ei0KUBM45781

By എം എസ് പ്രവീൺ

ബാംഗ്ലൂരിൽ സ്ഥിതി ചെയ്യുന്ന ലാഭപ്രോക്തമല്ലാത്ത ഒരു ഗവേഷണ സ്ഥാപനമാണ് പബ്ലിക് അഫയേഴ്‌സ് സെന്റർ ഓഫ് ഇന്ത്യ . അവർ ഓരോ കൊല്ലത്തെയും സംസ്ഥാനങ്ങളുടെ ഭരണ നിർവ്വഹണത്തെ ചില സൂചകങ്ങൾ വച്ച് വിലയിരുത്തി ഗവേഷണ റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കാറുണ്ട്. ജസ്റ്റിസ് എം എൻ വെങ്കിടചെല്ലയ്യ ആണ് അതിന്റെ ബോർഡ് ചെയർമാൻ. അത് ഇവിടെ സൂചിപ്പിക്കുന്നത് അവരുടെ പഠനവും വിലയിരുത്തലും രാഷ്ട്രീയ പ്രേരിതമാണ് എന്ന മുൻവിധിയോടെ അതിനെ കാണാതെ ഇരിക്കാനാണ്. ഇപ്പോൾ നിലവിലുള്ള സ്ഥിതിയിൽ ഈ കൊല്ലത്തെ ഹ്യൂമൻ ഡെവലൊപ്മെന്റ് ഇൻഡക്സ് ആധികാരികമായി പറയുന്ന കൃത്യമായ ട്രാക്ക് റെക്കോർഡ് ഉള്ള സ്ഥാപനം എന്ന നിലയ്ക്കാണ് പബ്ലിക് അഫയേഴ്‌സ് സെന്റർ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പഠന വിധേയമാക്കേണ്ടത്. ഇപ്പോഴത് പഠനവിധേയമാക്കേണ്ടി വരികയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നത് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തിൽ വന്നു നടത്തിയ ഒരു പ്രസ്താവനയുടെ പശ്ചാത്തലത്തിൽ ആണ്. ബിജെപി യുടെ “കേരള രക്ഷാ” യാത്രയിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. സാമൂഹ്യ വികാസ സൂചകങ്ങളിൽ കേരളം ഉത്തർ പ്രദേശിനെ കണ്ടു പഠിക്കണം എന്നാണു യാതൊരു ഉളുപ്പുമില്ലാതെ യോഗി തട്ടിവിട്ടത്. പ്രത്യേകിച്ചും ആരോഗ്യ മേഖലയിൽ.

പബ്ലിക് അഫയേഴ്‌സ് സെന്റർ ഓഫ് ഇന്ത്യ ഭരണ നിർവ്വഹണത്തെ വിലയിരുത്താൻ ഉപയോഗിക്കുന്ന സൂചകങ്ങൾ ഇവയാണ്.

 • അസമത്വത്തിന്റെ തോത്
 • സാമ്പത്തിക സ്വാതന്ത്ര്യം
 • അവശ്യ അടിസ്ഥാന സൗകര്യങ്ങൾ
 • ധനകാര്യ മാനേജ്‌മെന്റ്
 • മാനുഷിക വികസനത്തിന് കിട്ടുന്ന പിന്തുണ
 • സുതാര്യതയും അക്കൗണ്ടബിലിറ്റിയും
 • സാമൂഹ്യ സുരക്ഷ
 • പരിസ്ഥിതി
 • സ്ത്രീകളെയും കുട്ടികളെയും സംബന്ധിക്കുന്ന കാര്യങ്ങൾ
 • നീതിനിർവഹണം
 • ക്രമസമാധാന പാലനം

ഈ സൂചകങ്ങളിൽ വിവിധ സംസ്ഥാനങ്ങളുടെ സ്ഥാനം നമുക്കൊന്ന് പരിശോധിക്കാം .

മൊത്തം കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഒന്നാമത് നിൽക്കുന്ന സംസ്ഥാനം ഉത്തർ പ്രദേശിനെ കണ്ടു പഠിക്കണം എന്ന് യോഗി അധിക്ഷേപിച്ച കേരളമാണ് . കേരളത്തെ സോമാലിയ എന്ന് വിളിച്ചതിനേക്കാൾ വലിയ അധിക്ഷേപമാണ് അത്. കാരണം യോഗിയുടെ ഉത്തർ പ്രദേശിന്റെ സ്ഥാനം ഇരുപത്തി മൂന്നാമതാണ്. മുപ്പത് സംസ്ഥാനങ്ങളാണ് കണക്കിൽ ഉള്ളത് എന്നോർക്കണം. ബിജെപി സഖ്യം ഭരിക്കുന്ന മറ്റു സംസ്ഥാനങ്ങളായ ഹരിയാന പതിനഞ്ചാമതും രാജസ്ഥാൻ പന്ത്രണ്ടാമതും മധ്യപ്രദേശ് പത്തൊമ്പതാമതുമാണ്.

ഇനി വിവിധ സൂചകങ്ങൾ നോക്കാം

അസമത്വത്തിന്റെ അളവിൽ യോഗിയുടെ ഉത്തർപ്രദേശ് കേരളത്തേക്കാൾ ബഹുദൂരം മുന്നിലാണ്. അസമത്വം ഏറ്റവും കുറവ് കേരളത്തിലും തൊട്ടു മുന്നിൽ നിൽക്കുന്നത് സിക്കിമും. അങ്ങനെ മുന്നോട്ട് എണ്ണിയാൽ യു പി പത്തൊമ്പതാമത് വരും . ബിജെപി കാലങ്ങളായി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം അസമത്വം വളരെ കൂടുതലാണ്.അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും യു പി കേരളത്തിന് പുറകിൽ പതിനഞ്ചാം സ്ഥാനത്താണ്. ഒന്നാമത് ഗോവയും രണ്ടാമത് ദില്ലിയുമാണ്. മാനവ വികസനത്തിൽ ഒന്നാമത് കേരളം. യുപിയും ഒന്നാമതുതന്നെ അവസാനത്തേതിൽ നിന്ന് എണ്ണിത്തുടങ്ങണം എന്ന് മാത്രം. ആ സൂചകത്തിലാണ് പൊതുജനാരോഗ്യവും ആരോഗ്യമേഖലയും വരുന്നത് എന്നതാണ് ഏറ്റവും രസകരം.

ഭരണ സുതാര്യതയിലും യോഗിയുടെ സംസ്ഥാനം കേരളത്തിന് പിന്നിലാണ്. സാമൂഹ്യ സുരക്ഷയുടെ കാര്യത്തിൽ കുഞ്ഞു ത്രിപുര രണ്ടാമതും കേരളം നാലാമതും നിൽക്കുമ്പോൾ ഉത്തർപ്രദേശ് പത്തൊമ്പതാമതാണ്. പരിസ്ഥിതിയുടെ കാര്യത്തിൽ ഇരുപത്തിനാലാം സ്ഥാനമാണ് ഉത്തർപ്രദേശിന്‌ ഉള്ളത്. കേരളത്തേക്കാൾ എത്രമാത്രം പിന്നിലാണെന്ന് പറയേണ്ടതുണ്ടോ ? സ്ത്രീകളെയും കുട്ടികളെയും സംബന്ധിച്ച കാര്യങ്ങളിൽ കുഞ്ഞു കടുകുമണിയോളം എന്നെല്ലാം ആക്ഷേപിക്കപ്പെടുന്ന ത്രിപുര രണ്ടാമതും കേരളം മൂന്നാമതും നിൽക്കുമ്പോൾ യോഗിയുടെ ഉത്തർപ്രദേശ് പതിമൂന്നാമതാണ്. നീതിനിർവ്വഹണത്തിന്റെ കാര്യത്തിൽ ഒന്നാമത് ത്രിപുരയും നാലാമത് കേരളവും തലയുയർത്തി നിൽക്കുമ്പോൾ യോഗിയുടെ യുപി ഇരുപത്തിയേഴ് എന്ന പരിതാപകരമായ സംഖ്യയിലേക്ക് മൂക്കുകുത്തുന്നു . ജാർഖണ്ഡും ബിഹാറും മേഘാലയയും മാത്രമാണ് യുപിക്ക് പിന്നിൽ. ഇതിൽ ജാർഖണ്ഡും ബിഹാറും ഭരിക്കുന്നത് ബിജെപി തന്നെ. ക്രമസമാധാന പാലനത്തിൽ കേരളം നാലാമത് നിൽക്കുമ്പോൾ യുപിയുടെ സ്ഥാനം ഇരുപത്തിരണ്ട്.

ആ ഏജൻസിയുടെ കണക്ക് അവർ കേരളത്തെ സഹായിക്കാൻ ഉണ്ടാക്കിയതല്ലെന്നു സുവ്യക്തമാണ്. സാമ്പത്തിക സ്വാതന്ത്ര്യം എന്ന സൂചകത്തിൽ യുപി ഏഴാമതും കേരളം പതിനേഴാമതുമാണ്. ആ സൂചകത്തിൽ നവലിബറൽ നയങ്ങൾ നിർബാധം നടപ്പിലാക്കുന്ന സംസ്ഥാനങ്ങൾ മുൻപിൽ എത്തിയിട്ടുണ്ട്. അതിൽനിന്നുതന്നെ ഈ ഏജൻസിയുടെ സാമ്പത്തിക ശാസ്ത്രപരമായ ചായ്‌വുപോലും മാർക്സിസത്തോടു കടകവിരുദ്ധമാണ് എന്ന് തിരിച്ചറിയാം.ധനകാര്യ മാനേജ്‌മെന്റിൽ കേരളം പുറകിലാകുന്നത് വികസനത്തിന് മനുഷ്യത്വ പരമായ സമീപനമാണ് വേണ്ടത് എന്ന ആശയത്തിൽ നിന്ന് കേരളം അണുവിട മാറാൻ കൂട്ടാക്കാത്തതുകൊണ്ടാണ്. ആഗോളീകരണത്തിനു ബദൽ സൃഷ്ടിക്കുന്ന ധനകാര്യ മാനേജ്മെന്റിനെ പുകഴ്‌ത്താൻ വലതു പക്ഷം ചേർന്ന് നിൽക്കുന്ന സാമ്പത്തിക വിദഗ്ധർക്ക് മടിയുണ്ടാവുക സ്വാഭാവികവുമാണ്.

ഈ സൂചകങ്ങളിൽ നിന്നും യോഗി ആദിത്യനാഥ് ആദ്യം രക്ഷിക്കേണ്ടത് ആരെയാണ് എന്നത് വ്യക്തമാണ്.

ഇനി അദ്ദേഹം സ്വയമേ പമ്പരവിഡ്ഢികളുടെ രാജാവാകാൻ യോഗ്യനാണോ അതോ കേരളത്തിലെ ബിജെപി അദ്ദേഹത്തെ വിദൂഷകവേഷം കെട്ടിച്ചതാണോ എന്നതാണ് അറിയേണ്ടത്. നായ്ക്കോലം കെട്ടിയാൽ കുരയ്ക്കണം എന്ന പഴമൊഴിയും നിർഭാഗ്യവശാൽ മലയാളത്തിൽ ആയിപ്പോയി .കണ്ണന്താനത്തെ മന്ത്രിയാക്കിയത് മുതൽ ഉത്തരേന്ത്യൻ നേതൃത്വത്തോട് കുമ്മനും കൂട്ടരും വളരെ സ്നേഹത്തിലും ആണല്ലോ.

Leave a Reply

Your email address will not be published. Required fields are marked *