തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ സെക്രട്ടറി വി.എസ്‌ ജയകുമാറിനെതിരായ വിജിലൻസ്‌ അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ അന്വേഷണവിധേയമായി ഇദ്ദേഹത്തെ സസ്പെൻഡ്‌ ചെയ്യണം എന്ന് ബോർഡ്‌ അംഗമായ കെ രാഘവൻ ആവശ്യപെട്ടു.ഇത്‌ സംബന്ധിച്ച്‌ ഇടത്‌ അംഗമായ ശ്രീ.കെ രാഘവൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ പ്രയാർ ഗോപാല കൃഷ്ണനു കത്ത്‌ കൈമാറിയിട്ടുണ്ട്‌.

ശബരിമലയിൽ വിവിധ ആവശ്യങ്ങൾക്കായി പാത്രങ്ങൾ വാങ്ങിയ ഇടപാടിൽ ലക്ഷങ്ങളുടെ ക്രമക്കേട്‌ നടന്നിട്ടുണ്ട്‌ എന്ന് മുൻപ്‌ വിജിലൻസ്‌ നടത്തിയ ക്വിക്ക്‌ വേരിഫിക്കേഷനിൽ വ്യക്തമായിരുന്നു.ഇതിനെ തുടർന്ന് ബോർഡിന്റെ തീരുമാനപ്രകാരം അവധിയിൽ പ്രവേശിക്കാൻ മുൻ സെക്രട്ടറിക്ക്‌ നിർദ്ദേശം നൽകിയിരുന്നു.2016 ലെ മണ്ഡല മഹോൽസവ കാലത്തെ കുത്തക ലേലം സംബന്ധിച്ചും ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

മുൻ ദേവസ്വം വകുപ്പ്‌ മന്ത്രിയും കോൺഗ്രസ്സ്‌ നേതാവുമായ വി.എസ്‌ ശിവകുമാറിന്റെ സഹോദരനാണു വി.എസ്‌ ജയകുമാർ.നിലവിൽ പഴയ യു.ഡി.എഫ്‌ മന്ത്രിസഭ നാമനിർദ്ദേശം ചെയ്ത രണ്ട്‌ അംഗങ്ങളും ഇടത്‌ നോമിനിയായ കെ.രാഘവനും ഉൾപെടുന്നതാണു ഭരണസമിതി.മുൻപ്‌ ഈ ആരോപണങ്ങൾ ഉയർന്ന് വന്നപ്പോൾ പ്രസിഡന്റ്‌ പ്രയാർ ഗോപാലകൃഷ്ണനും മറ്റൊരംഗമായ അജയ്‌ തറയിലും സെക്രട്ടറിയെ സംരക്ഷിക്കുന്ന നിലപാടാണു സ്വീകരിച്ചിരുന്നതെന്നും ആക്ഷേപമുണ്ട്‌.ബോർഡിൽ ഈ വിഷയങ്ങൾ സംബന്ധിച്ച്‌ ഭിന്നത രൂക്ഷമാവുകയും അവസാനം മറ്റ്‌ രണ്ട്‌ പേരും പരാതി ഉന്നയിച്ച കെ രാഘവനു താലപര്യമുള്ള അന്വേഷണ ഏജൻസികളെ ഉപയോഗിച്ച്‌ അന്വേഷിക്കാമെന്ന നിർദ്ദേശം മുന്നോട്ട്‌ വച്ച്‌ വിഷയം പരിഹരിക്കുകയുമായിരുന്നു.

ആരോപണത്തിൽ വാസ്തവമുണ്ടെന്ന് ബോധ്യമായ സ്ഥിതിക്ക്‌ വി.എസ്‌ ജയകുമാറിനെ സസ്പെൻഡ്‌ ചെയ്ത്‌ മാറ്റി നിർത്തി അന്വേഷിക്കണമെന്നാണു ഇടത്‌ അംഗം കെ.രാഘവന്റെ നിലപാട്‌.

 

Leave a Reply

Your email address will not be published. Required fields are marked *