അടൂർ:എസ്‌.എഫ്‌.ഐ അടൂർ ഏരിയാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ ആരംഭിച്ച ‘പാഥേയം’പദ്ധതി ചരിത്രമാകുന്നു.അനാഥർക്കും തെരുവോരങ്ങളിൽ അലയുന്നവർക്കുമായി ഒരു നേരത്തെ ആഹാരം നൽകുക എന്ന ആശയം ഇവർ ഏറ്റെടുത്ത്‌ അവതരിപ്പിച്ചപ്പോൾ പദ്ധതി അടൂരിലെ വിദ്യാർത്ഥി സമൂഹം ഒന്നടങ്കം ഏറ്റെടുത്തു.എല്ലാ ബുധനാഴ്ച്ചകളിലുമാണു എസ്‌.എഫ്‌.ഐ നേതൃത്ത്വത്തിൽ പാഥേയം എന്ന പേരിൽ തെരുവിൽ കഴിയുന്നവർക്കായി അന്നദാന പദ്ധതി ഏറ്റെടുത്ത്‌ നടത്തി പോരുന്നത്‌.

നിലവിൽ ഈ പദ്ധതി ആരംഭിച്ചിട്ട്‌ 48 ആഴ്ചകൾ പിന്നിട്ടു.ബുധനാഴ്ച ദിവസങ്ങളിൽ ഇപ്പോൾ നാനൂറിലധികം ഉച്ചഭക്ഷണ പൊതികൾ വിതരണം ചെയ്യുന്നുണ്ട്‌.അടൂർ നഗരത്തിൽ അലയുന്ന അനാഥർ,അടൂർ താലൂക്ക്‌ ആശുപത്രിയിലെ നിർദ്ധനരായ രോഗികൾ എന്നിവർക്കാണു കൂട്ടായ്മ ഒരു നേരത്തെ ആഹാരമൊരുക്കുന്നത്‌.അടൂർ ചേന്നപള്ളിയിൽ പ്രവർത്തിക്കുന്ന മഹാത്മാ ജനസേവന കേന്ദ്രത്തിലും ബുധനാഴ്ചകളിൽ എസ്‌.എഫ്‌.ഐ നേതൃത്ത്വത്തിൽ 150 ൽ പരം പൊതി ചോർ വിതരണം ചെയ്യുന്നുണ്ട്‌.

വിവിധ യൂണിറ്റ്‌ കമ്മറ്റികളാണു ഓരോ ആഴ്ചകളിലും പൊതിച്ചോർ ശേഖരിക്കുന്ന ചുമതല ഏറ്റെടുക്കുന്നത്‌.അവധി ദിവസങ്ങൾ ആണെങ്കിൽ എസ്‌.എഫ്‌.ഐ ലോക്കൽ കമ്മറ്റികൾ ഈ ചുമതല ഏറ്റെടുക്കും.ആദർശ്ശ്‌ യശോധരൻ സെക്രട്ടറിയും അഫ്സൽ പ്രസിഡന്റുമായുള്ള കമ്മറ്റിയാണു നിലവിൽ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌.മുൻ ഭാരവാഹികളായ ജിനു,സന്തു എന്നിവരും മറ്റ്‌ പ്രവർത്തകരും ഇവർക്കൊപ്പം പാഥേയം പദ്ധതിയിൽ സജീവമായി ഇടപെടുന്നുണ്ട്‌.

സി.പി.ഐ എം അടൂർ ഏരിയാ കമ്മറ്റിയുടെ ഭാഗത്ത്‌ നിന്നുള്ള പിന്തുണയും വിദ്യാർത്ഥികളുടെ അകമഴിഞ്ഞ സഹായവുമാണു ഈ പദ്ധതിയുടെ വിജയത്തിന്റെ പിന്നിലെന്ന് ഭാരവാഹികൾ പറയുന്നു.സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു,അടൂർ ഏരിയാ സെക്രട്ടറി പി.ബി.ഹർഷകുമാർ എന്നിവർ ചേർന്നാണു നാലാം ഓണദിവസത്തെ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്‌.

ഈ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ആലോചനയിലാണു പ്രവർത്തകർ.കേരളത്തിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിനും മാതൃകയാക്കാവുന്ന പ്രവർത്തനം ഏറ്റെടുത്തു നടപ്പിലാക്കുന്ന ഈ കൂട്ടായ്മയ്ക്ക്‌ എല്ലാവിധ ആശംസകളും നേരുന്നു.

പാഥേയം പദ്ധതിയുടെ ഭാഗമായി അവിട്ടം ദിനത്തിൽ അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിൽ എസ്‌.എഫ്‌.ഐ അടൂർ ഏരിയാ കമ്മറ്റി ഒരുക്കിയ ഓണസദ്യ സി.പി.ഐ.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,ഏരിയാ സെക്രട്ടറി പി ബി ഹർഷകുമാർ എന്നിവർ ചേർന്ന് ആഹാരം വിളമ്പികൊണ്ട്‌ ഉദ്ഘാടനം ചെയ്യുന്നു.

പാഥേയത്തിന്റെ അണിയറ പ്രവർത്തകർ

Leave a Reply

Your email address will not be published. Required fields are marked *