തിരുവനന്തപുരം:മംഗളം ചാനലിനെ ചുറ്റി പറ്റി വിവാദങ്ങൾ വീണ്ടും കൊഴുക്കുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ചില ഓൺലൈൻ മാധ്യമങ്ങൾ പുറത്ത്‌ വിട്ട വാർത്തകളുടെ അടിസ്ഥാനത്തിൽ വീണ്ടും മംഗളം ചാനൽ ശ്രദ്ധാകേന്ദ്രമാകുകയാണ്.

ചാനലിന്റെ ക്യാമറാ ഹെഡ്‌ ആയ ഷാഫി സസ്പെൻഷനിലായതാണ് ഒടുവിലത്തെ സംഭവം.ഇയാൾക്കെതിരെ അനവധി പരാതികൾ സ്ഥാപനത്തിനുള്ളിൽ നിന്ന് തന്നെ ഉയർന്നിട്ടുണ്ട്‌.ചാനൽ ഉന്നതന്റെ പേഴ്സണൽ സ്റ്റാഫായ ജീവനക്കാരിയെ കുറിച്ച്‌ മദ്യപിച്ച്‌ ബോധമില്ലാതെ നടത്തിയ ആരോപണങ്ങൾ അവർ ഓഡിയോ അടക്കം പരാതിയായി നൽകിയതാണ് ക്യാമറാ ഹെഡിന്റെ സസ്പെൻഷനു കാരണമായതെന്ന് പറയപെടുന്നു.മാധ്യമരംഗത്തെ അതികായനായിരുന്ന ശ്രീ.എം.സി വർഗ്ഗീസ്‌ ആരംഭിച്ച മംഗളം പത്രത്തിന്റെ ദൃശ്യമാധ്യമരംഗത്തേക്കുള്ള ചുവട്‌ വയ്പ്പ്‌ തന്നെ വിവാദങ്ങളിലൂടെയായിരുന്നു.മാനേജ്മെന്റിനെ  പോലും നിഷ്പ്രഭരാക്കി മംഗളം ചാനലിനെ തന്നെ വിഴുങ്ങുന്ന തലത്തിലേക്കുള്ള ഒരു കോക്കസ്‌ ചാനലിനുള്ളിൽ രൂപപെട്ടിട്ടുണ്ടെന്നും അവരാണു ഈ വിവാദ വാർത്തകളുടെ പിന്നിലെന്നും ചാനൽ വിട്ട്‌ പുറത്ത്‌ പോയവർ പറയുന്നു.

ഇപ്പോൾ പരാതിക്ക്‌ കാരണമായിരിക്കുന്ന ഓഡിയോ ചാനൽ സി.ഇ.ഒയ്ക്കെതിരെ തന്നെ ഉപയോഗിക്കാനുള്ള ഈ ഗൂഡസംഘത്തിന്റെ നീക്കമാണു ഇത്തരം  വാർത്തകളുടെ പിന്നിലെന്ന് അടുത്തിടെ ചാനൽ വിട്ട്‌ പുറത്തെത്തിയവർ പറയുന്നു.
മംഗളത്തിലെ വനിതാ ജീവനക്കാരായ ആരും അവധിയിൽ പ്രവേശിച്ചിട്ടില്ല എന്നാണു അറിയാൻ കഴിഞ്ഞത്‌.ചാനൽ ന്യൂസ്‌ റീഡറായ എസ്‌.വി പ്രദീപ്‌ അവധിയിൽ പ്രവേശിച്ചിട്ടുണ്ട്‌.മംഗളത്തിൽ നിന്ന് മറ്റ്‌ ഓൺലൈൻ ന്യൂസ്‌ പോർട്ടലുകൾക്ക്‌ ഇദ്ദേഹം വാർത്തകൾ ചോർത്തി നൽകുന്നു എന്ന ആക്ഷേപവും ജീവനക്കാർക്കിടയിലുണ്ട്‌.

മംഗളം ചാനൽ CEO ആർ അജിത്ത്‌ കുമാർ ഒന്നാം പ്രതിയായും മംഗളം പത്രത്തിന്റെ ചീഫ്‌ റിപ്പോർട്ടർ ആർ.ജയചന്ദ്രൻ എന്ന എസ്‌.നാരായണൻ രണ്ടാം പ്രതിയായും കേസ്‌ രജിസ്റ്റർ ചെയ്യപെട്ടിരുന്നു.ചാനൽ ലോഞ്ച്‌ ചെയ്യുമ്പോൾ ജനശ്രദ്ധ ആകർഷിക്കുവാനായി സ്റ്റിംഗ്‌ ഓപ്പറേഷൻ നടത്താനായി ഒരു ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചിരുന്നു.ആർ.ജയചന്ദ്രനായിരുന്നു ടീമിന്റെ ചുമതല.ഈയിടെ മംഗളം ചാനലിൽ നിന്ന് പുറത്താക്കപെട്ട കോ-ഓർഡിനേറ്റിംഗ്‌ എഡിറ്റർ ഋഷി കെ മനോജും ഈ ടീമിന്റെ ഭാഗമായിരുന്നു.ടീമിന്റെ ചുമതലയുണ്ടായിരുന്ന മംഗളം പത്രം ചീഫ്‌ റിപ്പോർട്ടർ ആർ ജയചന്ദ്രൻ തയ്യാറാക്കിയ എക്സ്ക്ലൂസീവ്‌ ന്യൂസായിരുന്നു എൻ.സി.പി നേതാവും ഗതാഗത വകുപ്പ്‌ മന്ത്രിയുമായിരുന്ന A.K ശശീന്ദ്രന്റെ രാജിയിലേക്ക്‌ നയിച്ചത്‌.സെക്രട്ടേറിയേറ്റിനെ പോലും ഒരു കാലത്ത്‌ പിടിച്ച്‌ കുലുക്കിയ വ്യാജരേഖാ കേസിലെ ഒന്നാം പ്രതിയുമാണിദ്ദേഹം.വ്യാജ രേഖാ കേസിനു ശേഷം ഇപ്പോൾ മംഗളം ചാനലിലുള്ള ഒരു ഉന്നതന്റെ സഹായത്തോടെ എസ്‌.നാരായണൻ എന്ന പേരിൽ അന്വേഷണാത്മക വാർത്തകൾ ചെയ്ത്‌ ശ്രദ്ധിക്കപെട്ട ആളാണു ജയചന്ദ്രൻ.

ഇത്‌ സ്റ്റിംഗ്‌ ഓപ്പറേഷൻ അല്ല,ഹണീ ട്രാപ്പ്‌ ആണെന്ന് കേരളാ പോലീസ്‌ മുൻപ്‌ കണ്ടെത്തിയിരുന്നു.എന്നാൽ ഹണീ ട്രാപ്പ്‌ പോലും വ്യാജമായിരുന്നു എന്ന് ചാനൽ വിട്ട്‌ പോയവർ പറയുന്നു.മോർണ്ണിംഗ്‌ ഷോ എന്ന പരിപാടിയുടെ ഇന്റർവ്വ്യൂ കവർ ചെയ്യുന്നതിനായി വനിതാ ജീവനക്കാരെ അസൈൻമന്റ്‌ എന്ന പേരിൽ പറഞ്ഞ്‌ വിടുകയും പിന്നീട്‌ അവർ ആണെന്ന  വ്യജേന മറ്റ്‌ ആരെയോ ഉപയോഗിച്ച്‌ കോളുകൾ റെക്കോർഡ്‌ ചെയ്യുകയായിരുന്നു എന്നും ഈ വിഷയത്തിൽ പ്രതിഷേധിച്ച്‌ മംഗളം ചാനൽ ഉപേക്ഷിച്ചവർ പറയുന്നു.

വിശദമായ അന്വേഷണം നടന്നാൽ ഈ വസ്തുതകൾ പുറത്ത്‌ വരുമെന്നും ഇവർ ചൂണ്ടി കാട്ടുന്നു.ഈ വിവാദത്തിൽ ഉൾപെട്ട വനിതാ ജീവനക്കാരി മുൻപ്‌ ആർ.ജയചന്ദ്രനെതിരെ പരസ്യമായി ഫേസ്‌ ബുക്കിൽ കൂടി പ്രതികരിച്ചിരുന്നു.ആരാണ്‌ അന്നത്തെ വിവാദ ഓഡിയോയിൽ ഉള്ളതെന്നത്‌ സംബന്ധിച്ച്‌ ഇന്നും വ്യക്തതയില്ല.

ചാനൽ മാനേജ്മെന്റിനെതിരെ പത്രത്തിലെ ഉന്നതനും ചാനലിലെ ചില ജീവനക്കാരും ചേർന്ന് നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമായാണു ഇപ്പോൾ വരുന്ന വാർത്തകൾ എന്ന് മംഗളം ജീവനക്കാർ പറയുന്നു.പാലു കൊടുക്കുന്ന കൈയ്ക്ക്‌ തന്നെ കൊത്താറുള്ള ഇത്തർക്കാർ കാരണം നാണക്കേട്‌ നിമിത്തം ചാനൽ വിടേണ്ടി വന്നതായി ചില മുൻ വനിതാ ജീവനക്കാർ പറഞ്ഞു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത്‌ മംഗളം പത്രം കേന്ദ്രീകരിച്ചുള്ള ഒരു സംഘം സെക്രട്ടേറിയേറ്റിലെ പല സുപ്രധാന വകുപ്പുകളിലും ഇടപെടാറുണ്ടായിരുന്നു എന്നും പറയപെടുന്നു.

ക്യാമറാ ഹെഡിന്റെ സസ്പെൻഷനുമായി ബന്ധപെട്ട്‌ മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസത്തിന്റെ പേരിലാണു ന്യൂസ്‌ റീഡർ അവധിയിൽ പ്രവേശിച്ചതെന്നാണു സൂചന.മുൻപ്‌ മീഡിയ വണ്ണിലും കൈരളിയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.ഈ വിഷയങ്ങളിൽ ഒക്കെ തന്നെ വ്യക്തമായ നിലപാടെടുക്കാനാകാതെ ഇരുട്ടിൽ തപ്പുകയാണു മംഗളം ചാനൽ മാനേജ്‌മെന്റ്‌.

Leave a Reply

Your email address will not be published. Required fields are marked *