By സോജൻ സാം

പത്തനംതിട്ട:സ്വവർഗ  അനുരാഗം പ്രമേയമായ കവിത ശ്രദ്ധിക്കപ്പെടുന്നു .

രാഗേഷ് ആർ ദാസിന്റെ ചില്ലോടു എന്ന കവിത സമഹാരത്തിലെ കവിതയാണു ശ്രദ്ധേയമാകുന്നത്‌..

കവിത – എൽ .ജി .ബി .ടി

—————————–

രാത്രികളെ പകലുകളെന്നു വിളിക്കുന്ന

ഒരു കടൽത്തീര നഗരത്തിൽ

വെളിച്ചം നിറഞ്ഞൊഴുകിയ

കാസിനോയിലെ ചൂതുകളത്തിൽ വെച്ച്

ചതി എന്ന ഒരൊറ്റ പേരിട്ട്മാത്രം വിളിക്കാവുന്ന

കള്ളച്ചൂതിൽ തോറ്റു

തലതാഴ്ത്തി ഇരിക്കുമ്പോൾ

ഒരു പിങ്ക് വോഡ്‌കയുടെ

പകുതി ഗ്ലാസുമായി

നീയെന്റെ സൗഹൃദം ചോദിക്കുന്നു

വിശപ്പെരിച്ചു തീരാറായ

കുടിലിലേക്ക്

ഒരൊറ്റ വലിക്ക് കുടിച്ച വോഡ്‌ക

ഒരു സ്പിരിറ്റ് ഫ്‌ളൈo  പോലെ

ഇറച്ചി വേവിച്ചു കടന്നു പോകുമ്പോൾ

കൈവിരലുകൾ കോർത്ത് പിടിച്ചു

നീ തെരുവിലേക്കിറങ്ങുന്നു .

കടൽത്തീരത്ത്

വഴികച്ചവടക്കാരിൽ നിന്ന് വാങ്ങിയ

ഒരു വിലകുറഞ്ഞ സാൻവിച്ച്  എനിക്ക് നീട്ടി

നീ ചിരിക്കുന്നു

അഴുക്കുചാലുകളുടെ മണമുള്ള

ഗല്ലികൾക്കിടയിലൂടെ നീ

എന്നെ സ്വീകരിക്കുന്നു

ഷട്ടർ മുറികൾക്ക് മുകളിലെ നിലയിൽ

തീരെ ചെറിയ മുറിയിൽ

നീ എന്നെ

അല്ല

ഞാൻ നിന്നെ

അതുമല്ല ,

നമ്മൾ നമ്മളെ തിരഞ്ഞു പോകുന്നു

അതിരാവിലെ

ഒരേ ബ്രഷ് കൊണ്ട് പല്ലുതേച്ച്

ഒരേ ടു സൈഡ് ഷേവിങ്ങ് സെറ്റ് കൊണ്ട്

താടി വടിച്ച്

പരസ്പരം

മീശ പിരിച്ചു വെച്ച്

നമ്മൾ പിരിഞ്ഞിറങ്ങുന്നു

അമീർ ,

ഒരു പിങ്ക് വോഡ്‌ക പോലെ നിന്റെ ചുംബനം

എന്നെ പൊള്ളിക്കുന്നു .

 

രാഗേഷ് ആർ ദാസിന്റെ കവിതകളിലൂടെ യാത്ര ചെയ്യുമ്പോൾ അതിൽ ഒട്ടുമിക്കതും വായനക്കാരന് ഇഷ്ട്ടപ്പെടുന്നു എന്ന് തന്നെ ആണ് ഈ കവിത സമഹാരത്തിന്റെ പ്രത്യകത .

പ്രണയവും വിരഹവും യാത്രയും ദുഖങ്ങളും വിശപ്പും ഒക്കെ പ്രമേയം ആകുമ്പോഴും എൽ .ജി .ബി .ടി പോലെ ഉള്ള കവിതകൾ പ്രമേയം ആകുന്നതു  ചില്ലോടിന്റെ പ്രത്യകത ആണ് .

ചില ഓർമ്മപ്പെടുത്താലും അടയാളങ്ങളും കവിതകളിൽ നൽകുമ്പോൾ തന്നെ അമ്മയില്ലാത്ത ദിവസം എന്ന കവിതയിലെ അനാഥമായ അടുക്കളകൾ അമ്മയെ തേടുന്നത് പോലെ കവിയും കവിതകളിൽ എന്തിനൊക്കെയോ വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് .

വാതിൽ തുറന്നു കള്ളനെ പോലെ പതുങ്ങി വരുന്ന ജാരന്റെ പ്രണയം വായിച്ചവർ അയാളെ ഒരു നല്ല കാമുകനായി  കാണുന്നത് പോലെ മനോഹരമായി ആണ് ഓരോ കവിതളിലെയും  വാക്കുകളും .

വിലങ്ങുകളായ അതിരുകൾ തകർക്കുവാനുള്ള ആഹ്യാനം നല്കുന്നതിനോടൊപ്പം അനുഭവങ്ങളിൽ നിന്ന് ഉപദേശങ്ങൾ നൽകാനും എഴുത്തുകാരൻ മറക്കുന്നില്ല .

കവിതകൾക്ക് കിട്ടുന്ന പൂച്ചെണ്ടുകളും ചാട്ടയടികളും വായനക്കാരന് കൂടി അവകാശപ്പെട്ടത് ആണ് എന്ന് കവി സമർഥിക്കുകയാണ് .

“എഴുതിയതോ അതിലേറെയോ

വരികൾക്കിടയിൽ വായിച്ചു

സ്വയം വ്യാഖ്യനിച്ചു

കവി എന്ന മുൾക്കിരീടം തന്നത് നിങ്ങളാണ്

ഞാൻ ‘അമ്മ എന്ന് എഴുതിയപ്പോൾ ഭൂമി എന്നും

അച്ഛനെന്നു എഴുതിയപ്പോൾ സൂര്യൻ എന്നും

ചുവപ്പെന്നു എഴുതിയപ്പോൾ ചോര എന്നും

കറുപ്പെന്നു എഴുതിയപ്പോൾ രാത്രി എന്നും

വെളുപ്പെന്നെഴുതിയപ്പോൾ മഞ്ഞെന്നും

വായിച്ചെടുത്ത് നീയാണ്

വീട്ടിലെ കരിമ്പൂച്ച ഭീകരവാദിയായതും

കുത്താനോടിച്ച തേനീച്ച പട്ടാളക്കാരൻ ആയതും

ഞെരിച്ചുകൊന്ന ഉറുമ്പ് രക്തസാക്ഷി ആയതും

കറന്റടിച്ചു മരിച്ച കാക്ക പർദ്ദ ധരിച്ച

പെൺകുട്ടി ആയതും

മാങ്ങ പറിക്കാനുയർത്തിയ കൈ ഉരുക്കു മുഷ്ടി ആയതും

ബുദ്ധിമാനായ നിന്റെ തലച്ചോറിൽ ആണ് .

പൂവെന്നെഴുതിയപ്പോൾ പെണ്ണെന്നും

വണ്ടെന്നെഴുതിയപ്പോൾ ആണെന്നും

തീവണ്ടിയെന്നു എഴുതിയപ്പോൾ ലിംഗം എന്നും

പൂമ്പാറ്റ എന്ന് എഴുതിയപ്പോൾ യോനിയെന്നും

പകർത്തി എഴുതിയതും പരിഭാഷപ്പെടുത്തിയതും

തെറ്റിദ്ധരിച്ചതും നിങ്ങൾ തന്നെയല്ലേ ?

അതുകൊണ്ടു തന്നെ കവിതക്കൊപ്പം

എനിക്ക് കിട്ടുന്ന പൂച്ചെണ്ടുകളും

ചാട്ടയടികളും കൂടി നിങ്ങൾക്കുള്ളതാണ് ”

കവിത സോഷ്യൽ മീഡിയകളിൽ ചർച്ചചെയ്യപെടുന്നുണ്ട്‌.

Leave a Reply

Your email address will not be published. Required fields are marked *