപ്പം നിൽക്കുന്നവർ തെരുവിൽ വെടിയേറ്റ് വീണുകൊണ്ടിരിക്കുകയാണ് . ഇത്തരത്തിലുള്ള കൊലപാതകങ്ങളുടെ ഉത്തരവാദികളെ പിടികൂടാൻ ഭരണകൂടം പരാജയപ്പെടുമ്പോൾ അത് അക്രമികളുടെ ആശയങ്ങൾക്ക് കൂടുതൽ ധൈര്യവും പ്രോത്സാഹനവും നൽകുന്നു .

 ബുദ്ധിമാനായ രാജാവ് ആദ്യം തകർക്കുക ശത്രു രാജ്യത്തെ പുസ്തകശാലകൾ ആയിരിക്കും എന്ന പഴമൊഴി പോലെ ഇത്തരക്കാർ സാഹിത്യ മേഖലയെ നിരന്തരമായി വേട്ടയാടുകയാണ് .

ഗാന്ധിയുടെ ഇടനെഞ്ചിൽ പതിച്ച വെടിയുണ്ടായുടെ ചീളുകൾ ഗൗരി ലങ്കെഷിൽ വരെ എത്തി നിൽക്കുന്നു.ഇനി ആര് എന്ന ചോദ്യവുമായി !!

ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ചില ഓര്മപ്പെടുത്തലുകൾ ആയി അടയാളങ്ങൾ ആയി നിലനിൽക്കാൻ ആണ് അവർ ആഗ്രഹിക്കുന്നത് .

അവസാനമായി നടന്ന കൊലപാതകങ്ങൾ എടുത്ത് പരിശോധിച്ചാൽ തന്നെ ഡോ.ധബോൽക്കർ, ഗോവിന്ദ് പൻസാരെ ,ഡോ .കൽബുർഗി ,ഗൗരി ലങ്കേഷ്‌ …ഇവരുടെ എല്ലാം കൊലപാതകങ്ങൾ സാദൃശ്യം ഉള്ളവ ആയിരുന്നു..ഇവർക്കെല്ലാം തന്നെ വധഭീഷണി ഉണ്ടായിരുന്നു .

പ്രഭാത സവാരിക്ക് ഇടയിൽ മോട്ടോർ സൈക്കിളിൽ എത്തിയ രണ്ടുപേരിലൊരാൾ ആണ് ക്ലോസ് റേഞ്ചിൽ വെടി ഉതിർത്ത് ധബോൾകരുടെ ചോര ചീന്തിയത് .

പ്രഭാത സവരിക്കിടയിൽ തന്നെ ആണ് ഗോവിന്ദ് പൻസാരെക്കു എതിരെയും വെടി ഉതിർത്തത് .

കൽബുർഗി മരിച്ചത് ഒരു പ്രഭാതത്തിൽ ആയിരുന്നു .

മോട്ടോർ സൈക്കിളിൽ എത്തി ബെൽ അമർത്തി മുൻ വിദ്യാര്ഥി ആണ് എന്ന വ്യാജേന കൽബുർഗി യുടെ മുന്നിലെത്തി വെടി ഉതിർത്തത് .

ഒരു വെടിയുണ്ട കൊണ്ട് തീർക്കുവാൻ ഒരു പക്ഷെ സാധിച്ചേക്കാവുന്ന ഗൗരിക്ക് നേരേ 7 തവണ ആണ് വെടി ഉതിർത്തത് .3 mm വെടിയുണ്ടകൾ ആണ് ഗൗരിലങ്കേഷ്ന്റെ  ശരീരത്തിൽ നിന്നും കിട്ടിയത് .

ഇവർ ചെയ്ത തെറ്റുകളായി അവർ ചൂണ്ടികാട്ടുന്നതാണ് ശ്രദ്ധിക്കപ്പെടേണ്ടത് ,

നൂറിലേറെ പുസ്തകങ്ങൾ രചിച്ചതും വചന സാഹിത്യം സമാഹരിച്ച് എഡിറ്റ് ചെയ്ത് 22 ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ മുൻകൈ എടുത്തത് ആയിരുന്നു 77 വയസുകാരനായ  കൽബുർഗി ചെയ്ത തെറ്റ് .

81 വയസുകാരനായ ഗോവിന്ദ് പൻസാരെ ചെയ്ത തെറ്റോ 21 പുസ്തകങ്ങൾ രചിച്ചതും ശിവജിയെ പറ്റി ആധികാരികമായി ജീവചരിത്രം എഴുതിയതുമാണ് .

66 വയസ്സുകാരനായ ഡോ.നരേന്ദ്ര ധബോൽക്കർ മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരെ നിരന്തരം ബോധവത്കരണങ്ങൾ നടത്തിയത് .

ഗൗരി ലങ്കേഷ്‌ വർഗീയ ഫാസിസത്തെ ചോദ്യം ചെയ്തത് ആയിരുന്നു കാരണം .

ഇത്തരത്തിൽ നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുൻപിൽ ഉണ്ട് .

പെരുമാൾ മുരുകന് അർദ്ധനരീശ്വരൻ എഴുതിയത്തിന് ശേഷം എഴുത്തു നിർത്തുന്നു എന്ന് പ്രഖ്യാപിക്കേണ്ടി വന്ന സാഹചര്യവും,ഭീതിയുടെ നിഴലിൽ ഗിരീഷ് കർണാടിനെ പോലെയും K.S ഭഗവാനെ പോലെ ഉള്ളവരെയും ഒതുക്കാൻ ശ്രമിച്ചതും  എം.എഫ്  .ഹുസൈൻ മുതൽ നിപിൻ  നാരായണൻ എന്ന ചിത്രകാരന് വരെ ഉണ്ടായ അനുഭവങ്ങൾ നിരവധി സാഹിത്യകാരന്മാർ തങ്ങൾക്ക് ലഭിച്ച പുരസ്‌കാരങ്ങൾ തിരികെ നൽകിയത് ഒക്കെ നമ്മുടെ മുൻപിൽ ഉള്ള സാംസ്കാരിക മേഖലയിലേക്കുള്ള ഫാസിസത്തിന്റെ കടന്ന് വരവിന്റെ ഉദാഹരണങ്ങൾ ആണ് .

 എഴുത്തുകളിലെ ദീർഘ വീക്ഷണം എല്ലാ കാലവും ഫാസിസ്റ്റുകളെ ഭയപ്പെടുത്തിയിട്ടുണ്ട്.അത്തരത്തിൽ വ്യക്തമായ രാഷട്രീയമുള്ള എഴുത്തുകളെ സാഹിത്യത്തിൽ നിലനിന്ന ചരിത്രവും ഉണ്ടായിട്ടുള്ളു.. ബ്രിട്ടീഷ്കാർ തന്നെ വിലപ്പെട്ട പല ഗ്രന്ഥങ്ങളും ഇന്ത്യയിൽ നിന്ന്‌ ഇല്ലാതാക്കി എന്ന്‌ ചരിത്രകാരന്മാർ വിലയിരുത്തിയിട്ടുണ്ട് . 

കോർപ്പറേറ്റ് മൂലധനവും ഭരണകൂടവുമായുള്ള ലയനത്തിൽ ഉൾതിരിയുന്ന ഫാസിസത്തിനു മൂർച്ച കൂടുതലാണ്. അവിടെയാണ് ഫാസിസത്തിനു ഭയം ജനിക്കുന്നത് ,അതിർത്തിയിലുള്ള ഭയം,കലാപങ്ങളോടും ജനങ്ങളോടും ഉള്ള ഭയം ,ശബ്ദം ഉയർത്തുന്നവരോടുള്ള ഭയം അങ്ങനെ അവർക്ക് ഭയം ആകുന്നു പ്രവർത്തനത്തിന്റെ അച്ചുതണ്ട് .

ഇവിടെയാണ് സാംസ്കാരിക മേഖലയിലേക്കുള്ള കടന്ന് കയറ്റം ആരംഭിക്കുന്നത്. 

ഫിനാൻസ് മൂലധനത്തിന്റെ നഗ്നമായ ഏകാധിപത്യം ആണെങ്കിലും പ്രതിലോമപരമായ ദേശീയതയുടെ അക്രമസപ്തമായ ഭാഗമാണെങ്കിലും ഇതിനെ കൃത്യമായി ചെറുത്തുതോല്പിക്കാൻ സാധിക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു മാത്രം ആണ് .നിശ്ശബ്ദരാക്കപ്പെടുന്നവരുടെ അവസാനത്തെ ആശ്രയമായി ഇവർ മാറുന്നതും അതുകൊണ്ട് ആണ് . 

കേരളത്തിലെ മതേതരത്വത്തെ പുകഴ്ത്തി ഗൗരി ലങ്കേഷ്‌ ഇട്ട പോസ്റ്റുമായി ഇതിനെ കൂട്ടി വായിക്കാവുന്നതാണ് .

ചെറുത്തുനിൽപ്പുകളുടെ എഴുത്തുകൾ പിറന്നുവീഴുകയാണ് നമ്മുടെ ഇടയിൽ…കെ ആർ മീരയുടെ അവസാനം ഇറങ്ങിയ ബുക്ക് ആയ ഭഗവാന്റെ മരണവും സംഘപരിവാറിനെ ചോടിപ്പിച്ചിട്ടുണ്ട് എന്ന് സോഷ്യൽ മീഡിയയിലെ ചർച്ചകളിൽ കാണാൻ കഴിയുന്ന വസ്തുത ആണ് .

പുസ്തകങ്ങൾക്കും മാധ്യമങ്ങൾക്കും  നേരെ ഫാസിസം പിടിമുറുക്കുമ്പോൾ അവ വളരെ പ്രതിലോമപരമായ ഇടപെടലുകൾ നടത്തുന്നു എന്നത് ഒരു യാഥാർഥ്യം ആണ് .അക്ഷരങ്ങൾക്ക്‌ മുന്നിൽ അലമുറ ഇടുന്നവരെ അക്ഷരങ്ങൾ കൊണ്ട് തന്നെ ചെറുത്തു തോൽപ്പിക്കാം.

2 Replies to “വർത്തമാന കാലഘട്ടത്തിലെ ഇടത് എഴുത്തുകളുടെ പ്രസക്തി”

  1. ഇതില്‍ വന്ന പോസ്റ്റില്‍ ഫാസിസ്റ്റുഭികരതയെ പറ്റിയും പറയുന്നുണ്ട്. ഇതുവരെ മനുഷ്യസമുഹത്തില്‍ ഉണ്ടായിട്ടുള്ള മഹത്തായ ഭാവനയാണ് കമ്മ്യൂണിസ്റ്റു സമുഹം. അത് മനോഹരമായ ഒരു സ്വപനമാണ്. എന്നാല്‍ ഇതുവരെ .0001% പോലും നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ഇന്നും മനുഷ്യസമുഹം ഭുമിയില്‍ സമത്വസുന്ദരമായ ആ സ്വര്‍ഗം സ്വപ്നം കാണുന്നു. മറ്റൊരു പ്രത്യയശാസ്ത്രം ഫാസിസമാണ്. ഇതു 100% എന്നെ പ്രാവര്‍ത്തികമാണെന്ന് തെളിയിച്ചു കഴിഞ്ഞു. കാരണം പ്രപഞ്ചത്തില്‍ ഉള്ള ജീവികളില്‍ ഏറ്റവും ക്രുരനായ ജീവി മനുഷ്യന്‍ ആണ്. മറ്റുള്ളവരേ അടക്കിഭരിക്കാനും അടിച്ചമര്‍ത്താനും ഉള്ള തിവ്രമായ വികാരം കുടിയതോ കുറഞ്ഞതോ ആയി എല്ലാ മനുഷ്യരിലുംഉണ്ട്. അസഹിഷനുതയുടെ ബഹീര്‍സ്പുരണം ജിവിതത്തില്‍ ഒരിക്കല്‍ പ്പോലും പ്രകടിപ്പിക്കാത്ത മനുഷ്യന്‍ ഇല്ല. എല്ലാ ഭരണകുടങ്ങളും ബലപ്രയോഗത്തില്‍ വിശ്വസിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഏറെ കൊട്ടി ഘോഷിക്കുന്ന ആരോപിക്കുന്ന ഫാസിസം ഈ പറയുന്ന എല്ലാ രാഷ്ടിയപ്പാര്‍ട്ടികളിലും ഉണ്ട്. ഇന്ത്യന്‍ ഭരണകുടവും ഭരണകക്ഷിയെയും, പ്രതിപക്ഷത്തെയും ഉള്‍കൊണ്ടതാണ്. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ ജനാധിപത്യവാദികള്‍യെന്നു നടിക്കുന്നവര്‍ ഭരണത്തിലെത്തുമ്പോള്‍ തികഞ്ഞ മര്‍ദ്ദകഭരണസംവിധാനത്തിന്‍റെ സംരക്ഷകള്‍ ആയി മാറുന്നു. (തുടരും)

Leave a Reply

Your email address will not be published. Required fields are marked *