അടൂർ:അടൂർ പെരിങ്ങനാട്‌ തൃച്ചേന്ദമംഗലം ശിവക്ഷേത്രത്തിൽ നാലമ്പലത്തിന്റെ മേൽക്കൂരയിൽ പൊതിയാനായി വാങ്ങിയ ചെമ്പ്‌ പാളികൾ മറിച്ച്‌ വിറ്റ സംഭവത്തിൽ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗത്തെ ഒന്നാം പ്രതിയാക്കി പോലീസ്‌ അടൂർ ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ്‌ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.വെട്ടിപ്പ്‌ നടന്ന കാലയളവിൽ അമ്പലം ഭരണ സമിതിയുടെ പ്രസിഡന്റായിരുന്ന ബി.ജെ.പി മുൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ കൂടിയായിരുന്ന ടി.ആർ അജിത്ത്‌ കുമാറാണു കേസിലെ ഒന്നാം പ്രതി.നിലവിൽ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗം കൂടിയാണിദ്ദേഹം.

നാലമ്പലം ചെമ്പ്‌ പൊതിയാനായി വാങ്ങിയ ചെമ്പ്‌ പാളികളിൽ ഏകദേശം 9 ലക്ഷം രൂപ മതിപ്പ്‌ വിലയുള്ള ചെമ്പ്‌ പാളികൾ ഇവർ മറിച്ച്‌ വിറ്റു എന്നാണു കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്‌.ഇന്ത്യൻ ശിക്ഷാ നിയമം 420,403,466,201,34 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ(ക്രൈം നമ്പർ:സി.സി/2260/13) പ്രതികൾ വെട്ടിപ്പ്‌ നടത്തി എന്ന് വ്യക്തമാക്കികൊണ്ടുള്ള കുറ്റപത്രമാണു പോലീസ്‌ സമർപ്പിച്ചിരിക്കുന്നത്‌.അന്തിമ റിപ്പോർട്ട്‌

പ്രതികൾ പരസ്പരം ഗൂഡാലോചന നടത്തി 898500 രൂപയുടെ വെട്ടിപ്പ്‌ നടത്തി ക്ഷേത്ര ഭരണ സമിതിക്കും വിശ്വാസികൾക്കും നഷ്ടം വരുത്തി എന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്‌.ബി.ജെ.പി സജീവ പ്രവർത്തകരും നേതാക്കളുമാണു കൂട്ടു പ്രതികൾ.

ഇവർ ഭരണം നിർവ്വഹിച്ചിരുന്ന കാലത്ത്‌ ക്ഷേത്രത്തിൽ ഇത്തരം അനവധി സാമ്പത്തിക ക്രമക്കേടുകൾ നടന്നതായി നിലവിലെ ഭരണ സമിതി അംഗങ്ങൾ പറയുന്നു.ക്ഷേത്ര പുനരുദ്ധാരണത്തിനായി വാങ്ങിയ തേക്ക്‌ തടിയുടെ പേരിലും കൃത്രിമ ബില്ലുണ്ടാക്കി ലക്ഷങ്ങൾ വെട്ടിച്ചതായും ആരോപണമുണ്ട്‌.നാളെ ആരംഭിക്കുന്ന ബി.ജെ.പി സംസ്ഥാന ജാഥയിൽ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉൾപെടെയുള്ളവർ പ്രധാനമായും ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രം വിഷയം ഉയർത്തിപിടിച്ച്‌ ക്ഷേത്ര സംരക്ഷണം സർക്കാർ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കണം എന്ന പ്രചരണം നടത്താൻ ശ്രമിക്കുന്നതിനിടെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി ചേർക്കപെട്ടിട്ടും ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗമായി ഇദ്ദേഹം തുടരുന്നതിൽ അധാർമ്മികതയുണ്ടെന്ന് ജില്ലയിലെ ഒരു വിഭാഗം ബി.ജെ.പി പ്രവർത്തകർ പറയുന്നു.ഇത്രയും വലിയ അഴിമതി പിടിക്കപെട്ടിട്ടും വിചാരണ ആരംഭിക്കാറായിട്ടും പ്രതികൾക്കെതിരെ പാർട്ടി അച്ചടക്ക നടപടികൾ സ്വീകരിക്കാത്തത്‌ വിഭാഗീയതയുടെ ഭാഗമാണെന്ന് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ബി.ജെ.പി പ്രവർത്തകർ പറയുന്നു.വ്യാജ രസീതുപയോഗിച്ചുള്ള പിരിവുമായി ബന്ധപെട്ട്‌ മണ്ഡലം ഭാരവാഹികൾക്കെതിരെ കോന്നിയിലും പ്രവർത്തകർക്കിടയിൽ പ്രതിഷേധം ശക്തമാണു.ക്ഷേത്ര സംരക്ഷകരെന്ന മുഖം,ബി.ജെ.പി സംസ്ഥാന സമിതി അംഗം തന്നെ ക്ഷേത്രവുമായി ബന്ധപെട്ട്‌ സാമ്പത്തിക ക്രമക്കേട്‌ നടത്തിയതിൽ ഒന്നാം പ്രതി ആയതിലൂടെ തകർന്നിരിക്കുകയാണു.സംസ്ഥാന നേതൃത്ത്വത്തിലെ ഒരു വിഭാഗം ഇദ്ദേഹത്തെ സംരക്ഷിക്കുന്നു എന്നാണു ആരോപണം.വിചാരണ ഘട്ടത്തിൽ എത്തിയ കേസ്സിലെ ഒന്നാം പ്രതി ബി.ജെ.പി സംസ്ഥാന കമ്മറ്റിയിൽ നിലവിലും തുടരുന്നത്‌ ക്ഷേത്ര സംരക്ഷണം എന്ന നിലപാട്‌ സ്വീകരിക്കുന്ന ബി.ജെ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. സംസ്ഥാന നേതൃത്വം ഈ വിഷയത്തിൽ മൗനം പാലിക്കുകയാനെന്ന് ഒരു വിഭാഗം ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *