By Bindhya Pushpa

തിരുവനന്തപുരം:ഭൂഗോളത്തിന്റെ 70% അധികം വരുന്ന ജലവിതാനത്തിനു ഇടയിലായി പെട്ടുകിടക്കുന്ന ദ്വീപുകൾ പോലെയാണ് ഓരോ ഭൂഖണ്ഡവും. അവയിലോരോന്നിലായ് ചിതറി കിടക്കുന്ന മനുഷ്യകുലം.ആ സമാനതയെ പൊളിറ്റിക്കലി വേർതിരിച്ചു നിർത്തുന്ന 195 അധികമുള്ള രാഷ്ട്രഭാവനകൾ.

ഓരോ രാജ്യവും സാംസ്കാരികമായും ഭാഷാപരമായും രാഷ്ട്രീയപരമായും ഭൗമപരമായും ഒന്നൊന്നിൽ നിന്നും വിഭിന്നമായിരിക്കെ, ആ വിഭിന്നതയെ ലാക്കാക്കി ഒരു വളർന്നു ചീർത്ത ഒരു  പരാന്നഭോജിക്ക് തുല്യമാണ് ദേശീയത. അത് അമിതദേശീയതയാകുമ്പോൾ മനുഷ്യകുലത്തിന്റെ തന്നെ നാശം സംഭവ്യമാകും.ദേശീയതയെന്ന ബോധം വളരെ സ്വാഭാവികമാണെന്ന രീതിയിൽ അടിച്ചേല്പിക്കപ്പെടുന്നതോ, സാമൂഹികചുറ്റുപാടുകളുടെ ഫലമായി നമ്മിലേക്ക് വന്നു ചേരുന്നതോ ആണ്. നമ്മുടെ ചിന്തകളെ നിയന്ത്രിക്കുംവിധം അത് നമ്മിൽ അടിഞ്ഞുകൂടുന്നത് പലപ്പോഴും നാം തിരിച്ചറിയാറില്ല. ആ ചിന്ത സ്വന്തം രാജ്യത്തിലേക്കും സ്വന്തം രാഷ്ട്രീയലാഭത്തിലേക്കും സ്വന്തം നേട്ടങ്ങളിലേക്കും മാത്രമായി നമ്മുടെ ആവശ്യങ്ങളെ ചുരുക്കുന്നു.

മനുഷ്യകുലത്തിന്റെ ചരിത്രം പരിശോധിച്ചാൽ പക്ഷെ ഇന്നുവരെ ഈ ലോകത്തിന്റെ ഗതി തിരിച്ച വിപ്ലവങ്ങൾ ഒന്നും അത്തരം സ്വാര്ഥതയിലൂന്നിയതായിരുന്നില്ല എന്ന് കാണാൻ കഴിയും.
ചിക്കാഗോ തെരുവുകളിൽ ഉയർന്ന 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം, 8 മണിക്കൂർ ആനന്ദം എന്ന മുദ്രാവാക്യം ലോകത്തെമ്പാടുമുള്ള തൊഴിലാളികളുടെ ജീവിതം മാറ്റി മറിച്ചു. 
ഒരിക്കലും പരാജയപ്പെടാത്ത വിപ്ലവകാരി സഖാവ് ചെഗുവേരക്ക് ജന്മം കൊടുത്തത് അര്ജന്റീന ആയിരുന്നുവെങ്കിലും, സഖാവ് പോരാടിയത് മുഴുവൻ രാജ്യാതിർത്തികള്ക്കപ്പുറമുള്ള മനുഷ്യർക്ക് വേണ്ടിയായിരുന്നു.ഭാരതസംസ്കാരം ലോകത്തിനു മുന്നോട്ടു വെച്ച ആപ്‌തവാക്യം ലോക സമസ്താ സുഖിനോ ഭവന്തു എന്നാണു.

പക്ഷെ എവിടെയാണ് ഈ സമഭാവന നമുക്ക് കൈമോശം വന്നത് ?നിസ്സംശയം, അത് ചരിത്രബോധമില്ലാത്ത, വിവേകശൂന്യരായ രാഷ്ട്രനേതാക്കൾ പലയിടങ്ങളിലായി ജന്മംകൊണ്ടതിനു ശേഷമാണ്. അവർ ചോദ്യംചെയ്യപ്പെടാത്തവരായി വിരാജിതരാകാൻ തുടങ്ങിയപ്പോഴാണ്. അവരെ അധികാരപർവത്തിന്റെ കൊടുമുടികളിൽ പ്രതിഷ്ഠിച്ചപ്പോഴാണ്.അവരെ അന്ധമായി പിന്തുടരുന്ന ഒരു കൂട്ടം ഓരോയിടത്തും വർധിക്കാൻ തുടങ്ങിയപ്പോഴാണ്.

നമ്മളെങ്ങനെ നമ്മളായെന്നു പഠിക്കാത്തവർ അകംപൊള്ളയായ പുറംചട്ടകൾ ചുമക്കുന്നവരാണ്. ഉൾക്കാമ്പു ചോർന്ന ചട്ടകൾ അടുത്തതലമുറയിലേക്കു കൈമാറ്റം ചെയ്യപ്പെടാൻ യോഗ്യമല്ല. എന്നാൽ ദേശീയവാദത്തിന്റെ സത്വത്തിനെ പായിച്ചുകളയാൻ കഴിവുണ്ടായവർ മറ്റൊരു ഉത്തരവാദിത്തം നിറവേറ്റേണ്ടതായുണ്ട്. ചരിത്രപരമായ പഠനവും ശാസ്ത്രബോധവും കുഴിച്ചുമൂടപ്പെട്ടു പോകാതെ പ്രചരിപ്പിക്കണം.

ഭൂമിയുടെ ചരിത്രം :

ഭൗമപാളികളുടെ തെന്നിനീങ്ങലുകൾ ആണ് ലോകത്തിന്റെ ഇന്നത്തെ രൂപത്തിലേക്കെത്തിച്ചത്. ആൽഫ്രഡ്‌ വെഗ്നർ മുന്നോട്ടുവെച്ച കോണ്ടിനെന്റൽ ഡ്രിഫ്ട് തിയറി (വൻകര വിസ്ഥാപന സിദ്ധാന്തം ) ആണ് ഈ നിഗമനങ്ങൾക്ക് അടിസ്ഥാനം. ശാസ്ത്രലോകം ഫോസിൽ പഠനങ്ങളിലൂടെയും മനുഷ്യന്റെ ഡിഎൻഎ  പഠനങ്ങളിലൂടെയും ഈ സിദ്ധാന്തം തന്നെയായിരുന്നു ചരിത്രമെന്നു ഒന്നുകൂടി അടിവരയിട്ടുറപ്പിക്കുന്നു.
ഭൂമിയുടെ ചരിത്രം നോക്കിയാൽ 250 മില്യൺ വര്ഷങ്ങള്ക്കു മുൻപ് തമ്മിൽ തമ്മിൽ അതിരുകളില്ലാതെ ഒന്നായ്‌ക്കിടന്നൊരു മഹാ ഭൂഖണ്ഡം ആയിരുന്നു – പാൻജിയ എന്നാണ്,ഏറ്റവും ഒടുവിലെ മഹാഭൂഖണ്ഡത്തിനു  ശാസ്ത്രജ്ഞർ നൽകിയ  പേര് . ഉഭയജീവികളും ഉരഗങ്ങളും തുടങ്ങി പലവക ജീവി വർഗങ്ങൾ (ദിനോസറുകൾ ഉൾപ്പടെ ) ആ ഭൂഖണ്ഡത്തിലുണ്ടായിരുന്നു. 
അതിനിടയിൽ 95%ഓളം വരുന്ന ജീവിവർഗങ്ങളെ അപ്രത്യക്ഷമാക്കിക്കൊണ്ടു ഒരു മാസ്സ് extinction സംഭവിക്കുകയുണ്ടായി.

അതിനുശേഷം, ഇന്നേക്ക് 200 മില്യൺ വര്ഷങ്ങള്ക്കു മുൻപായി ഉത്തരവും ദക്ഷിണവുമായി രണ്ടു ഭൂഖണ്ഡങ്ങൾ രൂപപ്പെട്ടു. പാൻജിയ എന്ന ഒറ്റ ഭൂഖണ്ഡത്തിൽ നിന്നും ഉത്തരഭാഗതേക്ക് നീങ്ങിയ ലൗറേഷ്യയും ദക്ഷിണഭാഗത്തേക്ക് നീങ്ങിയ  ഗോണ്ട്വാനാലാൻണ്ടും. ആദ്യത്തെ പാൻജിയയിലെ ജീവിവർഗങ്ങൾ – മിക്കവാറും മുതലകളും പല്ലികളും കടലാമകളും ദിനോസറുകളും രണ്ടു ദിക്കിലേക്കും വേർപിരിഞ്ഞുപോയ്‌.  സമൂഹജീവികൾ ആയിരുന്നവ  ഭൂഖണ്ഡങ്ങളായി തിരിഞ്ഞപ്പോൾ ഓരോ ജനുസ്സുകളും പ്രത്യേകയിടങ്ങളിൽ എത്തപ്പെട്ടു.
ജുറാസിക് കാലഘട്ടത്തിന്റെ സമയത്തു ഭൂമിയിലെ രണ്ടു ഭൂഖണ്ഡങ്ങൾ തമ്മിലുള്ള വിള്ളൽ തുടർന്നുകൊണ്ടിരുന്നു. ഉത്തരഭാഗത്തു അന്റാർട്ടിക്ക ഓസ്ട്രേലിയ ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവ പ്രധാനഭൂഭാഗത്തിൽ നിന്നും അകലാനും തുടങ്ങി. ദക്ഷിണ അമേരിക്കയും ദക്ഷിണആഫ്രിക്കയും അടങ്ങുന്ന ഭൗമപാളികൾ അകലുന്നതും ഇക്കാലയളവിൽ ആണ്. 1660ൽ ഫ്രാൻസിസ് ബേക്കൺ കണ്ടെത്തിയ, ദക്ഷിണ അമേരിക്കയുടെയും ദക്ഷിണ ആഫ്രിക്കയുടെയും തീരങ്ങൾക്ക്, തമ്മിൽ ചേർന്ന് ഒന്നാകാവുന്ന രൂപസവിശേഷതയുടെ മൂലകാരണമാണ് ഈ വിസ്ഥാപനം.

ഇന്നേക്ക് ഏകദേശം 65 മില്യൺ വര്ഷങ്ങള്ക്കു മുൻപായി തന്നെ ഭൂഖണ്ഡങ്ങൾ ഏകദേശം ഇന്നുകാണുന്ന രീതിയിലേക്കെത്തി. പിന്നീട് ഇന്ത്യൻ ഉപഭൂഖണ്ഡം ദക്ഷിണാഫ്രിക്കയുടെ ഭൗമചരിത്രവും പേറി  ഏഷ്യൻ ഭൂഖണ്ഡത്തിനടുത്തേക്കും ആസ്‌ത്രേലിയ എല്ലാ കരഭാഗങ്ങളിൽ നിന്നും ദൂരേയ്ക്കും അന്റാർട്ടിക്ക ഭൂമധ്യരേഖയിൽ നിന്നുമേറ്റവും അകലേക്കും നീങ്ങിയെത്തിയതോടു കൂടി ഇന്നുകാണുന്ന ലോകഭൂപടത്തിനു നിലവിലെ രൂപം ലഭിച്ചു.
ഇതാണ് ഭൂമിയുടെ ചരിത്രം. മനുഷ്യൻ എന്നത് മറ്റു ജീവിവർഗങ്ങളെ പോലെ തന്നെയെന്ന് തിരിച്ചറിഞ്ഞാൽ,  ഏവർക്കും പൊതുവായ ഒരു ചരിത്രമുണ്ടെന്നു മനസിലാക്കാം. തന്റേതല്ലാത്ത, പ്രകൃതി  ശക്തികളുടെ പ്രഭാവത്തിൽ പെട്ട് പലയിടത്തായി വിഭജിച്ചു പോയ നമ്മുടെ തന്നെ പിന്മുറക്കാരാണ് ഈ ലോകത്തിന്റെ പലഭാഗങ്ങളിലുള്ളത്. കാഴ്ചയ്ക്കപ്പുറം, മനുഷ്യനെ തമ്മിൽ തമ്മിൽ ബന്ധിപ്പിക്കുന്ന രഹസ്യങ്ങളാണ് ഡിഎൻഎ  പഠനങ്ങളിൽ പുറത്തുവരുന്നത്. 

ആദിമ ആഫ്രിക്കൻ മനുഷ്യവംശരുടേതുമായി സാമ്യമുള്ള ഡിഎൻഎ പേറുന്നവരാണ് ലോകത്തിൽ ഒട്ടുമുക്കാൽ മനുഷ്യരും. കാലാന്തരത്തിൽ പലദിക്കുകളിലായി വിഭജിച്ചുപോയവർ, പലയിടങ്ങളിലായി കുടിയേറിപ്പാർത്തവർ, തങ്ങൾ വന്ന വഴി മറന്ന്, കുടിയേറ്റങ്ങൾ വേലി കെട്ടിത്തിരിച്ചു. അധികാരമെന്ന വ്യവസ്ഥയാരംഭിച്ചു, അന്യനെ ചൂഷണം ചെയ്തു, പ്രകൃതിയിലെ മറ്റു ജീവിവർഗങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രവര്ത്തിക്കാന് തുടങ്ങിയതോടുകൂടിയാണ് എല്ലാ സ്ഥിതിഗതികളും മാറിയത്.

ഒരേ പാരമ്പര്യം സൂക്ഷിക്കുന്നവരിൽ എന്തിനാണ് അനാരോഗ്യകരമായ മത്സരം ? ഈ മത്സരമനോഭാവം, ഒന്ന് മറ്റൊന്നിനുമേൽ ശക്തികാണിക്കുവാനും പിടിച്ചടക്കുവാനുമുള്ള മനസ്ഥിതിയിലേക്ക് നയിച്ചു. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതികൾക്ക് വഴിവെച്ചു.

ഒരിക്കൽ തന്റേതല്ലാത്ത ശക്തിപ്രഭാവങ്ങളിൽ പെട്ട് അകന്നു പോയവരായിരുന്നു എങ്കിൽ, ഇന്ന് അധികാരത്തിന്റെ ദണ്ഡുപയോഗിച്ചു തല്പരശക്തികൾ മനുഷ്യരെ മനപ്പൂർവം അകറ്റി നിർത്തുന്നു.
സാമൂഹ്യജീവിതത്തിന്റെ അന്തസത്ത ചോർത്തി കൊണ്ട്, സമൂഹമെന്നതു ഓരോ ദ്വീപുകളായ് മാറിയത് അങ്ങനെയാണ്. മനുഷ്യസമൂഹം എന്ന ഏകഭാവത്തിൽ നിന്നും പലദേശങ്ങളെന്ന ഭ്രാന്തൻ ചിന്തകൾ ആളിക്കത്തിക്കപ്പെട്ടു.

ഭൂപടങ്ങളിൽ അതിരുകൾ വരച്ചത് അധികാരം നിലനിർത്താൻ ആയിരുന്നുവെങ്കിലും അകലങ്ങൾ സൃഷ്ടിക്കപ്പെട്ടത് മനസുകളിലായിരുന്നു. ഭൂതകാലത്തിൽ ഒരേ തറവാടും ഒരേ പാരമ്പര്യവും ഒരേ സ്വഭാവങ്ങളും പൊതുവായി ഉണ്ടായിരുന്നവർ, വേര്പിരിഞ്ഞതിൽ പിന്നെ തങ്ങളേതോ വിശിഷ്ടനിർമിതികൾ എന്ന അഹങ്കാരം വളർത്തിക്കൊണ്ടുവന്നു. കടന്നുപോയ  അതിജീവനത്തിന്റെ സംസ്കാരങ്ങളിൽ തങ്ങൾക്കൊരു പങ്കുമില്ലെങ്കിലും അവയെ മറ്റാരുടെ ചരിത്രങ്ങളെക്കാളും ഉയരത്തിൽ നിർത്താൻ കൊതിച്ചു.
ഇവർക്ക്  പ്രത്യക്ഷത്തിലെ സാമൂഹിക ജരാനരകളെയും ആസന്നമായ വിപത്തുകളെയും കണ്ടാൽ തിരിച്ചറിയാൻ ആകാത്ത വിധം അന്ധത ഭവിക്കുന്നു. ഭാഷാ കലാ സാംസ്‌കാരിക തലങ്ങളിൽ നിന്നും വേർപെട്ട് ഒരു രാജ്യത്തിൻറെ അതിരുകളിലൊതുങ്ങുന്ന സ്വത്വബോധത്താൽ നിറയുന്നു. 
ചൂഷണാടിസ്ഥാനത്തിൽ നിലവിലുള്ള ഇന്നത്തെ വ്യവസ്ഥിതിയുടെ പുഴുക്കുത്തുകൾ കാണാതെ പോകുന്നു. ചോദ്യങ്ങൾ ചോദിയ്ക്കാൻ വിടാത്തവണ്ണം മന്ദത ഭവിക്കുന്നു.

തങ്ങൾ ചെയ്യുന്നതും പറയുന്നതുമെല്ലാം ദേശീയതയുടെ ബഹിർസ്ഫുരണങ്ങൾ ആണെന്ന് നേതാക്കൾ അണികളെ പഠിപ്പിക്കുന്നു. “രാജ്യത്തിന് വേണ്ടി ” എന്ന ലേബലിൽ ലാഭമുണ്ടാക്കാനുള്ള പുതുപുതു മാർഗങ്ങൾ അനുദിനം തുറക്കുന്നു. തങ്ങൾ ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നുപോലും തിരിച്ചറിയാത്ത മാന്ദ്യം.
അമിത ദേശീയതയും ആ രാജ്യത്തിലെ മറ്റു പിന്തിരിപ്പൻ രീതികളും പരസ്പര പൂരകങ്ങളായി തുടരുന്നു. 

മതവിശ്വാസത്തെ ദേശ്ശീയതയുമായി കൂട്ടിക്കെട്ടുന്നു. ചരിത്രത്തെ ദേശീയതയോട് കൊരുത്തിടുന്നു. തമ്മിൽ ലയിക്കാൻ അനുവദിക്കാൻ വിടാത്തവണ്ണം ഓരോ സംസ്കാരത്തെയും വെവ്വേറെ നൂലുകളിൽ കോർത്തിടുന്നു.
ചൂഷണം മനുഷ്യജീവിതത്തെ ദുസ്സഹമാക്കുവാൻ തുടങ്ങിയപ്പോൾ സർവജന ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ബോധമുണ്ടാക്കുവാൻ സഹായിച്ച മുദ്രാവാക്യമായിരുന്നു “സർവ്വരാജ്യത്തൊഴിലാളികളെ സംഘടിക്കുവിൻ ” എന്ന ആഹ്വാനം. രാജ്യദേശാതിർത്തികൾക്കു അപ്പുറത്തു മനുഷ്യന്റെ പ്രശ്നങ്ങളും ദുരിതങ്ങളും എല്ലാം ഒന്നാണെന്നും അവയെ പറിച്ചെറിയുവാൻ ഐക്യബോധമുണ്ടാകണമെന്നും ഒരു നൂറ്റാണ്ടിലെ ജനത തിരിച്ചറിഞ്ഞു. 

തങ്ങളുടെ അവകാശങ്ങൾക്കു മുകളിലല്ല ഒരു സാമ്രാജ്യത്വത്തിന്റെയും സ്ഥാനം എന്ന് മനസ്സിലാക്കിയവർ ആയിരുന്നു ലോകത്തിന്റെ ഗതിതിരിച്ചുവിട്ട വിപ്ലവങ്ങൾ നടത്തിയവർ. തന്നെപോലെ തന്നെ അന്യനും എന്ന തുല്യതാബോധം ആണ് വിപ്ലവങ്ങളുടെ വിജയം. ഓരോ വിപ്ലവങ്ങളുടെയും ഗുണഭോക്താക്കൾ ലോകമെമ്പാടുമുള്ള  സമാനാനുഭവസ്ഥർ ആണെന്നത് ദേശീയതയെന്ന പൊള്ളത്തരത്തിനെ പൊളിക്കുന്നു.

സമത്വവാദികൾ സർവ്വദേശീയത ആഗ്രഹിക്കുമ്പോൾ ദേശീയവാദികൾ അഭയാർത്ഥികളെ നിഷ്കരുണം തിരസ്കരിക്കുന്നു. 

സമത്വവാദികൾ പുരോഗമനം ആവശ്യപ്പെടുമ്പോൾ ദേശീയവാദികൾ രാജ്യാതിർത്തികൾക്കുള്ളിലെ ജീർണതകളിൽ ആനന്ദം കണ്ടെത്തുന്നു.
മുതലാളിത്തം അതിന്റെ ഏറ്റവും പാരമ്യതയിൽ എത്തിനിൽക്കുന്ന ഈ കാലഘട്ടത്തിൽ, കണ്ണിൽപൊടിയിടാൻ എന്നപോൽ അവർ തന്നെ അവതരിപ്പിച്ച ഒന്നായിരുന്നു ആഗോളവത്കരണം. ലോകമാസകലം ഒന്നെന്ന കൺസെപ്റ്റ്  ആയിരുന്നു അവർ മുന്നോട്ടു വെച്ചത്. പക്ഷെ, ആഗോളവത്കരണം, ചൂഷണത്തെ വീണ്ടും വീണ്ടും ശക്തമാക്കി. ലാഭം കൊയ്യുന്ന വിളനിലങ്ങൾ മാത്രമായ് രാഷ്ട്രങ്ങളെ ചുരുക്കി. ആഗോളവത്കരണ ഉദാരവത്കരണ നവ ലിബറൽ നയങ്ങൾ രാജ്യങ്ങൾ തമ്മിലെ അന്തരം വർധിപ്പിച്ചു. ഒരിടത്തു സമ്പത്ത് കുമിഞ്ഞുകൂടുമ്പോൾ ലോകത്തിന്റെ മറ്റൊരുകോണിൽ ദാരിദ്ര്യം താണ്ഡവമാടുന്നു. എന്നിട്ടും ദേശീയതയുടെ മാർക്കറ്റിനു ഇടിവില്ല.
തീവ്രദേശീയവാദികൾ,തീവ്ര മതവാദികളെ പോലെ തന്നെ അപകടകാരികൾ ആണ്. അവർ  തങ്ങൾ ശത്രുക്കളാൽ ചുറ്റപ്പെട്ടവർ എന്ന് സ്ഥാപിച്ചെടുക്കുന്നു. തങ്ങൾ തന്നെ സൃഷ്ടിക്കുന്ന ശത്രുക്കളുടെമേൽ വിജയം വരിക്കാൻ വേണ്ടിമാത്രമായി  യുദ്ധമുണ്ടാകാൻ ആഗ്രഹിക്കുന്നു. വായ്ത്താരികൾ കൊണ്ട് ചീട്ടുകൊട്ടാരങ്ങൾ പണിയുകയും കർമങ്ങൾ കൊണ്ട് ദോഷങ്ങൾ വരുത്തുകയും ചെയുന്നു.

കണ്ടുനിൽക്കവേ പടർന്നുകയറുന്ന അർബുദമാണ് തീവ്രദേശീയവാദം. അതിനാൽ തന്നെ ശരിയായ ചരിത്രാവബോധവും ശാസ്ത്രബോധവും ഇല്ലാത്തിടത്തു ദേശീയവാദം വേരുറപ്പിക്കും. മനുഷ്യവർഗം ഒന്നാകെ തന്നെ കടന്നു വന്ന അതിജീവനത്തിന്റെ നന്മകൾ സങ്കുചിതമായ ദേശീയവാദങ്ങളിൽ അലിഞ്ഞ്‌ പോകാതെ ഇരിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *