608678-kancha-ilaiah-twitter

By MS Praveen 

വാറങ്കലിൽ ഒരു ഒബിസി കുടുംബത്തിൽ ജനിച്ച് ദലിതുകൾക്കു വേണ്ടി എഴുതുകയും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്ത് സാംസ്‌കാരിക ഔന്നത്യത്തിലേക്ക് നടന്നുകയറിയ പ്രശസ്ത ദലിത് ആക്ടിവിസ്റ്റും ചിന്തകനും എഴുത്തുകാരനുമാണ് കാഞ്ച ഐലയ്യ. ആംഗലേയവും തെലുങ്കും ഒരേപോലെ കൈകാര്യം ചെയ്യുന്ന അദ്ദേഹം താൻ എഴുതിയ Why I Am Not a Hindu , God as Political Philosopher: Buddha’s Challenge to Brahminism , Buffalo Nationalism: A Critique of Spiritual Fascism , Post-Hindu India: A Discourse in Dalit-Bahujan Socio-Spiritual and Scientific Revolution തുടങ്ങിയ പുസ്തകങ്ങളുടെ പേരിൽ സംഘപരിവാറിന്റെ കടുത്ത ഭീഷണിയെ നേരിടുകയാണ്. വധഭീഷണിയടക്കം അദ്ദേഹത്തിനെതിരെ സംഘ് മുഴക്കിക്കഴിഞ്ഞു. ധാബോൽക്കർ , പൻസാരെ , കൽബുർഗി , ഗൗരി ലങ്കേഷ് സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ ഭീഷണിക്ക് ഏറെ ഗൗരവം കല്പിക്കേണ്ടതുണ്ട്. കഴിഞ്ഞദിവസം അദ്ദേഹം ക്രൂരമായി വാറങ്കലിൽ ആക്രമിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി. ASJ – അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന ബാനറിൽ എസ്എഫ്ഐ അടക്കമുള്ള ഇടത് , പുരോഗമന , അംബേദ്കറൈറ്റ് വിദ്യാർത്ഥി സംഘടനകളുടെ കൂട്ടായ്മ്മ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നേടിയ വലിയ വിജയവും സംഘിനെ പ്രകോപിപ്പിച്ചിരിക്കാം . എന്തായാലും സംഘ് ഈ പ്രവർത്തിക്കു പറഞ്ഞ ന്യായവാദം Post Hindu India എന്ന തന്റെ പുസ്തകത്തിൽ ഐലയ്യ പറഞ്ഞിരിക്കുന്ന Social Smuggling അല്ലെങ്കിൽ സാമൂഹികമായ ഒളിച്ചുകടത്തൽ എന്ന പ്രയോഗം ചില ആര്യ വൈശ്യ സമുദായങ്ങളെ പ്രകോപിപ്പിച്ചിട്ടുണ്ടാവും എന്നതാണ്.

എന്താണ് സോഷ്യൽ സ്മുഗ്ഗലിംഗ് അഥവാ സാമൂഹിക ഒളിച്ചുകടത്തൽ ? കാഞ്ച ഐലയ്യ എന്ന മഹാമനീഷിയുടെ തന്നെ വാക്കുകളിലേക്ക് നോക്കൂ …

“ഞാൻ എന്റെ പുസ്തകത്തിൽ മുന്നോട്ടുവച്ച സാമൂഹിക ഒളിച്ചുകടത്തൽ എന്ന ആശയം രണ്ടു തെലുങ്ക് സംസ്ഥാനങ്ങളിലും ഒരു ക്രമസമാധാന പ്രശ്നം സൃഷ്ടിച്ചുകഴിഞ്ഞു . ആര്യവൈശ്യ സംഘടനകളാണ് ഇതിന് പിന്നിൽ. അവർ എനിക്കെതിരെ വധഭീഷണി വരെ മുഴക്കിക്കഴിഞ്ഞു. ചരിത്രപരമായിത്തന്നെ വലിയ സമ്പത്ത് ഈ വിഭാഗം ഒളിപ്പിച്ചുവച്ചിരിക്കുന്നു എന്ന് ഞാൻ സിദ്ധാന്തിച്ചതാണ് അവരെ ചൊടിപ്പിച്ചത്.സർക്കാരിന് സംമ്മർദ്ദമുണ്ടാക്കി എന്റെ പുസ്തകം നിരോധിപ്പിക്കാൻ വേണ്ടി അതിന്റെ കോപ്പികൾ ആന്ധ്രയിലും തെലങ്കാനയിലും ഉടനീളം ചുട്ടെരിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ എന്റെ Social Smuggling എന്ന ആശയം ഒന്നുകൂടി വിശദീകരിക്കപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു.

എഡി അഞ്ചാം നൂറ്റാണ്ടിൽ , ഗുപ്തകാലഘട്ടത്തിനു ശേഷം തുടങ്ങിയ ഈ ഒളിച്ചുകടത്തൽ പ്രക്രിയ ഇന്നും അവസാനിച്ചിട്ടില്ല. പൂർണ്ണമായും ജാതി നിയന്ത്രിതമായ ക്ഷേത്ര പരിസരത്തെ ആചാര സമ്പദ് വ്യവസ്ഥ അടക്കമുള്ള വ്യാപാരങ്ങളെല്ലാം ബനിയാകളുടെ നിയന്ത്രണത്തിൽ ആയിരുന്നു. ബ്രിട്ടീഷ് കൊളോണിയലിസം പോലും അതിനെ തൊടാൻ മടിച്ചു. ക്ഷേത്ര ഭണ്ടാരങ്ങളിൽ വലിയതോതിൽ സ്വർണ്ണവും സമ്പത്തും ഒളിപ്പിക്കപ്പെട്ടു . വിപണിയിലേക്കുള്ള ആ സമ്പത്തിന്റെ പുനഃപ്രവേശം തടയപ്പെട്ടിരുന്നു. യഥാർത്ഥ ഉദ്പാദകരായ ജനങ്ങളെ എല്ലാ അർത്ഥത്തിലും ചൂഷണം ചെയ്തുതന്നെയാണ് ഈ സമ്പത്തെല്ലാം സ്വരുക്കൂട്ടിയത് . തൊഴിൽ ചൂഷണമായിരുന്നു പ്രധാനം. എന്നാൽ വിപണിയിലേക്കും സമൂഹത്തിലേക്കുമുള്ള സമ്പത്തിന്റെ പുനഃപ്രവേശം തടയപ്പെട്ടത് ‘ചൂഷണം’ എന്ന വാക്കിനാൽ മാത്രം നിർവചിക്കുക അസാധ്യമാണ്.

കുമിഞ്ഞുകൂടിയ സമ്പത്തിനെ സമൂഹത്തിൽനിന്നും വേർതിരിച്ചുനിർത്തിയ ജാതി അതിർവരമ്പുകൾ ചൂഷണത്തിന്റെ ഉപാധിയാകുന്നത് ഇന്ത്യയുടെ പ്രത്യേകതയാണ്. അത് വ്യാപാരികൾ അവർക്കും പുരോഹിത വർഗ്ഗത്തിനും മാത്രം സുഖസൗകര്യങ്ങൾ നേടാനുള്ള ഉപാധിയാക്കി. സമ്പത്തിന്റെ ബാക്കി ഭൂഗര്ഭത്തിലും ഭൂമിക്കുമുകളിലും ക്ഷേത്രഭണ്ടാരങ്ങളിലും ഒളിപ്പിക്കപ്പെട്ടു. ഈ പണം ഒരിക്കലും കൃഷിയോ വ്യവസായമോ വികസിപ്പിക്കുന്നതിനാവശ്യമായ മൂലധന നിക്ഷേപമായി മുകളിലേക്കുവന്നില്ല , വിപണിയിൽ എത്തിയില്ല. ഈ പ്രക്രിയയെ മൊത്തത്തിൽ വിശേഷിപ്പിക്കേണ്ടത് ‘സാമൂഹ്യ ഒളിച്ചുകടത്തൽ / കള്ളക്കടത്ത് , എന്നാണ് . ഇപ്പോഴും ഇത് പല രൂപത്തിൽ തുടരുന്നുണ്ട് ഇന്ത്യൻ സമൂഹത്തിൽ “

ഈ എഴുത്ത് ജാതിവ്യവസ്ഥയെ വെല്ലുവിളിക്കുന്നു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ സംഘപരിവാറിന്റെ ഹിറ്റ് ലിസ്റ്റിൽ എഴുത്തുകാരനെ ഉൾപ്പെടുത്തിയതിൽ അതിശയമില്ല . ഇത് മുഖംമൂടി നീക്കിയ ഫാസിസത്തിന്റെ കടപ്പല്ലിൽ നിന്നിറ്റുവീഴുന്ന രക്തം മറകൂടാതെ നമുക്ക് കാണിച്ചുതരികയാണ്. നിശബ്ദത ഇനിയുള്ള കാലത്ത് കുറ്റകരമാണ് എന്നതിന്റെ സൂചനയും.

Leave a Reply

Your email address will not be published. Required fields are marked *