By എംഎസ് പ്രവീൺ

കുറച്ച് കാലം മുൻപ് മുതൽ, കൃത്യമായി പറഞ്ഞാൽ 1990 കളുടെ ആദ്യ പാദം മുതലാണ് അരാഷ്ട്രീയത ഒരു രാഷ്ട്രീയ ആശയം എന്ന നിലയ്ക്ക് പ്രയോഗിക്കപ്പെട്ടുതുടങ്ങിയത്. വളരെ കൗശല പൂർവ്വമാണ് ഭരണവർഗ്ഗം ആ പ്രത്യയശാസ്ത്രം പ്രയോഗിച്ചത്. 1990 കളുടെ ആദ്യപാദത്തിന് രാഷ്ട്രീയമായ ഒട്ടേറെ പ്രത്യേകതകൾ ഉണ്ടായിരുന്നു. ലോകത്തിലെയാകെ തൊഴിലാളി വർഗ്ഗത്തിന്റെ അത്താണിയാകും എന്ന് പ്രതീക്ഷിക്കാപ്പെട്ടിരുന്ന സോവിയറ്റ് യൂണിയൻ തകർന്നടിഞ്ഞു എന്നതായിരുന്നു ഒരു പ്രത്യേകത. അത് മുതലാക്കിക്കൊണ്ട് സാമ്രാജ്യത്വത്തിലേക്ക് പരിവർത്തനം ചെയ്തുകൊണ്ടിരുന്ന മുതലാളിത്തം ഭീഷണമായ ബഹുമുഖ ആക്രമണം തൊഴിലാളി വർഗ്ഗത്തിന് നേരെയും അതിന്റെ പ്രത്യയശാസ്ത്രത്തിന്റെ നേരെയും അഴിച്ചുവിട്ടു.
 പലതരത്തിലുള്ള പ്രോപ്പാഗണ്ടകളും പ്രായോഗിക്കപ്പെട്ടു. കമ്മ്യൂണിസം കാലഹരണപ്പെട്ടു എന്നതായിരുന്നു അതിലൊന്ന്. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ കമ്മ്യൂണിസത്തിന്റെ പ്രസക്തി ഇല്ലാതെയായി എന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. തൊഴിലാളി പ്രക്ഷോഭങ്ങൾ പലയിടത്തും ക്രൂരമായി അടിച്ചമർത്തപ്പെട്ടു. തൊഴിലാളി പ്രസ്ഥാനങ്ങൾ ക്രൂരമായി പരിഹസിക്കപ്പെട്ടു. നവ ലിബറൽ നയങ്ങൾ ഏറിയകൂറും രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കപ്പെട്ടു. ആ നയങ്ങളുടെ സ്തുതിപാഠകരായി മാറാത്ത ആൾക്കാർ വ്യാപകമായി പരിഹാസ ആഘോഷങ്ങൾക്ക് വിധേയരാകേണ്ടി വന്നു. 
മലയാളത്തിൽ അടക്കം ‘സന്ദേശം’ പോലെയുള്ള സിനിമകൾ സൃഷ്ടിക്കപ്പെട്ടു. ഒറ്റനോട്ടത്തിൽ തമാശയുടെ നിഷ്കളങ്കത അനുഭവവേദ്യമാക്കുകയും അതിലൂടെ സമര വിരുദ്ധതയുടെയും അരാഷ്ട്രീയതയുടേയും വിഷം തലച്ചോറിലേക്ക് കുത്തിവയ്ക്കുകയുമാണ് അവ ചെയ്തുകൊണ്ടിരുന്നത്. 
നമ്മളെല്ലാവരും കേട്ടിട്ടുള്ള ഒരു ചെറിയ കഥയുണ്ട്. ജപ്പാനിലെ ചെരുപ്പ് കമ്പനിയിൽ തൊഴിലാളികൾ ജോലി ചെയ്ത് കൊണ്ട് സമരം വിജയിപ്പിച്ചു എന്ന കഥ. ചെരുപ്പ് കമ്പനിക്ക് പേരില്ല. കൃത്യമായ സ്ഥലവും സമയവും ഇല്ല. പലപ്പോഴും ഇൗ കഥ പറയാറുള്ള ആളുകൾ അവരുടെ മനോധർമ്മം അനുസരിച്ച് സ്ഥലകാല കൽപ്പനകൾ നടത്താറാണ് പതിവ്. കമ്പനിക്ക് പേരും സ്വയം ഇടും. പലർ പറയുമ്പോൾ പല പേരുകളിലാണ് പറയുക. 
എന്നാൽ ഇൗ കഥ പ്രചാരത്തിൽ വന്ന കാലഘട്ടം ഏതാണ് എന്ന് ആരും ആലോചിക്കാറുണ്ട് എന്ന് തോന്നുന്നില്ല.കാരണം തൊഴിലാളി സംഘടനാ നേതാക്കൾ പോലും പലയിടത്തും ഇൗ കഥ ഉദാഹരിക്കുന്ന കാഴ്ച കണ്ടിട്ടുണ്ട്. അവർ തങ്ങളുടെ വർഗ്ഗത്തോടും സംഘടനയോടും എത്ര വലിയ ദ്രോഹമാണ് ചെയ്യുന്നത് എന്ന് ആത്മപരിശോധന നടത്താൻ ഇൗ കഥ നമ്മുടെ നാട്ടിൽ പ്രചാരത്തിൽ വന്ന കാലഘട്ടം ഏതാണ് എന്ന് ചെറിയൊരു ഗവേഷണം നടത്തി നോക്കിയാൽ മതിയാകും. ഇരുപത്തിയഞ്ച് അല്ലെങ്കിൽ ഇരുപത്തിയേഴ് കൊല്ലമായിട്ടുണ്ട് ഇൗ കഥ കേരളത്തിൽ അടക്കം പ്രചാരത്തിൽ വന്നിട്ട്. ആ കാലഘട്ടം ഏതെന്ന് ഒന്ന് എത്തിനോക്കിയാൽ മതി ആ കഥ പറയുന്നവർ നടിക്കുകയും ചിലർ വിശ്വസിക്കുകയും ചെയ്യുന്ന നിരുപദ്രവത ഇൗ കഥക്ക് ഇല്ലെന്ന് മനസ്സിലാക്കാൻ. 
തൊഴിലാളി പ്രത്യയ ശാസ്ത്രത്തെ തകർക്കുകയും തൊഴിൽ സമരങ്ങളെ നിർവീര്യമാക്കുകയും തൊഴിലാളി പ്രസ്ഥാനത്തെ വന്ധ്യംകരിക്കുകയും ചെയ്യുന്നതിന് വേണ്ടി പല തരത്തിലും തലത്തിലുമുള്ള പ്രചണ്ഡ പ്രചാരണങ്ങളുടെ കുത്തൊഴുക്കിന്റെ കൂട്ടത്തിലാണ് ഇൗ കഥയും കേരളത്തിലേക്ക് വിരുന്ന് വന്നത്. 
ആ കഥയൊന്ന് സൂക്ഷിച്ച് നോക്കൂ.. പ്രത്യക്ഷത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങൾ കാലഘട്ടത്തിന് അനുസരിച്ച് സമര രൂപങ്ങൾ മാറ്റേണ്ടതിന്റെ ആവശ്യകതയെ പറ്റി സദുദ്ദേശത്തോടെ പറയുന്ന കഥയാണെന്ന് തോന്നും. പുതിയ കാലത്ത് സമര രൂപങ്ങളിൽ പരിഷ്ക്കരണം വേണ്ടതല്ലേ എന്ന ചിന്തയും ഉണ്ടാകും.  പ്രശ്നം കിടക്കുന്നത് അവിടെയെല്ലാ എന്നതാണ് വസ്തുത. പരിഷ്ക്കരണം വേണം. പക്ഷേ അത് ഏത് ദിശയിലേക്ക് വേണം എന്നതാണ് ചോദ്യം. ലളിത യുക്തികൾ ഉപയോഗിച്ച് ചെരുപ്പ് കമ്പനിയുടെ കഥ സമർത്ഥിക്കുന്നത് സമരങ്ങളെ മയപ്പെടുത്തണം എന്നാണ്. എന്നാൽ കാലഘട്ടം തൊഴിലാളി വർഗ്ഗത്തോട് ആവശ്യപ്പെടുന്നത് അതാണോ? അല്ല എന്ന് നിസ്സംശയം പറയാം. തൊഴിലാളി വർഗ്ഗത്തിന് നേരെ ബഹുമുഖമായ ആക്രമണം ഉണ്ടാകുന്ന ഇക്കാലത്ത് സമര രൂപങ്ങൾ കൂടുതൽ തീവ്രവും തീക്ഷ്ണവും ആക്കുകയാണ് തൊഴിലാളി പ്രസ്ഥാനങ്ങളുടെ കടമ. ആ കടമ നിർവ്വഹിക്കുന്നതിൽ നിന്നും തൊഴിലാളികളെ പിന്തിരിപ്പിക്കുക എന്ന സമ്പൂർണ്ണ റിവിഷനിസ്റ്റ് ബുദ്ധിയിലാണ് ഇങ്ങനെയുള്ള വിഷലിപ്തമായ കഥകൾ ഉദിക്കുന്നത് എന്ന് കാണാതെ പോകരുത്.

ചില ബുദ്ധിജീവി നാട്യക്കാർ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിക്കുന്നത് പണിമുടക്ക് ഉപേക്ഷിക്കണം എന്നിട്ട് വേറെ ചില മാർഗങ്ങളിലൂടെ ഭരണവർഗ്ഗത്തെ കീഴ്പ്പെടുത്താൻ കഴിയും എന്നാണ്. പണി മുടക്കിയാൽ പോലും വഴങ്ങാത്ത അധികാരിവർഗ്ഗം കൂടുതൽ മയപ്പെട്ട സമരരൂപങ്ങളോട് വഴങ്ങിത്തരും എന്ന് പല ലളിത യുക്തികളുടെയും സഹായത്തോടെ വാക്കുകൾ കൊണ്ട് ചില ചെപ്പടിവിദ്യകൾ കാട്ടി സമർത്ഥിക്കാൻ നന്നായി ശ്രമിക്കും. അതൊന്നും ഫലവത്താകുന്നില്ല എന്ന് കാണുമ്പോൾ തന്ത്രപരമായി നിശ്ശബ്ദത പാലിക്കും. പിന്നീട് സംഘടന പ്രഖ്യാപിക്കുന്നത് ഏകദിന പണിമുടക്കാണ് എങ്കിൽ മുൻപ് പണിമുടക്ക് എന്ന മർഗ്ഗമേ വേണ്ട എന്ന് പറഞ്ഞ അതേ നാവുകൊണ്ട് ഇക്കൂട്ടർ തട്ടിമൂളിക്കുന്നത് “ഏകദിന സമരം ഒത്തുതീർപ്പ് സമരമാണ്, അനിശ്ചിതകാലപണിമുടക്കിന് മാത്രമേ ഞാൻ സഹകരിക്കൂ അതുകൊണ്ട് ഇത്തവണ ഞാൻ പണി മുടക്കുന്നില്ല,നിങ്ങളും മുടക്കാൻ പാടില്ല ” എന്നായിരിക്കും. അനിശ്ചിതകാല സമരമാണ് പ്രഖ്യാപിക്കപ്പെടുന്നത് എങ്കിലോ? ഇവർ വാചാലരാകുന്നത് സമരത്തിന് ശമ്പളം നിഷേധിക്കപ്പെടുന്നത് മൂലം തൊഴിലാളിക്ക് ഉണ്ടാവാൻ പോകുന്ന കഷ്ട നഷ്ടങ്ങളെ പറ്റിയാണ്. ഏത് സാഹചര്യത്തിലും സമരം ചെയ്യാനുള്ള വിമുഖതയും സമര വിരുദ്ധത പ്രചരിപ്പിക്കാൻ ഉള്ള വ്യഗ്രതയുമാണ് ഇക്കൂട്ടരുടെ മുഖ മുദ്ര. കരിങ്കാലിപ്പണി കുലത്തൊഴിൽ ആക്കാൻ ആഗ്രഹിക്കുന്ന ഇക്കൂട്ടർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുപ്പെടുക എന്നത് അനിവാര്യത തന്നെയാണ്.

ഇക്കൂട്ടരുടെ പ്രചരണ അജണ്ടകളെ എല്ലാം മറികടന്ന് ശരിയായ ദിശയിൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗം മുന്നോട്ട് പോക്ക് തുടരുന്നു എന്നതിന്റെ ശുഭോദർക്കമായ സൂചനകളാണ് രാജ്യത്തിന്റെ പല ഭാഗത്തും സമീപകാലത്തുണ്ടായ കർഷകരുടെയും തൊഴിലാളികളുടെയും പുതിയ ആവേശം നൽകുന്ന സമര വിജയങ്ങൾ നൽകുന്നത്. നവംബർ 9,10,11 തീയതികളിൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗം ചരിത്ര പുസ്തകത്തിൽ ചുവപ്പ് പടർത്തുന്ന പുതിയ പോരാട്ടത്തിന്റെ പാതയിലേക്ക് നീങ്ങുന്നു എന്നതും ശുഭാസൂചകമാണ്. 2018 ൽ ഇന്ത്യൻ തൊഴിലാളിവർഗ്ഗം ഒന്നടങ്കം നടത്താൻ പോകുന്ന ഇതിഹാസ സമാനമായ അനിശ്ചിതകാല പണിമുടക്കത്തിന്റെ മുന്നോടിയാണ് നവംബറിലെ മൂന്ന് ദിവസം നീളുന്ന പാർലമെന്റ് ഉപരോധം. നവ ഉദാരീകരനത്തിന്റെ പ്രണയിതാക്കളായ ഇന്ത്യൻ ഭരണ വർഗ്ഗത്തിനും അവരുടെ കൊടാലിക്കൈകളായി പ്രവർത്തിക്കുന്ന കരിങ്കാലികൾക്കും ആത്മാഭിമാനമുള്ള തൊഴിലാളിയുടെ തന്റെടത്തിനു മുൻപിൽ മുട്ട് മടക്കേണ്ടി വരിക തന്നെ ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *