ന്യൂഡല്‍ഹി:ഇന്ത്യയിലെ വിവിധ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന രോഹിന്‍ഗ്യന്‍ ജനതയ്ക്കു വേണ്ടി യുവജന സംഘടനയായ ഡിവൈഎഫ്ഐ  സുപ്രീംകോടതിയില്‍ നിയമ പോരാട്ടത്തിനൊരുങ്ങുന്നു. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളുടെ കുട്ടികളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തി ഡിവൈഎഫ്ഐ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി പ്രശ്നത്തോടുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നിഷേധാത്മകമായ നിലപാട് തിരുത്തിക്കുകയാണ് നിയമ ഹരജിയുടെ ലക്ഷ്യം. ഡിവൈഎഫ്ഐ അഖിലേന്ത്യാലീഗല്‍ സബ് കമ്മിറ്റിക്കു വേണ്ടി അഡ്വ.സുഭാഷ് ചന്ദ്രനാണ് ഹര്‍ജി ഫയല്‍ ചെയ്തത്. സീനിയര്‍ അഭിഭാഷകനും ലോയേഴ്സ് യൂണിയന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ പി വി സുരേന്ദ്രനാഥ്, അഡ്വ.രശ്മിത ആര്‍ ചന്ദ്രന്‍ തുടങ്ങിയവര്‍ ഹാജരാകും.

ഇന്ത്യയില്‍ കഴിയുന്ന മുപ്പതിനായിരത്തോളം രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളില്‍ പന്ത്രണ്ടായിരത്തോളം കുട്ടികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഐക്യരാഷ്ട്രസഭയുടെ 1989 ലെ  കണ്‍വെന്‍ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് പ്രകാരം അഭയാര്‍ത്ഥികളായ കുട്ടികളുടെ അരോഗ്യ- വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ജീവനു ഭീഷണിയുള്ളപ്പോള്‍ അവരെ തിരിച്ച് മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കരുത് എന്നും കണ്‍വെന്‍ഷന്‍ പറയുന്നു.ഇന്ത്യ  ഈ കണ്‍വെന്‍ഷനില്‍ 1992 ല്‍ ഒപ്പു വെച്ചിട്ടുണ്ട്. രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ഡിവൈഎഫ്ഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചിരുന്നു.

രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഡിവൈഎഫ്ഐയുടെ നിയമ പോരാട്ടത്തിനു എല്ലാ വിഭാഗം ജനങ്ങളും പിന്തുണ നല്‍കണമെന്ന് അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസും, ജനറല്‍ സെക്രട്ടറി അവോയ് മുഖര്‍ജിയും അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *