IMG-20171002-WA0059

 

വാക്‌സിനുകളെക്കുറിച്ച് ഒരല്‍പം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും ഒക്ടോബർ 3 മുതല്‍ ഇന്ത്യഒട്ടുക്കു നടക്കാന്‍പോകുന്ന മീസിൽസ്, റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയെക്കുറിച്ച് വലിയ വിവാദങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം സമൂഹ മാധ്യമങ്ങൾ വഴി വ്യാപകമായി നടക്കുമ്പോൾ.

1 . എന്താണ് വാക്‌സിനുകൾ ?

ഒരു നിശ്ചിത രോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ജീവക്കൂട്ടിനെയാണ് വാക്സിൻ എന്നു പറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ് വാക്സിനേഷന്റെ തത്ത്വം.രോഗാണുക്കൾക്കെതിരെ പ്രവർത്തിക്കാൻ ശ്വേത രക്താണുക്കളെ നേരത്തെ സജ്ജമാക്കുകയാണ് വാക്സിനേഷനിൽ ചെയ്യുന്നത്. ആന്റിജനുകളുടെ സാന്നിധ്യം മനസ്സിലാക്കി അവയ്ക്കെതിരെ ഉത്തേജിതമാകുവാൻ ലിംഫോസൈറ്റുകൾക്ക് കഴിവുണ്ട്.ജീവനുള്ളവയും ഇല്ലാത്തവയുമായ രോഗാണുക്കളെ വാക്സിനുകളായി ഉപയോഗപ്പെടുത്തുന്നുണ്ട്. പേപ്പട്ടി വിഷബാധയ്കെതിരെയുള്ള റാബിസ് വാക്സിനുകൾ, പോളിയോ രോഗത്തിനതിരെയുള്ള സാൽക്ക് വാക്സിനുകൾ എന്നിവയിൽ മൃതങ്ങളായ അണുക്കളെയാണ് ഉപയോഗിക്കുന്നത്. ക്ഷയരോഗത്തിനെതിരെയുള്ള ബി.സി.ജി കുത്തിവയ്പിന് ജീവനുള്ളതും നിർവീര്യമാക്കപ്പെട്ടതുമായ രോഗാണക്കളെ ഉപയോഗിക്കുന്നു. വസൂരി രോഗബാധയ്കെതിരെ സജീവമായ ഗോവസൂരി രോഗാണുക്കളെയാണ് ഉപയോഗിച്ചിരുന്നത്. ചില വാക്സിനുകളിൽ രോഗാണുക്കൾ ഉൽപാദിപ്പിക്കുന്ന ടോക്സിനുകൾ നിർവീര്യമാക്കിയാണ് ഉപയോഗിക്കുന്നത്. (ഉദാഹരണം : T T(Tetanus Toxid))

2 . വാക്‌സിനേഷന്റെ ചരിത്രം

വാക്‌സിന്റെ ചരിത്രത്തിന് മനുഷ്യനോളം പഴക്കമുണ്ട്. 1796 ൽ ഇംഗ്ലണ്ടിലെ ബർനിലിയിൽ എഡ്വേർഡ് ജന്നർ എന്ന ഡോക്ടർ ഒരു കറവക്കാരിയുടെ കൈയ്യിലെ കന്നുകാലി പോക്‌സിൽ നിന്നുള്ള പഴുപ്പ്, ജയിംസ് ഫിപ്പ് എന്ന് എട്ടുവയുകാരൻ പയ്യനിൽ കുത്തിവച്ചതാണ് ആദ്യത്തെ വാക്‌സിനേഷൻ എന്നാണ് പുസ്തകങ്ങൾ പറയുന്നത്. ഇതിനും നൂറുക്കണക്കിന് വർഷങ്ങൾക്കുമുമ്പ് ചൈനയിലും മറ്റും കന്നുകാലി പോക്‌സിൽ നിന്നുള്ള പഴുപ്പ് വസൂരിക്കെതിരെയുള്ള പ്രതിരോധ മരുന്നായി ഉപയോഗിച്ചിരുന്നു.ഇംഗ്ലണ്ടിലെ കാർഷിക കുടുംബങ്ങൾക്കുമറിയാമായിരുന്നു, വസൂരിയിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു പ്രധാന മാർഗ്ഗം കന്നുകാലി പോക്‌സിനുപിടികൊടുക്കുക എന്നതാണെന്ന്. വാക്‌സിനേഷൻ എന്ന ചിന്തക്ക് ശാസ്ത്രീയ അടിത്തറ നൽകിയ ഒരു പരീക്ഷണം നടത്തുക മാത്രമാണ് ജന്നർ ചെയ്തത്.തുടർന്നുള്ള ദശകങ്ങൾക്കുള്ളിൽ വാക്‌സിനേഷൻ എന്ന തന്ത്രം പ്രത്യേകിച്ച് വസൂരിക്കെതിരെയുള്ള വാക്‌സിനേഷൻ യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി.വെറും ഇരുപതു വർഷങ്ങൾക്കുള്ളിൽ രാജ്യത്തെ ജനങ്ങളെ മുഴുവൻ വാക്‌സിൻ എടുക്കുന്നതിന് പ്രേരിപ്പിക്കുകയും കുടുംബസമേതം വാക്‌സിനേഷന് വിധേയരാവുകയും ചെയ്തുകൊണ്ട് തിരുവിതാംകൂർ രാജ്ഞി കാട്ടിയ മാതൃകയും ചരിത്രമാണ്. സാമ്യമുള്ള ഒരു രോഗമുണ്ടാക്കുന്ന പഴുപ്പിനെ മറ്റൊരു രോഗം തടയുന്നതിനുള്ള വിദ്യയാക്കുന്നതിനപ്പുറത്ത് മനുഷ്യന്റെ രോഗപ്രതിരോധ ശക്തിയെ സ്വാധീനിച്ച് രോഗങ്ങൾ വരുന്നതു തടയുക എന്ന തന്ത്രത്തിന് അല്ലെങ്കിൽ സയൻസിന് അടിത്തറയായത് 1885 ൽ ലൂയിപാസ്റ്റർ പേപ്പട്ടി വിഷത്തിന് കണ്ടെത്തിയ വാക്‌സിനാണ്. രോഗപ്രതിരോധ കുത്തിവയ്പ്പുകളുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടേണ്ടത് 1960 നും 1970 നും മധ്യേ ലോകാരോഗ്യ സംഘടന വസൂരിക്കെതിരെ സംഘടിപ്പിച്ച പ്രചരണവും അതേ തുടർന്ന് 1978-ാമാണ്ടോടുകൂടി വസൂരി ലോകത്തു നിന്നും വിടപറഞ്ഞതുമാണ്. അതോടുകൂടി മാരക രോഗങ്ങളെ നിർമ്മാർജ്ജനം ചെയ്യുന്നതിന് കുത്തിവയ്പ്പുകൾക്ക് കഴിയും എന്ന തോന്നലിന് മനുഷ്യഹൃദയങ്ങളിൽ വേരൂന്നാൻ കഴിഞ്ഞു. തുടർന്ന് കുട്ടികളുടെ കുത്തിവയ്പിന് കൂടുതൽ പ്രാധാന്യം നൽകിയാൽ അതിലൂടെ കുറെ ഏറെ പകർച്ചവ്യാധികളെ കാലക്രമത്തിൽ നിർമ്മാർജ്ജനം ചെയ്യുന്നതിനും കഴിയും എന്ന് ലോകാരോഗ്യ സംഘടനയ്ക്കും കുട്ടികൾക്കായുള്ള സംഘടനയായ യൂണിസെഫിനും ബോധ്യപ്പെട്ടു. അങ്ങനെ 1974 ഓടു കൂടി എക്‌സ്പാന്റഡ് പ്രോഗ്രാം ഫോർ ഇമ്മ്യൂണൈസേഷൻ (ഇ. പി. ഐ) എന്ന മാർഗ്ഗരേഖ രൂപപ്പെട്ടുവന്നു.തുടർന്നാണ് യൂണിവേഴ്‌സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം എന്ന പേരിൽ കുഞ്ഞുങ്ങൾക്ക്, പ്രതിരോധിക്കാൻ കഴിയുന്ന രോഗങ്ങൾക്കെതിരെ കുത്തിവയ്പിനായുള്ള ദേശീയ പരിപാടി (യു. ഐ. പി.) നമ്മുടെ നാട്ടിൽ നടപ്പിലാക്കിയത്. ക്ഷയരോഗത്തിനുള്ള കുത്തിവയ്പായ ബി. സി. ജി., പിള്ളവാതത്തിനുള്ള പോളിയോ തുള്ളിമരുന്ന്, ഡിഫ്തീരിയ, വില്ലൻചുമ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി, ഹീമോഫിലസ് ഇൻഫ്‌ളൂവൻസാ ന്യൂമോണിയ എന്നിവയ്‌ക്കെതിരെയുള്ള വാക്‌സിനുകൾ (ഒന്നിച്ചോ, അല്ലാതെയോ), അഞ്ചാംപനിക്കെതിരെയുള്ള കുത്തിവയ്പ് എന്നിവയാണ് യു. ഐ. പി. യിലൂടെ ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. ഈ രോഗങ്ങൾക്കെതിരെയുള്ള എല്ലാ വാക്‌സിനുകളുടെയും പ്രാഥമിക കുത്തിവയ്പുകൾ, ജനിച്ച് ഒരു വർഷത്തിനകം നൽകുക എന്നതാണ് നാം അനുവർത്തിക്കുന്ന തന്ത്രം, എന്തെന്നാൽ ഈ രോഗങ്ങളെല്ലാം തന്നെ ഒരു വർഷത്തിൽ താഴെ പ്രായമുള്ള കുട്ടികളെ മാരകമായി ബാധിക്കാം.

3 . നൽകപ്പെടുന്ന വാക്സിനുകൾ

വാക്സിനുകളെ രണ്ടായി തരം തിരിക്കാം

1. നിർദ്ദേശിത വാക്‌സിനുകൾ

ബി.സി.ജി (റ്റി.ബി യ്‌ക്ക്‌ എതിരായിട്ടുള്ളത്‌)
ഒ.പി.വി/ഐ.പി.വി (പോളിയോയ്‌ക്ക്‌ എതിരെയുള്ളത്‌)
ഹെപ്പറ്റൈറ്റിസ്‌ ബി (മഞ്ഞപ്പിത്തത്തിന്‌)
ഹിബ്‌ (എച്ച്‌ ഇന്‍ഫ്‌ളുവന്‍സയ്‌ക്ക്‌ എതിരെയുള്ളത്‌)
പി.സി.വി (ന്യൂമോകോക്കൽ വാക്‌സിന്‍)
മീസിൽസ്‌ (മീസിൽസിന്‌ എതിരെയുള്ളത്‌)
റോട്ടാവൈറസ്‌ (റോട്ടാവൈറസിന്‌ എതിരെയുള്ളത്‌)
എം.എം.ആർ (മീസൽസ്‌, മംസ്‌, റുബെല്ലാ)
ഹെപ്പറ്റൈറ്റിസ്‌ എ (ഹെപ്പറ്റെറ്റിസ്‌ എ യ്‌ക്കെതിരെ)
വാരിസെല്ലാ (ചിക്കന്‍പോക്‌സിന്‌ എതിരെയുള്ളത്‌)
ടൈഫോയിഡ്‌ (ടൈഫോയിഡിന്‌ എതിരെയുള്ളത്‌)
എച്ച്‌.പി.വി (സെർവിക്കൽ കാൻസറിന്‌ എതിരെയുള്ളത്‌)

2. അധിക വാക്‌സിനുകൾ (പ്രത്യേക സാഹചര്യത്തിൽ കൊടുക്കാവുന്നവ)

മഞ്ഞപ്പിത്തത്തിന് എതിരായ വാക്സിൻ
ജാപ്പനീസ്‌ എന്‍സിഫലൈറ്റിസിന് എതിരായ വാക്സിൻ
പേവിഷബാധക്ക് എതിരായ വാക്സിൻ
കോളറക്ക് എതിരായ വാക്സിൻ
ഇന്‍ഫ്‌ളുവൻസക്ക് എതിരായ വാക്സിൻ
മെനിൻജോ കോക്കൽ വാക്‌സിൻ
ന്യൂമോകോക്കൽ പോളിസാക്കറൈഡ്‌ വാക്‌സിൻ

എന്നിവയാണ് സാധാരണ നൽകപ്പെടുന്ന വാക്സിനുകൾ

വാക്‌സിനുകൾ കുട്ടികൾക്ക്‌ അതാതു കാലയളവിൽ നൽകേണ്ടതാണ്‌.

വിവിധ പ്രായങ്ങളിൽ എടുക്കേണ്ട വാക്സിനുകൾ

 

ജനന സമയം – ബി.സി.ജി, ഒ.പി.വി ഒ, ഹെപ്പറ്റെറ്റിസ്‌ ബി1
6-8 ആഴ്‌ച – ഡി.ടിന്ദ പി1 / ഡി.ടിന്റ പി1
ഒ.പി.വി1 / ഐ.പി.വി1, ഹിബ്‌1, റോട്ടാ വൈറസ്‌
ഹെപ്പറ്റെറ്റിസ്‌ ബി 2, പി.സി.വി1
10-14 ആഴ്‌ച – ഡി.ടിന്ദ പി.ടി 2 / ഡി.ടിന്റ പി2
ഒ.പി.വി 2 / ഐ.പി.വി 2
ഹിബ്‌ 2, പി.സി.വി 2, റോട്ടാവൈറസ്‌ 2
14-20 ആഴ്‌ച – ഡി.ടിന്ദ പി.ടി 3 / ഡി.ടിന്റ പി3
ഒ.പി.വി 3 / ഐ.പി.വി 3, ഹിബ്‌- 3, പി.സി.വി 3, റോട്ടാവൈറസ്‌- 3
6 മാസം – ഹെപ്പറ്റെറ്റിസ്‌- ബി
9 മാസം – മീസിൽസ്‌
12 മാസം – ഹെപ്പറ്റെറ്റിസ്‌- എ 1
15 മാസം – എം.എം.ആർ, വാരിസെല്ലാ
18 മാസം – ഡി.ടിന്ദ പി ബി1 / ഡി.ടിന്റ പി ബി1
ഒ.പി.വി 4 / ഐ.പി.വി. ബി, ഹിബ്‌- ബി 1, പി.സി. വി ബൂസ്‌റ്റര്‍
21 മാസം – ഹെപ്പറ്റെറ്റിസ്‌- എ 2, വാരിസെല്ലാ 2
2 വയസ്‌ – ടൈഫോയിഡ്‌- 2
10-12 വയസ്‌- ടി.ഡി.എ.പി / ടി.ഡി, എച്ച്‌-.പി.വി

ഈ വാക്സിനുകൾ അതാത് സമയം കുട്ടികളെ എടുപ്പിക്കാൻ എല്ലാ തിരക്കുകളും മാറ്റിവച്ച്‌ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം.

വാക്സിൻ നൽകാൻ പാടില്ലാത്തവർ

1. കുത്തിവെപ്പിൽ നൽകുന്ന ഏതെങ്കിലും ഘടകങ്ങളോട് മുൻപ് അലർജി ഉണ്ടായിട്ടുള്ളവർ
2. കടുത്ത പനി, ജന്നി രോഗം ഇവയുള്ള കുട്ടികൾ
3. ആശുപത്രിയിൽ നിലവിൽ ഏതേലും കാര്യമായ അസുഖത്തിന് കിടത്തി ചികിൽസിക്കുന്നവർ (ഡോക്ടർ നിർദ്ദേശിക്കുകയാണെങ്കിൽ നൽകാം)
4. രോഗപ്രതിരോധ ശേഷി കുറക്കുന്ന അസുഖങ്ങളുള്ളവർ (AIDS)
5.STEROID മരുന്നുകളോ, പ്രതിരോധ ശേഷി കുറക്കുന്ന മരുന്നുകളോ എടുക്കുന്നവർ

4 .വാക്സിനുകൾ ഇന്ത്യയിലും കേരളത്തിലും പൊതുജനാരോഗ്യ രംഗത്തുണ്ടാക്കിയ മാറ്റം

മെയ് 1974 ൽ ഇന്ത്യയിൽ എണ്ണായിരം ഗ്രാമങ്ങളെയാണ് വസൂരി ആക്രമിച്ചത്. ഒരു വർഷം മാത്രം ഒരു ലക്ഷത്തി എൺപത്തി എണ്ണായിരം പേർക്ക് രോഗം ബാധിച്ചു. രോഗം ബാധിച്ച പത്തിലൊരാൾക്ക് മരണം ഉറപ്പായിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ പേർക്ക് വസൂരിയുള്ളത് ഇന്ത്യയിൽ ആയിരുന്നതിനാൽ ലോകാരോഗ്യ സംഘടന ഇടപെട്ടു. നിർബന്ധിതമായി അച്ചുകുത്ത് എന്ന് വിളിക്കപ്പെട്ട കുത്തിവെപ്പ് തുടങ്ങി. അച്ചു കുത്ത് അപകടമാണെന്ന് ആളുകൾ നിലവിളിച്ചു, ഓടിയൊളിച്ചു. സംഘടിച്ചു പ്രതിരോധിച്ചു. അപവാദങ്ങൾ പറഞ്ഞു പരത്തി. ഇതൊന്നും ശ്രദ്ധിക്കാതെ സർക്കാരും ആരോഗ്യവകുപ്പും അവരെ തിരഞ്ഞു പിടിച്ച് കുത്തി. ഫലമായി ഒരു വർഷത്തിനുള്ളിൽ അഥവാ മെയ് 1975ൽ അവസാന രോഗിയോടെ വസൂരി ഇന്ത്യയിൽ നിന്ന് വിട പറഞ്ഞു.അതുപോലൊരു രോഗമായിരുന്നു പോളിയോ. 1985 ൽ ആരംഭിച്ച രോഗപ്രതിരോധ കുത്തിവെപ്പ് യജ്ഞം മൂലം ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ഇരുപത്തൊൻപതിനായിരം പോളിയോ കേസുകൾ ഏഴു വർഷത്തിനുള്ളിൽ മൂവായിരം കേസുകളായി ചുരുങ്ങി. 2014 ഇന്ത്യയിലെ അവസാന പോളിയോ കേസോടെ പോളിയോയേയും നമ്മൾ നിർമാർജനം ചെയ്തു.നിലവില്‍ ഇന്ത്യയിലെ മീസില്‍സ് കുത്തിവെപ്പ് കവറേജ് 87% ആണ്. 2000ത്തിൽ ഇന്ത്യയിലെ കവറേജ് 56% ആയിരുന്നു, മീസിൽസ് മരണങ്ങൾ 1 ലക്ഷവും. 2015 ആയപ്പോളത് 87% വും മരണം 49000 ആവുകയും ചെയ്തു. ഇങ്ങനെ മീസിൽസ് മരണത്തിൽ 51% കുറവ് 15 വർഷങ്ങള്‍ക്കുള്ളിൽ സാദ്ധ്യമായി .

5 . വാക്സിൻ വിരുദ്ധ പ്രചാരവേല

കേരളത്തിൽ നവ മാധ്യമങ്ങളുടെ സഹായത്തോടെ വാക്സിൻ വിരുദ്ധ ലോബി നിരന്തരം കുപ്രചരണങ്ങൾ അഴിച്ചുവിടുന്നുണ്ട്. കുത്തിവയ്പ്പുകളെ സാധൂകരിക്കുന്ന പതിനായിരക്കണക്കിന് പ്രബന്ധങ്ങളുടെ ഇടയിൽ നിന്നും എണ്ണത്തിൽ പരിമിതമായ നെഗറ്റീവ് റിസൽട്ട് പഠനങ്ങൾ മാത്രം തെരഞ്ഞെടുത്ത്, ശാസ്ത്രത്തിന്റെ ഒരു മുഖംമൂടി നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ചിലർ നിരന്തരമായി ശ്രമിക്കുന്നത്. ഇന്ന് വാക്‌സിൻ ഇൻഡസ്ട്രിയെ നിയന്ത്രിക്കുന്നത് കുത്തകകളാണ് എന്നതും, ആവശ്യമില്ലാത്ത പല വാക്‌സിനുകളും പ്രൊമോട്ട് ചെയ്യപ്പെടുന്നുണ്ട് എന്നതും, വാക്‌സിൻ ഒരു വലിയ കമ്പോളമാണ് എന്നതുമെല്ലാം സത്യമാണ്. ഈ സത്യത്തെ ചില അർദ്ധസത്യങ്ങളുടെയും അസത്യങ്ങളുടെയും മേമ്പൊടി കൂടെ ചേർത്ത് കേരളത്തിന്റെ പൊതു ഇടതുപക്ഷ മനസ്സിലേക്ക് കുത്തിവച്ചാൽ കേരളമനസ്സു പ്രക്ഷുബ്ധമാകും എന്ന കണ്ടെത്തൽ ഏതെങ്കിലും ഒരു വ്യക്തിയുടേത് മാത്രമാകാൻ ഇടയില്ല. വാക്‌സിനേഷൻ കാരണം ഉണ്ടാകുന്ന പാർശ്വഫലങ്ങളെപ്പറ്റി നൂറുക്കണക്കിന് പഠനങ്ങൾ ഇന്നു ഇന്റർനെറ്റിൽ ലഭിക്കും. പക്ഷേ ഈ സങ്കേതത്തിന്റെ ഗുണഫലങ്ങൾ വെളിച്ചത്തുകൊണ്ടുവന്നിട്ടുള്ള പഠനങ്ങൾ ഇതിന്റെ നൂറുകണക്കിന് ഇരട്ടിവരും. അതിനെ തമസ്കരിച്ചുകൊണ്ടാണ് വാക്സിൻ വിരുദ്ധ പ്രചാരണം കൊഴുക്കുന്നത്.എം. എം. ആർ. കുത്തിവയ്പ്പ് കുട്ടികളിൽ ഓട്ടിസം ഉണ്ടാക്കുന്നു എന്നാണ് ഒരു വാദഗതി.എം. എം. ആർ. കുത്തിവയ്പ്പ് ഓട്ടിസം ഉണ്ടാക്കാൻ സാധ്യതയുണ്ട് എന്ന പേരിൽ ലാൻസെറ്റ് മാസികയിൽ വന്ന ആദ്യപഠനം വാക്‌സിൻ കമ്പനികൾക്ക് എതിരെ നിയമയുദ്ധം നടത്തിയിരുന്ന വക്കീലൻമാരുടെ സംഘടനയായിരുന്നു സ്‌പോൺസർ ചെയ്തിരുന്നത്. പ്രസ്തുത പഠനം ശാസ്ത്രീയമല്ലായിരുന്നു എന്ന് പിന്നീട് വിലയിരുത്തപ്പെടുകയും ഇതുപ്രസിദ്ധീകരിച്ച ലാൻസെറ്റ് മെഡിക്കൽ ജേർണൽ ക്ഷമചോദിക്കുകയും ചെയ്തിട്ടുണ്ട്. മേൽപ്പറഞ്ഞ പഠനത്തിൽ പങ്കെടുത്ത പ്രധാന ശാസ്ത്രജ്ഞനായ വേക്ക്ഫീൽഡ് ശാസ്ത്രലോകത്തെ കബളിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് പിന്നീട് വിലിരുത്തപ്പെട്ടു . ഈ പഠനങ്ങൾ കൊണ്ടുണ്ടായ പ്രധാന ദോഷം അമേരിക്കയിലെയും കാനഡയിലെയും ധാരാളം ആളുകൾ എം. എം. ആർ. കുത്തിവയ്പ്പ് നിരാകരിക്കുകയും തന്മൂലം പ്രസ്തുത രാജ്യങ്ങളിൽ മീസിൽസ് പടർന്നുപിടിക്കുന്നതിന് ഇടയാകുകയും ചെയ്തു എന്നതാണ്. ഇവിടെ നാം മറന്നുപോകുന്ന സംഗതി ഇന്ത്യ ഉൾപ്പടെയുള്ള മൂന്നാം ലോകരാജ്യങ്ങളിൽ കുഞ്ഞുങ്ങളെ കൊന്നടുക്കുന്ന നാലുപ്രധാനരോഗങ്ങളിലൊന്ന് മീസിൽസ് ആണ് എന്നതാണ്. എം.എം.ആർ. വാക്‌സിനുമുകളിൽ ആരോപിക്കുന്നത് കള്ളക്കഥകളാണെങ്കിൽ അത് ആരോപിക്കുന്നവർ ആത്യന്തികമായി നമ്മുടെ കുഞ്ഞുങ്ങളെ രോഗത്തിലേക്കും മരണത്തിലേക്കും തള്ളിവിടുകയാണ് ചെയ്യുന്നത്. കുത്തിവയ്പ്പ്‌കൊണ്ട് തടയാൻ കഴിയുന്ന രോഗങ്ങളിൽ കേരളത്തിൽപോലും വ്യാപകമായ ഒന്നാണ് മീസിൽസ് . ജനിച്ച് ഒൻപതാംമാസം നൽകിവരുന്ന മീസിൽസ് കുത്തിവയ്പ്പ് കൊണ്ടുമാത്രം ഈ രോഗത്തെ തടയാൻ കഴിയണമെന്നില്ല. അതു കൊണ്ടാണ് ആറുമാസത്തിനുശേഷം ഒരു എം.എം.ആർ. വാക്‌സിൻ കൂടി നൽകുന്നത്. ഭാവിയിൽ വന്ധ്യതയ്ക്ക്‌പോലും കാരണമാകാറുള്ള മുണ്ടിനീര്, ഗർഭസ്ഥശിശുക്കളിൽ അംഗവൈകല്യം ഉണ്ടാക്കാൻ കഴിയുന്ന റുബെല്ല തുടങ്ങിയ രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കുന്ന കുത്തിവയ്പ്പാണ് എം.എം.ആർ. ലോകത്തിന്റെ പല ഭാഗങ്ങളിലും നിരോധിച്ച വാക്‌സിനാണ് ഇവിടെ നല്‍കുന്നത് എന്നതാണ് മറ്റൊരു പ്രചാരണം.അത് തികച്ചും വാസ്തവ വിരുദ്ധമാണ്. നിലവിൽ 150 രാജ്യങ്ങളിൽ ഈ കുത്തിവെപ്പ് നൽകുന്നുണ്ട്. വാക്‌സിൻ നിര്‍മ്മാണത്തിൽ പാലിക്കേണ്ട എല്ലാ വശങ്ങളും പാലിച്ചു ലോകാരോഗ്യസംഘടനയുടെ അംഗീകാരം നേടിയ മരുന്നാണ് ഉപയോഗിക്കുന്നത്.

6 . ഈ പ്രചാരവേല എന്തുകൊണ്ട് കുറ്റകരമാണ് ?

വാക്സിൻ നൽകുന്നതിന്റെ അടിസ്ഥാന ശാസ്ത്രീയ സിദ്ധാന്തങ്ങൾ മനസ്സിലാവുന്നില്ലെന്നു നടിക്കുന്നവരാണ് ഇത്തരം വാദമുഖങ്ങൾ ഉന്നയിക്കുന്നത്. വ്യക്തികളെ സംരക്ഷിക്കാൻ മാത്രമല്ല വാക്സിൻ നൽകുന്നത്. സമൂഹത്തിൽ നിന്നും രോഗകാരണമായ വൈറസിനെ പൂർണ്ണമായും നീക്കം ചെയ്യുന്നതിനായിട്ടുള്ള സാമൂഹ്യ പ്രതിരോധം വളർത്തിയെടുക്കുന്നതിന് വേണ്ടികൂടിയാണ്. എന്ത് കാരണം കൊണ്ടായാലും, ചിലർ വാക്സിനേഷൻ ഒഴിവാക്കിയാൽ വൈറസ് ചുറ്റുപാടും നിലനിൽക്കയും കൂടുതൽ മാരകമായ രോഗബാധക്ക് കാരണമാവുകയും ചെയ്യും. പൊതുജനാരോഗ്യ സംരക്ഷണത്തിനായി വ്യക്തിതാത്പര്യം പരിമിതപ്പെടുത്തേണ്ട സന്ദർഭമാണിത്.വ്യക്തികളുടെ ചികിത്സ സ്വീകരിക്കാനോ സ്വീകരിക്കാതിരിക്കാനോ ഉള്ള മനുഷ്യാവകാശത്തിന്റെ പേരിൽ വാക്സിൻ ബഹിഷ്കരണത്തിനായി മുന്നോട്ട് വയ്ക്കുന്ന കാരണങ്ങളാവട്ടെ അശാസ്ത്രീയ ധാരണകളോ മതമൌലികവാദ സമീപനങ്ങളോ ആണ് താനും . പൊതു സ്ഥലങ്ങളിലെ പുകവലി നീരോധനം, ഹെൽമെറ്റ് ധരിച്ചുള്ള സ്കൂട്ടർയാത്ര, കാറിൽ സീറ്റ്ബെൽറ്റിടൽ ഇവയെല്ലാം നടാപ്പിലാക്കുന്നത് വ്യക്തിയുടെ താതപര്യത്തെ മാത്രമല്ല സമൂഹത്തിന്റെ താത്പര്യങ്ങളെകൂടി സംരക്ഷിക്കുന്നതിനാണ്. വ്യക്തി സ്വാതന്ത്ര്യത്തിനായി ഇവയെല്ലാം ലംഘിക്കാൻ അനുവദിക്കണമെന്ന് വാദിക്കുന്നത് പോലെയാണ് വാക്സിനേഷൻ ബഹിഷ്കരിക്കാൻ സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്നതും . പല വാക്സിനേഷൻ പദ്ധതികളും മതമൌലികവാദികളുടെയും ബദൽ ചികിത്സകരുടെയും ചില മാധ്യമങ്ങളുടെയും നിരന്തരമായ വാക്സിൻ വിരുദ്ധ പ്രചാരണം മൂലം പരാജയപ്പെടുകയാണുണ്ടായത്. ശാസ്ത്രബോധവും യുക്തിചിന്തയും പ്രചരിപ്പിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ദബോദ്ക്കറുടെയും പൻസരായുടെയും കൽബുർഗിയുടെയും ഗൗരിയുടെയും നെഞ്ചിന് നേരെ വെടിയുണ്ട ഉതിർത്ത വർഗ്ഗീയ ഫാസിസ്റ്റുകളുടെ അതെ ശാസ്ത്രവിരുദ്ധ നിലപാടുകളാണ് നിഷ്കളങ്കരായ കുട്ടികളെ ദാരുണ മരണങ്ങളിലേക്ക് നയിക്കുന്ന ശാസ്തവിരുദ്ധ പ്രചരണത്തിലേർപ്പെട്ടിരിക്കുന്നവരും നടത്തിവരുന്നതെന്ന് തിരിച്ചറിയേണ്ടതാണ്. വാക്സിനേഷനെ എതിർക്കുന്നവർ പൊതുജനാരോഗ്യത്തെ തകർക്കൽ അജണ്ട ആക്കിയവരാണ് . അവർ അക്ഷരാർത്ഥത്തിൽ തന്നെ രാജ്യദ്രോഹികളാണ്. യഥാർത്ഥത്തിൽ അവർക്ക് കൊടുക്കേണ്ട ശിക്ഷ പേപ്പട്ടിയെ കൊണ്ട് കടിപ്പിക്കുക എന്നതാണ്. റാബീസ് വാക്സിൻ എടുക്കില്ല എന്ന് ആർജ്ജവത്തോടെ പറയുമോ എന്ന് അപ്പോൾ കാണാം .

വിവരങ്ങൾക്ക് കടപ്പാട്:
ലൂക്ക ശാസ്ത്ര മാസിക

Leave a Reply

Your email address will not be published. Required fields are marked *