കുറ്റകൃത്യങ്ങളിലെ ഇരവാദം

By ബിന്ധ്യ പുഷ്പ

തിരുവനന്തപുരം:അഞ്ചു രൂപ മഞ്ച് ടീം എന്നൊക്കെ സോഷ്യൽ മീഡിയയിൽ കാണാൻ തുടങ്ങിയപ്പോൾ ആദ്യം അതൊരു കൗതുകമായിരുന്നു. പക്ഷെ പിന്നാമ്പുറത്തെ ആശയസംവാദങ്ങളെയും അഭിപ്രായപ്രകടനങ്ങളെയും കുറിച്ചറിഞ്ഞപ്പോൾ അതൊരു കൗതുകത്തേക്കാൾ ഉപരി അപകടമേഖലയിലേക്കുള്ള ഒരുകൂട്ടം മനസ്സുകളുടെ തിരിവാണെന്നു മനസിലായി.

യാഥാസ്ഥിതിക സമൂഹത്തിൽ പുരോഗമന ചിന്തകളും നിർബന്ധിതനിയന്ത്രണങ്ങൾ ഇല്ലാതെയുള്ള ബന്ധങ്ങളും സൗഹൃദങ്ങളും മറ്റും വളരെ പോസിറ്റീവ് ആയ കാര്യങ്ങളാണെന്നിരിക്കെ, കുറ്റകൃത്യങ്ങളെ ലഘൂകരിക്കും വിധം പുരോഗമന ചിന്തകളുടെ ലേബൽ ചാർത്തി വളച്ചൊടിക്കുന്നു എന്നത് ദൗർഭാഗ്യകരം ആണ്. അതിലും കഷ്ടം, കുറ്റവാസനയും അതിന്റെ ന്യായീകരണവും വളരെ സ്വാഭാവികമാണെന്നുള്ള ഒരു ബോധത്തിലേക്ക് അയഞ്ഞുവീഴുന്നു എന്നതാണ്.

ഒരു പീഡോഫിലിസ്റ്റിന്റെ ലൈംഗിക ചായ്‌വ് പത്തു വയസുള്ള കുട്ടിയിലേക്ക് ആണ് എന്നത് മാനസിക വൈകല്യമോ ലൈംഗിക വൈകൃതമോ ഒക്കെയായി കണക്കാക്കിയാലും, താനൊരു ഇരയാണെന്നു പോലും തിരിച്ചറിയാനുള്ള വിവേചനശേഷിക്ക്  പ്രായമാകാത്ത പത്തുവയസ്സുകാരിക്ക് വേണ്ടി സംസാരിക്കേണ്ടത് സമൂഹത്തിന്റെ കർത്തവ്യമായിരിക്കുന്നു. മനുഷ്യനെ മൃഗമെന്ന ഗണത്തിൽ കൂട്ടിയാൽ തീർച്ചയായും ഫർഹാദിന്റെ സെക്ഷ്വൽ ഓറിയന്റേഷൻ വളരെ സ്വാഭാവികമാണ്. പക്ഷെ മനുഷ്യാവകാശവും ശിശുസുരക്ഷയും കൈമോശം വന്നുകൂടാൻ പാടില്ലാത്ത ഒരു civilised  സമൂഹത്തിലെ അംഗമെന്ന നിലയിൽ ഫർഹാദ് തെറ്റുകാരനാണ്. ഫർഹാദിന്റെ സ്വാഭാവികമായ ചിന്തകൾ പ്രാവർത്തികമാക്കുന്നവരാണ് കിട്ടിയ തക്കങ്ങളിൽ തങ്ങളുടെ ലൈംഗികശേഷി കൊണ്ട് ഇരകളെ സൃഷ്ടിക്കുന്നത്. ഫർഹാദിന്റെയും അയാൾക്ക് ഉമ്മകളും ഇഷ്ടവും വാരിക്കോരി കൊടുക്കുന്നവരുടെയും സാമൂഹിക പ്രതിബദ്ധത അവിടെ തകർന്നു വീഴുകയാണ്. സ്വന്തം സുഖങ്ങളിലേക്കും കാമനാപൂർത്തീകരണത്തിനും മാത്രമായി സമൂഹത്തിൽ ആരെങ്കിലും ജീവിക്കുന്നുണ്ടെങ്കിൽ അവരെ തിരുത്തലിന് വേണ്ടി വിമർശിക്കുകയും, പത്തുവയസ്സുകാരിയുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമെന്ന കുറ്റത്തിന് നിയമം മൂലം  ശിക്ഷിക്കുകയും വേണം. പ്രായപൂർത്തിയായ, പുരോഗമന ചിന്തകളെ കൂട്ടുപിടിക്കുന്നവരാണ് ഫർഹാദും ഇഷ്ടക്കാരും എന്നത് കുറ്റത്തിന്റെ intensity വർധിപ്പിക്കുന്നു.

ഇക്കാര്യത്തിൽ പുരോഗമനപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരും മതത്തിന്റെ കെട്ടുപാടുകളിൽ ജീവിക്കുന്നവരും പ്രതികരിച്ചത് ഫർഹാദിനു എതിരായിട്ടായിരുന്നു. പക്ഷെ ആൾക്കൂട്ടത്തിനിടയിൽ ശ്രദ്ധിക്കപ്പെടാനോ, അതല്ലായെങ്കിൽ രാഷ്ട്രീയപരമായ മതപരമായ ഒരു സംഭവമായി ഇതിനെ മാറ്റി കലക്കവെള്ളത്തിൽ മീൻ പിടിക്കാനോ ശ്രമിക്കുന്നവർ ഒന്നുരണ്ടിടത്തു കാണപ്പെടുകയുണ്ടായി.

INYC പ്രവർത്തകനായ അനൂപ് തന്റെ ഫേസ്ബുക് പോസ്റ്റിൽ ഫർഹാദിനു വളരെ വിദഗ്ദമായി പോലീസിനാൽ വേട്ടയാടപ്പെടുന്ന ഇരയുടെ ലേബലിൽ, അതും വെറും ഇരയല്ല, മുസ്ലിം സമുദായത്തിലെ ഇരയെന്ന ലേബലിൽ അവതരിപ്പിച്ചിരിക്കുന്നത് ചർച്ചാവിഷയമായിരിക്കുകയാണ്. അനൂപിന്റെ രാഷ്ട്രീയമാണ് ഇതിന്റെ പ്രേരക ഘടകമെങ്കിൽ അനൂപിനെ ഉൾക്കൊള്ളുന്ന രാഷ്ട്രീയപ്രസ്ഥാനത്തിനു അനൂപിനെ തള്ളാനോ കൊള്ളാനോ ഉള്ള ബാധ്യതയുണ്ട്.

കുടുംബാംഗങ്ങളെ ചോദ്യം ചെയുന്ന പോലീസ് നയത്തെ കാടത്തമെന്നു കരുതുന്ന ഫർഹാദ് സപ്പോർട്ടേഴ്‌സ്, ഫർഹാദുമാരാൽ ജനിക്കപ്പെടാൻ സാധ്യതയുള്ള കുരുന്നു ഇരകളെ കുറിച്ച് ആകുലപ്പെടാൻ ഓർമിക്കുമോ ?

അവനവന്റെ ചിന്തകളും വിശ്വാസങ്ങളും അന്യന്റെ സ്വാതന്ത്രത്തിനും അവകാശത്തിനും മേൽ കടന്നു ചെല്ലുന്നതു സ്വാഭാവികമായി കരുതുന്നതു ഫാസിസത്തിന്റെ മറ്റൊരു രൂപമാണ്.

മറച്ചുസൂക്ഷിച്ചിരുന്ന ക്രിമിനൽ ചിന്താഗതി ഒരിക്കൽ പുറത്തുവരുമ്പോൾ ദൃശ്യമാകുന്നത് ഒരു പൊട്ടൻഷ്യൽ ക്രിമിനലിനെയാണ്. അത്തരം ക്രിമിനൽ ചിന്താഗതിക്കാരെ എതിർത്തില്ലെങ്കിലും പിന്തുണയ്ക്കാതിരിക്കാനുള്ള സാമാന്യബോധമെങ്കിലും “അമാനവ” മനസ്സുകൾ കാണിക്കണം.

വിഭിന്നലിംഗക്കാരെയും പാർശ്വവത്കരിക്കപ്പെട്ടവരെയും സമൂഹത്തിലേക്ക് ചേർത്തുനിർത്തുന്നത് പുരോഗമനമെന്നും, അന്യന്റെ അവകാശത്തെ കൂസാതെ സ്വന്തം കാര്യം നടത്തൽ ന്യായീകരിക്കാനാകാത്ത കടന്നാക്രമണവും ആണെന്ന് ഓർക്കേണ്ടതുണ്ട്.

ഇവ രണ്ടും വേർതിരിച്ചു കാണാൻ കഴിവുണ്ടാകാത്ത വിധത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ, തീർച്ചയായും അത്തരക്കാർ സമൂഹത്തിനു ബാധ്യതയാണ്.  അതിൽ ഏതെങ്കിലും തരത്തിലെ ഇരവാദം അലിയിച്ചു ചേർക്കാൻ നോക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *