By Jinu

പത്തനംതിട്ട:കവനം ചെയ്യുന്നവനാണ് കവി എന്ന് ഏകാവലിയില്‍ വിദ്യാധരനും ലോകോത്തര വര്‍ണ്ണനകളില്‍ നിപുണനാണ് കവി എന്ന് കാവ്യപ്രകാശത്തില്‍ മമ്മടനും പ്രസ്താവിക്കുന്നു. പ്രതിഭാവ്യുല്‍പ്പത്തി ഉള്ളവനെ മാത്രമേ കവി എന്ന് വിളിക്കാവു എന്ന് കാവ്യമീമാംസയില്‍ രാജശേഖരന്‍ തറപ്പിച്ച് പറയുന്നു. അനിതരസാധാരണമായ സംവേദനക്ഷമതയുള്ളവനാണ് കവി . അത് ജീവിതാനുഭവത്തിലൂടെയാണ് വളരുന്നത്. കവി സാധാരണക്കാരെക്കള്‍ സൂക്ഷമായി വസ്തുക്കള്‍ നിരീക്ഷിക്കുകയും തീവ്രമായി വികാരം കൊള്ളുകയും ചെയ്യുന്നു. ഏതിന്‍റെയും ഉള്ളില്‍ ചെന്ന് അതിന്‍റെ അന്തസത്ത ഗ്രഹിക്കാന്‍ ശ്രമിക്കുന്നവനാണ് കവി. ഇങ്ങനെയൊക്കെ കവിയിലെ ക്രാന്തദര്‍ശിത്വത്തിന് വ്യാഖാനകുറിപ്പ് എഴുതാം. ചുരുക്കത്തില്‍ സാധാരണക്കരന്‍റെ കണ്ണെത്താത്ത ജീവിതത്തിന്‍റെ തലങ്ങളിലും മാനങ്ങളിലും എന്നു വേണ്ട , പ്രപഞ്ചത്തിന്‍റെ നിഗൂഢതകാളിലെവിടെയും കവിയുടെ നോട്ടം എത്തിയിരിക്കും.കടന്നു കാണാനുള്ള ഈ കഴിവാണ് ക്രാന്തദര്‍ശിത്വം എന്ന്‍ പറയുന്നത് . ഇത്രയും ആമുഖം പറഞ്ഞത് വിഷ്ണു പടിക്കപ്പറബിലിനെ ഞാന്‍ കവി എന്ന് തന്നെ വിളിക്കാന്‍ ആഗ്രഹിക്കുന്നു. അയാളുടെ പുതിയ കവിതാസമാഹാരം ‘’ ഭൂതം ‘’ വായിക്കാന്‍ ഇടയായി. അതികമൊന്നും കവിതയെ പഠിച്ച് എഴുതാന്‍ അറിയില്ല. പക്ഷെ ഉള്ളില്‍ തെളിഞ്ഞതിലെ ചിലത് ഇവിടെ കുറിക്കാതിരിക്കാന്‍ കഴിയുന്നില്ല. സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടിനും , എ. അയ്യപ്പനും ശേഷമൊക്കെ എന്നെ ഇത്രമേല്‍ അസ്വസ്ഥതമാക്കിയ കവി വേറെ ഉണ്ടായിട്ടില്ല എന്ന് തന്നെ പറയാം . ഇയാള്‍ക്ക് കവിതയിലും ഭാഷയിലും വിഷയസ്വീകാര്യതയിലും എല്ലാം പുതുമ കണ്ടെത്താന്‍ കഴിഞ്ഞു എന്നത് അത്ര ചെറിയ കാര്യമല്ല. കവിതയിലെ തുടക്കകാര്‍ പ്രണയത്തില്‍ മാത്രം കുടുങ്ങി നില്‍ക്കുമ്പോള്‍ ഇയാള്‍ക്ക് ഭൂമിക്ക് കീഴിലെ എല്ലാം കവിതയില്‍ വിഷയം ആകുന്നു. അവിടെയാണ് മുന്‍പ് കവിക്ക് നല്‍കിയ നിര്‍വചനം പൂര്‍ണ്ണമാകുന്നത്., ഇയാള്‍ എല്ലാ വിഷയങ്ങളെ കുറിച്ചും അറിവുള്ളവന്‍ ആയിരിക്കുന്നു. 
അടുത്തിടെ വായിച്ച കവിതാസമാഹാരങ്ങളിലെ ഒന്നില്‍ പോലും എല്ലാ കവിതയും ഞാന്‍ ഇഷ്ടപ്പെട്ടില്ല പക്ഷെ ഇതങ്ങനെ അല്ല… ഒരു സമാഹാരത്തിലെ എല്ലാ കവിതയും വായനക്കാരന് ഇഷ്ടമാകുന്നു.

കവിത ജീവിതമാണ് അത് തെളിയിക്കപെട്ടുകൊണ്ടിരിക്കുന്നു, വിഷ്ണുന്‍റെ ‘’വഴിപിരിയുന്നിടത്ത് ’’ മനുഷ്യ ജീവിതത്തിന്‍റെ ക്ഷണികതയും ഒടുക്കമില്ലാത്ത ആഗ്രഹങ്ങളും സംസാരിക്കുന്നു., ചില മനുഷ്യര്‍ അങ്ങനെയാണ് നേടാന്‍ ആകില്ലെന്ന ഉറപ്പിലും ഒടുക്കം വലിയ ദുരന്തമാകുമെന്ന ബോധ്യം ഉണ്ടെങ്കിലും നിഷ്കളങ്കമായി ആഗ്രഹിച്ചുകൊണ്ടിരിക്കും. വിയര്‍പ്പ് തുള്ളികളിലെ കൂടിചേരലില്‍ എങ്കിലും നമുക്ക് ഒന്നാകാം എന്ന വലിയ ആഗ്രഹം. ഇഷ്ടമില്ലാത്ത ഒരിടത്തും ജീവിതം അവസാനിക്കാതിരിക്കാന്‍ വല്ലാണ്ടങ്ങ് ആഗ്രഹിക്കും . , കാലം കുത്തിട്ട ഇടത്ത് കോമ ഇട്ടുകൊടുക്കും എന്നിട്ട് സ്വയം ആശ്വസിക്കും എനിക്ക് തോന്നുന്നത് അത് ആശ്യാസമല്ല പ്രതീക്ഷയാണ് . ഈ പ്രതീക്ഷയാണ് എല്ലാ മനുഷ്യനെയും ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.

‘’ ഭ്രാന്ത് ‘’ എന്ന കവിതയില്‍ ഇതിന്‍റെ തുടര്‍ച്ച കാണാന്‍ കഴിയുന്നു. ഭ്രാന്തുകള്‍ വെറുക്കപെടുന്ന ഇടങ്ങളില്‍ ആരും കാണാതെ ചില ഭ്രാന്തിനെ ഒന്ന് കെട്ടിപിടിച്ച് ഒരുമ്മ കൊടുത്ത് അങ്ങനെ ചേര്‍ത്ത് നിര്‍ത്തുന്ന ചില പോഴന്മാര്‍ ., ശരിക്കും അവര്‍ ലോകത്തിന് വലിയ പ്രതീക്ഷയാണ്. അങ്ങനെ ഉള്ളവര്‍ ഉള്ളത് കൊണ്ടാണ് ലോകം അവസാനിക്കാതെ ഇരിക്കുന്നത്.

പ്രണയം ഇതുവരെ കണ്ട ഭാവത്തില്‍ പടിക്കപ്പറമ്പിലിന്‍റെ കവിതയില്‍ വരുന്നില്ല എന്നത് വലിയ അത്ഭുതമാണ് സമ്മാനിക്കുന്നത്. അത് മറ്റൊരു തലത്തില്‍ വല്ലാതെ നമ്മെ അസ്വസ്ഥതമാക്കുന്നു, കാരണം ,

‘’ നമ്മുടെ ചുംബനം 

കാളുന്ന വയറുമായി

നമ്മുടെ 

വിശപ്പില്‍ നിന്നിറങ്ങിയോടുന്നത് 

നമ്മള്‍ നോക്കി നില്‍ക്കും 

എങ്കിലും നമ്മള്‍ ചുംബിക്കില്ല.’’

സമചിത്തതയോടെ ജീവിതം ആസ്വദിക്കാന്‍ എവിടെയൊക്കെയോ പറ്റാതെ പോകുന്ന കൂട്ടത്തില്‍ ഇത്തരം ചിലര്‍ പ്രണയത്തിനു നല്ല മാനങ്ങള്‍ നല്‍കുന്നു. ഓര്‍മ്മകളെ ബസ്സില്‍ കയറ്റി യാത്രയാക്കി., അങ്ങനെ ആസ്വദിച്ച് നില്‍ക്കാന്‍ എല്ലാവര്‍ക്കും ആവില്ല. കാരണം മൗനങ്ങള്‍ പൊള്ളുന്ന ശബ്ദങ്ങള്‍ ആകുമെന്ന ബോധ്യം , ബോധ്യമല്ല ചിലപ്പോള്‍ കവിക്കത് അനുഭവം തന്നെ ആവാം അല്ലെങ്കില്‍ അത് വായിച്ചപ്പോള്‍ എനിക്ക് പൊള്ളില്ലായിരുന്നു.

‘’ പകലും രാത്രിയും ‘’ എന്ന കവിത ആരെയോ ബോധിപ്പിക്കാന്‍ ചെയ്യുന്ന മനുഷ്യന്‍റെ അനാവശ്യമായ സംതൃപ്തികളാണ് തള്ളി നില്‍ക്കുന്നത്. അതില്‍ കവിത കൃത്യമായി അളന്നുമുറിച്ച ഭാഷയില്‍ തീക്ഷണമായി വിഷയം അവതരിപ്പിക്കുന്നു.

‘’ ഓരോ

പകലിലും 

നമ്മള്‍ ഓരോ രാത്രിയെ 

ഉറക്കികെടുത്തുന്നുണ്ട്

ഓരോ

രാത്രിയിലും 

നമ്മള്‍ ഓരോ പകലിനെ 

ഉണര്‍ത്തി വെയ്ക്കുന്നുണ്ട്.

എനിക്കും

നിനക്കും

ഉറക്കച്ചടവുകള്‍ ഇല്ല.’’

ചിലത് എന്ന കവിതയില്‍ അയാള്‍ എന്നെ എത്ര മനോഹരമായി അവതരിപ്പിച്ചുഎന്ന് ഞാന്‍ ചിന്തിച്ചുപോയി. എനിക്കതില്‍ അത്ഭുതമില്ല കാരണം അയാള്‍ തന്നെ ആ കവിതയില്‍ പറയുന്നത് 

‘’ ചില കാറ്റുകളുണ്ട് 

നമ്മെ മയക്കി 

നമ്മുടെ മഴയെ 

അപഹരിക്കുന്നത്.’’

ഒരു എത്തുംപിടിയും കിട്ടാതെ എന്നെ അസ്വസ്ഥതമാക്കിയ മറ്റൊന്ന് 

‘’ ഹൃദയത്തില്‍ നിന്ന് പരോളിനു പോകുന്ന നൊമ്പരത്തിന്‍റെ തടവുപുള്ളിയാണ് ‘’ എന്തൊരു അവസ്ഥയാണത്. ‘’ പെയ്ത്ത്’’ എന്ന കവിതയുടെ അവതരണം ഇതുവരെ കാണാത്ത ഒരു ശൈലി തന്നെ സമ്മാനിച്ചു എന്നത് അതിനെ കൂടുതല്‍ മനോഹരമാക്കുന്നു.

മനുഷ്യജീവിതം തനിച്ച് ഒടുങ്ങാന്‍ ഉള്ളതല്ല എന്ന ബോധ്യം അയാള്‍ക്കുണ്ട്., അതെ ബോധ്യം തന്നെ കൂടെ നില്‍ക്കാന്‍ ഇഷ്ടപെട്ടത് തിരികെ കിട്ടില്ലെന്ന ബോധ്യവും എന്നിട്ടും , 

‘’ ഇടക്കിടയ്ക്ക്

പൊടിയുന്ന 

വിയര്‍പ്പ് തുള്ളി പോലും

ഇപ്പോള്‍

അതിന്‍റെ

ഇണയെ തേടാറുണ്ട് ‘’

‘’ പുകച്ചുരുളുകള്‍ ‘ എന്ന കവിത യുവത്വത്തിന് നല്ലൊരു ഓര്‍മ്മപെടുത്താലാണ്., കവിതകള്‍ ആത്മാവിഷ്കാരം ആയിരിക്കുമ്പോഴും അതിന് ചില ഗുണപാഠ സ്വഭാവം കൂടി ഉണ്ടാകുന്നു.

‘’ അയ ‘’ എന്ന കവിത കപടസദാചാരത്തെ പൊളിച്ചടുക്കുന്നുണ്ട്. അത് ഏതായാലും കലക്കി. ശരിക്കും അങ്ങനെയൊക്കെ സംഭവിക്കുന്നത് അടങ്ങാത്ത കാമനകളെ ആരെയോ ബോധിപ്പിക്കാന്‍ വേണ്ടി ഉള്ളില്‍ ഒതുക്കുമ്പോള്‍ ഉണ്ടാകുന്ന അത്ര ചെറുതല്ലാത്ത വിപത്തുകളാണ്. 

വിഷ്ണുനെ കവിത എഴുതാന്‍ പ്രേരിപ്പിച്ചത് ചില ഓര്‍മ്മകളും മറ്റ് ചില പ്രതീക്ഷകളും മാത്രമല്ല . അടുത്തിടെ ഇറങ്ങിയ ഒരു മലയാള ചലച്ചിത്രം മുന്നോട്ട് വെയ്ക്കുന്ന മനുഷ്യന്‍റെ സമകാലീന മാനസികമായ സവിശേഷതകള്‍ കൂടെ കവിതയില്‍ വിഷയമാകുന്നു. ഒരു കവി എന്തെല്ലാം ആകണമോ അതൊക്കെ സ്വഭാവികമായും അയാള്‍ ആകുന്നുണ്ട്. ഇതിലെങ്ങും മുഴച്ച് നില്‍പ്പ് ഉണ്ടാകുന്നില്ല എന്നതാണ് അതിന്‍റെ മാറ്റ് കൂട്ടുന്ന വസ്തുത. [ ‘’ ലോങ്ങ് ഷോട്ട് , മിഡ് ഷോട്ട് , ക്ലോസ് ഷോട്ട് ] .

‘’ ശ്വാസം ’’ എന്ന കവിതയില്‍ ജീവിതാവസ്തയുടെ മറ്റൊരു തുറന്നെഴുത്ത് കാണാന്‍ കഴിയുന്നു. അതിന്‍റെ തുടര്‍ച്ചയായി തന്നെ ‘’ പുത്തകം ‘’ എന്ന കവിത കൂട്ടി വായിക്കാന്‍ ഞാന്‍ ഇഷ്ടപെടുന്നു.

കവി ഒരു പ്രവാചകന്‍ ആകുന്നു എന്നത് ഇയാടെ ‘’ ളോഹ’’ എന്ന കവിത വായിക്കുമ്പോള്‍ ബോധ്യമാകും . ഇതെങ്ങനെ ഈ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവം അയാള്‍ അത്ര നേരത്തെ അറിഞ്ഞത്….., മനോഹരമായി ഇയാള്‍ക്ക് വിമര്‍ശിക്കാന്‍ കഴിയുന്നു, അതും കവിതയിലൂടെ. കവിത എപ്പോള്‍ എഴുതി എന്നല്ല അത് കാലികാമായി നില്‍ക്കുന്നു എന്നതാണ് .

ഗതകാലസ്മരണകളിലേയ്ക്ക് നമ്മെ ഒരു നാരങ്ങ മിട്ടായി നുണയുന്ന അനുഭൂതി നല്‍കികൊണ്ട് പോകാന്‍ ത്രാണിയുള്ള കവിതയാണ് ‘’തപാല്‍പ്പെട്ടി’’ ഇത് വിഷ്ണുന്‍റെ കവിത ഉത്തരാധുനികതയില്‍ എത്തി നില്‍ക്കുന്നു എന്നതിന് ഉദാഹരണം കൂടിയാണ്., ചിലതൊക്കെ നഷ്ടമാകാന്‍ പാടില്ല എന്ന അയാളുടെ ആഗ്രഹം മനസ്സിന്‍റെ വിശാലമായ ഇടങ്ങളെ കാട്ടി തരുന്നു. ‘’ അടക്കാമരങ്ങള്‍ ‘’ എന്ന കവിതയിലും അയാളുടെ ഇത്തരം ചിന്തകള്‍ തുടരുന്നുണ്ട്.

‘’ ഉടല്‍ യാത്ര’’ എന്ന കവിത എല്ലാ മതിലുകളെയും പൊട്ടിച്ചെറിഞ്ഞ്‌ ചില ലക്ഷ്യങ്ങള്‍ നേടണം എന്ന യൗവ്വനം തന്നെയാണ് ബോധ്യമാക്കുന്നത്.

‘’തവള പത്തല്‍ ‘’ എന്ന കവിതയില്‍ സഹിക്കാന്‍ കഴിയുന്നതിന് അപ്പുറത്ത് ആകുമ്പോള്‍ നല്‍കുന്ന ചില ഓര്‍മ്മപെടുത്തലുകള്‍ അയാള്‍ സമൂഹത്തിന് നല്‍കുന്നുണ്ട്. 

‘’ ഇനി നിങ്ങള്‍ കേള്‍ക്കുക 

വെറും പേക്രോം

ശബ്ദങ്ങളായിരിക്കില്ല

ഇടിമുഴങ്ങുന്ന

ഈന്‍ക്വിലാബുകളായിരിക്കും.’’

‘’ മരണം ‘’ എന്ന കവിതയൊക്കെ അസാധ്യമായവ തന്നെ., ഇങ്ങനൊക്കെ കവിതയെഴുതാന്‍ എല്ലാവര്‍ക്കും കഴിയില്ല എന്നതാണ് സത്യം. ആ കവിത മുഴുവന്‍ ഇവിടെ നല്‍കണം എന്നുണ്ട് , ചെയ്യുന്നില്ല എല്ലാവരും പുസ്തകം വാങ്ങിച്ച് വായിക്കുക തന്നെ വേണം.

‘’ഓപ്പന്‍ ഓട്ട് ‘’ എന്ന കവിതയെ കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല . അടുത്ത ഇലക്ഷന്‍ വരുമ്പോള്‍ അത് ഇങ്ങേരുടെ പേരില്‍ പോസ്റ്റ് ചെയ്യാന്‍ പദ്ധതി ഇട്ടിരിക്കുന്നു. ആ കവിതയൊക്കെ ഇത്തരി മുഴുത്ത കലഹങ്ങള്‍ തന്നെ.

ഇയാളുടെ ‘’ ഉന്മാദി ‘’ എന്ന കവിതയിലെ ഭാഷയാണ്‌ എനിക്കേറെ ഇഷ്ടമായത്. ആ കവിതയും എല്ലാവരും പുസ്തകം സ്വന്തമാക്കി വായിക്കുക തന്നെ ചെയ്യട്ടെ…. 

മാന്‍ ‘’ നട്ടും ബോള്‍ട്ടും’’ കിടു വര്‍ക്ക് തന്നെ….. ഇങ്ങളില്‍ അസൂയ ജനിക്കുന്നു.

‘’ഫ്രീഡം ഡേ’’ അത് ശരിക്കും ഒരുതരം ഉന്മാദമാണ്‌.. അയാളിലേക്ക് ചെന്ന് പണ്ടാരമടങ്ങി ഒടുങ്ങി ചാകാന്‍ തോന്നുന്നു… അത് വായിച്ചപ്പോള്‍ വല്ലാതങ്ങ് ഇളകി മറിഞ്ഞു പോയി… മാന്‍…

‘’ ബാവുക്കാന്‍റെ ചായക്കട’’യൊക്കെ കവിതയിലെ ദൃശ്യ സാധ്യത വെളിവാക്കുന്നു. ഒരു ജീവിതം സിനിമ പോലെ കാണാന്‍ കഴിയുന്നു. വിഷ്ണുന്‍റെ കവിതയിലെ എടുത്ത് പറയണ്ടിയ പ്രത്യേക എന്ന്‍ എനിക്ക് തോന്നുന്നത് അവറ്റകള്‍ ചില നേരം ദുര്‍ഗ്രഹമായതും ചിലനേരം വളരെ ലളിതവും ആയിരിക്കുന്നു.

‘’ തീവ്രം ‘’ എന്ന കവിത ഇങ്ങള് ലക്ഷ്യം വെച്ച ആള്‍ വായിച്ചാല്‍ …,, വിഷ്ണു ., ആള് ചങ്ക് പൊട്ടി ചാകും….

കവിതയില്‍ പ്രാദേശിക ഭാഷയിലെ വല്ലാത്തൊരു ഇടപെടീല്‍ ‘’ വിത്ത് യൂ വിത്തൌട്ട് യൂ ‘’ എന്ന കവിതയില്‍ കാണാന്‍ കഴിയുന്നു… വിഷയവും അവതരണവും വൈവിധ്യമുള്ളതാക്കുക എന്നത് അങ്ങനെ അനേകം ആള്‍ക്കാരില്‍ കാണുന്ന ഒന്നല്ല. 

മതം ജീവിതത്തില്‍ ഇടപെടരുത് എന്ന് ആഗ്രഹിക്കുന്ന ദിവാകരന്‍ ചേട്ടനെ അവതരിപ്പിച്ച ‘’ റീത്ത് ‘’ കവിത മനോഹരമായിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ തരമില്ല വിഷ്ണു. 

‘’ ണ് , ല്ല് ‘’ എന്നിവ ഒരു ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും കാണിക്കുന്നു. 

‘’ അബോര്‍ഷനി’’ലെ നായിക പോലെ ഒരാള്‍ ഇങ്ങള്‍ക്ക് ഉണ്ടാവട്ടെ. വിട്ട് പോകാതെ കൂടെ കൂടട്ടെ… എല്ലാവരെയും കൊല്ലട്ടെ…

‘’പെണ്‍മരം’’ എന്ന കവിതയില്‍ കവി എത്രത്തോളം സ്ത്രീയെ ബഹുമാനിക്കുന്നു എന്നത് കാണാന്‍ കഴിയുന്നു. 

‘’പ്രേമ’’ത്തില്‍ പറയുന്ന പോലെ ആണെങ്കില്‍ ഇനി സിനിമ കാണാന്‍ പോകണ്ട എന്നാണ് എന്‍റെ ഒരു ഇത് … ഹ ഹ ഹ . 

എനിക്ക് ഇനിയും ഈ പുസ്തകത്തെക്കുറിച്ച് സംസാരിക്കാനുണ്ട് . എല്ലാ കവിതകളെയും കുറിച്ച് പറയാന്‍ കഴിയാത്തതില്‍ വിഷമം ഉണ്ട്.. ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്ന ചുരുക്കം ചിലരില്‍ ഒരാള്‍ മാത്രമാണ് വിഷ്ണു പടിക്കപ്പറബില്‍., കാലം ആവശ്യപ്പെടുന്നവ എഴുതാന്‍ കഴിയുക എന്നത് അത്ര ലളിതമായ ഒന്നല്ല. അത് അയാള്‍ക്ക് കഴിയുന്നു എന്നത് കൊണ്ട് ബഹുമാനവും സ്നേഹവും ഇരട്ടിക്കുന്നു.

പ്രിയ കവിക്ക് ഉമ്മകള്‍ …

Leave a Reply

Your email address will not be published. Required fields are marked *